2013, ഏപ്രിൽ 19, വെള്ളിയാഴ്‌ച

രണ്ടു തീവണ്ടിക്കഥകള്‍


ത്രയോദശി

പോത്തന്നൂര്‍, കോയമ്പത്തൂരിന് അടുത്തുള്ള ഒരു സ്ഥലമാണ്. ചെന്നൈയില്‍ നിന്നും മംഗലാപുരത്തേക്ക് പോകുന്ന രണ്ടു തീവണ്ടികള്‍ കോയമ്പത്തൂര്‍ നിലയം കാണാറില്ല. അത് പോത്തന്നൂര്‍ വഴിയാണ് പോകാറുള്ളത്. അതാണ്‌ ഞാന്‍ ഇന്നിവിടെ എത്താന്‍ കാരണം. പത്തുമണിയായപ്പോള്‍ തന്നെ ഞാന്‍ തീവണ്ടിനിലയത്തില്‍ എത്തി. പന്ത്രണ്ടരയ്ക്കാണ് എന്‍റെ വണ്ടിയുടെ സമയം. രണ്ടരമണിക്കൂര്‍ സമയം കളയാനുണ്ട്. കാത്തിരിപ്പ്‌ കേന്ദ്രത്തിലെ ഇരിപ്പ് മടുപ്പുളവാക്കുന്നതായിരുന്നു. കൊതുകുകടി അസഹ്യം. പങ്കയുടെ ചോട്ടിലാണ് ഇരിക്കുന്നതെങ്കിലും കൊതുകിനതൊന്നും പ്രശ്നമല്ല എന്ന ഭാവത്തില്‍ വേണ്ട രീതിയില്‍ കടിക്കുന്നുണ്ട്. കണ്ണൂരില്‍ ഇതിന്‍റെ എണ്ണം കുറവാണോ എന്ന് ഞാന്‍ ആലോചിച്ചു. അവിടെ ഇരിക്കുമ്പോള്‍ ഇത്ര അധികം കൊതുകുകളെ കണ്ടിട്ടില്ല. ചിലപ്പോ തോന്നലാവാം.

അങ്ങനെ എന്ത് ചെയ്യും എന്നറിയാതെ ഇരിക്കുമ്പോഴാണ് എതിര്‍വശത്ത് ഇരിക്കുന്ന കുടുംബത്തെ ശ്രദ്ധിച്ചത്. ഭാര്യയും ഭര്‍ത്താവും ഒരു മകളും. "അവരെവിടെ അമ്മേ" എന്നും "അവരെന്താ വരാത്തെ" എന്നും മറ്റുമുള്ള ആ കുട്ടിയുടെ ചോദ്യങ്ങളാണ് എന്‍റെ ശ്രദ്ധ ആകര്‍ഷിച്ചത്. ഒരു ആറേഴു വയസ്സ് കാണും ആ പെണ്‍കുട്ടിക്ക്. ആരെങ്കിലും അവരുടെ കൂടെ യാത്ര ചെയ്യാനുണ്ടാവും. അവര്‍ വൈകുന്നതിന്‍റെ അസ്വസ്ഥതയാവും ആ കുട്ടി കാണിച്ചത്. 

ആരാവും ആ വരാനുള്ളവര്‍? എന്തിനാ ഈ കുട്ടി ഇത്ര ആകാംഷ കാട്ടുന്നത്? ചിലപ്പോ ഇതേ പ്രായത്തിലുള്ള ഒരു കുട്ടി അവരുടെ കൂടെ വരാനുണ്ടാവും. അതായിരിക്കാം ഇങ്ങനെ ഇടയ്ക്കിടെ ചോദ്യങ്ങള്‍ ചോദിച്ചു അമ്മയെ ശല്യപ്പെടുത്തുന്നത്. എന്തായാലും ആലോചിക്കാന്‍ ഒരു വിഷയം കിട്ടിയതില്‍ ഞാന്‍ സന്തോഷിച്ചു. കുട്ടിയുടെ അച്ഛന്‍റെ സുഹൃത്തും കുടുംബവും ആവാം അത്. അല്ലെങ്കില്‍ അമ്മയുടെ. ഒരുമിച്ചൊരു അവധി ആഘോഷത്തിനു പോകുന്നതായിരിക്കാം. ഇവരെന്താ വൈകുന്നത്? ഞാനും അസ്വസ്ഥനായി. 

അങ്ങനെ കുറച്ചു നേരം ഉറങ്ങിപ്പോയെന്നു തോന്നുന്നു. കഷ്ടപ്പെട്ട് കണ്ണ് തുറന്നപ്പോള്‍ അവരെത്തിയോ എന്നാണ് ഞാന്‍ ആദ്യം നോക്കിയത്. നോക്കിയപ്പോള്‍ മുന്നില്‍ നേരത്തെ കണ്ട കുട്ടിയെപ്പോലെ ഉള്ള രണ്ടു പേരും കൂടി ഉള്ളതായി തോന്നി. ഉറക്കപ്പിച്ചായിരിക്കും എന്ന് വിചാരിച്ച് കണ്ണൊന്നു തിരുമ്മി രണ്ടു മൂന്നു പ്രാവശ്യം അടച്ചുതുറന്നു. പക്ഷെ സംഭവം അത് തന്നെ. മൂന്നുപേര്‍ തന്നെ. ഞാന്‍ വല്ലാതെ അന്ധാളിച്ചു. എന്‍റെ ഊഹങ്ങളെല്ലാം തെറ്റിയല്ലോ എന്നൊരു നിരാശ മനസ്സിലുണ്ടായിരുന്നു. പിന്നെ അത് കൗതുകത്തിനു വഴി മാറി. ഒരേപോലെ മൂന്ന് പേര്‍. ഒരേ പ്രായം. ഒരേ നിറം. ഒരേ ഉയരം. അപ്പോഴാണ്‌ കൂടെയുള്ള രണ്ടു വയസ്സായ ആള്‍ക്കാരെ ശ്രദ്ധിച്ചത്. നേരത്തെ ഉണ്ടായിരുന്ന ആളിന്‍റെ അച്ഛനും അമ്മയും ആണവര്‍. അപ്പോ മുത്തച്ഛനും മുത്തശ്ശിയും മറ്റ് രണ്ടു പേരെ എങ്ങോട്ടെങ്കിലും കൊണ്ടുപോയതായിരുന്നിരിക്കണം. എന്തായാലും ആരോ പറഞ്ഞ പോലെ ഒരേ ഞെട്ടില്‍ വിടര്‍ന്ന മൂന്നുപൂക്കളെ കണ്ട സന്തോഷം ഞാന്‍ ആസ്വദിച്ചു.

ശല്യം   

 അങ്ങനെ തീവണ്ടി വന്നു. തീവണ്ടി മുറിയില്‍ ഞാന്‍ എനിക്ക് നീക്കി വച്ച എന്‍റെ സ്ഥലത്തേക്ക് നീങ്ങി. ഒരു ഹിന്ദിക്കാരന്‍ എന്‍റെ സ്ഥലത്ത് കിടക്കുന്നുണ്ടായിരുന്നു. ഞാന്‍ പലപ്രാവശ്യം വിളിച്ചിട്ടും എഴുന്നേല്‍ക്കുന്നില്ല. എനിക്ക് നല്ല ദേഷ്യം വന്നു. സമയം പന്ത്രണ്ടര കഴിഞ്ഞത് കൊണ്ടും ഉറക്കം വല്ലാതെ അലട്ടുന്നത് കൊണ്ടും ഞാന്‍ അയാളെ വീണ്ടും വീണ്ടും വിളിച്ചു. ഹിന്ദിയില്‍ അദ്ദേഹത്തോട് അവിടുന്ന് മാറാനും അത് എന്‍റെ സ്ഥലമാണെന്നും ഞാന്‍ പറഞ്ഞു. എന്‍റെ ഹിന്ദി മനസ്സിലായോ എന്തോ? എന്തായാലും ഒരു വിധം അദ്ദേഹത്തെ താഴെ ഇറക്കി ഞാന്‍ മേലെ എത്തി. അവിടെ ഉള്ള മറ്റുള്ളവര്‍ എല്ലാം തമിഴന്മാര്‍ ആണെന്ന് തോന്നുന്നു. 

ഞാന്‍  കിടന്നു കുറച്ചു കഴിഞ്ഞപ്പോള്‍ മലയാളത്തിലും തമിഴിലും ആരൊക്കെയോ എന്തൊക്കെയോ സംസാരിക്കുന്നത് കേട്ടു. ഞാന്‍ വിചാരിച്ചു വല്ല മോഷണവും ആണോ? നോക്കിയപ്പോള്‍ എന്‍റെ എതിര്‍ വശത്തുള്ള സ്ഥലത്തേക്ക് ഒരാള്‍ കഷ്ടപ്പെട്ട് കേറാന്‍ ശ്രമിക്കുന്നതാണ്. മറ്റുള്ളവര്‍ അയാളെ താഴെ ഇറക്കാന്‍ ശ്രമിക്കുകയും. എല്ലാരും പരസ്പരം ആക്രോശിക്കുന്നുമുണ്ട്. കേറാന്‍ ശ്രമിക്കുന്ന ആള്‍ നന്നായി മദ്യപിച്ചിട്ടുണ്ടെന്നു മനസ്സിലായി. അയാള്‍ ഞാന്‍ കണ്ണൂരുകാരനാണെന്ന് ഇടയ്ക്കിടയ്ക്ക് പറയുന്നമുണ്ട്. ആ സ്ഥലം അയാളുടേതല്ലെന്നും മനസ്സിലായി.

എന്താ  കണ്ണൂരുകാര്‍ക്കെന്താ കൊമ്പുണ്ടോ? ശല്യം, കണ്ണൂരുകാരുടെ വില കളയാന്‍ എന്നാണ് ഞാന്‍ ആലോചിച്ചത്. ഞാനും കണ്ണൂരുകാരനാണെന്ന് എനിക്കവരോടൊക്കെ വിളിച്ചു പറയണം എന്ന് തോന്നി. ഈ പാതിരാത്രിക്ക് ഇയാളെന്തിനാണ് മൂക്കറ്റം കുടിച്ച് ഇതിന്‍റെ ഉള്ളിലേക്ക് കയറിയത്. ലൈഫ് എന്‍ജോയ് ചെയ്യണം എന്നൊക്കെ അയാള്‍ അവരോടു മുറി മലയാളത്തിലും മുറി ഇംഗ്ലീഷിലും മുറി തമിഴിലും ഒക്കെ പറയുന്നുണ്ട്. അല്ലെങ്കിലും ചിലര്‍ക്ക് വെള്ളടിച്ചാലും കഞ്ചാവ് വലിച്ചാലും ഇംഗ്ലീഷ് കൂടുതല്‍ വരും. തിളക്കം എന്ന പടത്തില്‍ സലിംകുമാര്‍ ഇംഗ്ലീഷ് പറയുന്നത് പോലെ. എന്‍റെ നാട്ടില്‍ ഒരാളുണ്ടായിരുന്നു. അദ്ദേഹത്തിന് കള്ള് കുടിച്ചാല്‍ പിന്നെ നല്ല ഭക്തിഗാനങ്ങളെ നാവില്‍ വരൂ.

അങ്ങനെ  അവരൊക്കെ കൂടി അയാളെ അവിടുന്ന് ഒരുവിധം ഓടിച്ചെന്ന് തോന്നുന്നു. എന്തോ അതിനു ശേഷം അയാളായിരുന്നു എന്‍റെ മനസ്സില്‍ നിറയെ . എന്തിനാവും അയാള്‍ ഈ വിഷുക്കാലത്ത് ഈ വിധം തീവണ്ടിയില്‍ കയറിയത്? അയാള്‍ കല്യാണം കഴിച്ചതായിരിക്കുമോ? അല്ലെങ്കില്‍ മറ്റു വല്ല പ്രശ്നവും കാണുമോ? അല്ലെങ്കില്‍ മറ്റുള്ളവര്‍ക്കൊരു പ്രശ്നമാവുന്നതാണോ അയാള്‍ക്കിഷ്ടം? ആര്‍ക്കറിയാം. ഇതിനൊന്നും ഉത്തരം കിട്ടാതെ തന്നെ ഞാന്‍ കണ്ണൂരില്‍ തീവണ്ടി ഇറങ്ങി. എന്‍റെ കണ്ണുകള്‍ അയാളെ തേടി. പക്ഷെ എങ്ങും കണ്ടില്ല. കണ്ണൂര്‍ എത്തിയതറിയാതെ തീവണ്ടിക്കുള്ളില്‍ എവിടെയെങ്കിലും വീണുകിടക്കുന്നുണ്ടാവുമോ? തീവണ്ടി ആരെയും കാത്തുനില്‍ക്കാതെ മംഗലാപുരം നോക്കി വീണ്ടും ചലിച്ചുതുടങ്ങി. ഞാന്‍ ഒന്നും ചെയ്യാനില്ലാതെ അതും നോക്കി നിന്നു.


---------------------------------------------ശ്രീകാന്ത്‌ മണ്ണൂര്‍
---------------------------------------------19/04/2013

2 അഭിപ്രായങ്ങൾ: