2016, ഓഗസ്റ്റ് 24, ബുധനാഴ്‌ച

പാടത്ത്‌ പണി,വരമ്പത്ത് കൂലി പ്രയോഗം ശരിയായോ?


ചില  കുറിപ്പിനുള്ള മറുപടികള്‍ ഒറ്റലേഖനമായി ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു..ഒരു സംവാദം പോലെ വാട്സാപ്പില്‍ നടന്നതാണ്..എന്‍റെ മറുപടികള്‍ മാത്രം മാറ്റമൊന്നുമില്ലാതെ പ്രസിദ്ധീകരിക്കുന്നു..അതിന്‍റെ ഒരു കുഴപ്പമുണ്ടാവും..ക്ഷമിക്കുമെന്ന് പ്രതീക്ഷിക്കുന്നു..

{പാടത്ത്‌ പണി, വരമ്പത്ത് കൂലി എന്നതിനെ ന്യായീകരിച്ച് ആരോ എവിടെയോ എഴുതിയത് എന്‍റെ സുഹൃത്ത് രജീഷ് വാട്സ്ആപ് ഗ്രൂപ്പില്‍ പോസ്റ്റി..അതിനെ എതിര്‍ത്ത്‌ ഞാന്‍ എഴിതിയ മൂന്ന്‍ പോസ്റ്റുകളാണ് ചുവടെ..}

ആദ്യത്തേത്----

രജീഷിന്..,
അത് രജീഷ് സ്വന്തമായി എഴുതിയതാണോ എന്നറിയില്ല.. എങ്കിലും ചിലത് പറയണമെന്ന് തോന്നി.. രണ്ട് രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ പോലെ ഒരേ രാജ്യത്തെ, രണ്ട് രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള കടിപിടിയെ കാണരുത്.. രണ്ട് രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ സങ്കീർണ്ണമാണ്..പ്രത്യേകിച്ചും കാശ്മീർ പോലുള്ളവ.. അവിടെ സമാധാന ചർച്ചകൾ നടത്തിയേ പറ്റൂ.. അത് കഴിഞ്ഞ ഉടനെ ഭീകരാക്രമണം നടക്കാം.. എന്തൊക്കെ പ്രകോപനമുണ്ടായാലും, പറഞ്ഞ പോലെ പട്ടാളക്കാർ മരിച്ചാലും, ഒന്നും ചെയ്യാൻ പറ്റാതെ വന്നെന്നെരിക്കും.. നയതന്ത്ര ബന്ധങ്ങൾ അങ്ങനെയാണ്.. സങ്കീർണ്ണമാണ്..കാരണം അതൊരു ലോകമഹായുദ്ധത്തിലേക്ക് നയിക്കാം.. അതൊഴിവാക്കാൻ വഴങ്ങി കൊടുക്കേണ്ടി വരും.. ലോകത്തുള്ളവരൊക്കെ സഹോദരങ്ങൾ എന്ന് പറഞ്ഞാലും, സ്വന്തം രാജ്യത്തെ, സ്വന്തം നാട്ടിലെ, അയൽക്കാരനെ കൊല്ലുന്നത് അതുപോലെയാണെന്ന് ദയവ് ചെയ്ത് പറയരുത്.. നയതന്ത്രം പോലെ അത്ര സങ്കീർണ്ണമല്ല, ഇത്.. രാജ്യങ്ങളുടെ യുദ്ധം പോലെയല്ല രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെ പേരിൽ നടക്കുന്ന കൊല.. അങ്ങനെയെങ്കിൽ ജാതിയുടെ, മതത്തിന്റെ, പേരിൽ നടക്കുന്ന ദുരഭിമാനകൊലകളെ, ഇതേ കാര്യങ്ങൾ പറഞ്ഞ് ന്യായീകരിക്കാൻ തുടങ്ങിയാൽ നാട് കുട്ടിച്ചോറാകില്ലേ??താങ്കൾ എഴുതിയത് പലതും എടുത്ത് അങ്ങനെയുളള ചെയ്തികളെ അവർക്കും ന്യായീകരിക്കാവുന്നതേ ഉള്ളൂ.. ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥിതിയെ (എന്തൊക്കെ കുറവുകളുണ്ടെങ്കിലും) പോലും വെല്ലുവിളിച്ച് ഷുക്കൂറിനെ വിചാരണ ചെയ്ത് കൊന്നത് ന്യായീകരിക്കാൻ ശ്രമിക്കരുത്..പ്രതിഷേധത്തിന്‌ പോലും അനുമതിയില്ലാത്ത നാടല്ല ഇത്.. കരിങ്കൊടി കാണിക്കാതിരിക്കാൻ പാടില്ലാത്ത അത്ര മഹാനൊന്നുമല്ല ശ്രീ പി.ജയരാജൻ.. അദ്ദേഹത്തെ ഇവിടെയാരും ദൈവമെന്ന് പറഞ്ഞിട്ടുമില്ല.. ചെറ്റത്തരം പറയുകയും ചെയ്യുകയും ചെയ്താൽ ഇനിയും കരിങ്കൊടി കാണിക്കുകയും പ്രതിഷേധിക്കുകയും ചെയ്യും എന്ന്, അത് ശ്രീ പിണറായി ആയാലും, ഇതിനാൽ അറിയിച്ച് കൊള്ളുന്നു.. അതിന് കൊല്ലുകയാണോ വേണ്ടത്? പ്രത്യയശാസ്ത്രം കാലഹരണപ്പെടുമ്പോൾ കൊല്ലും കൊലയും നടത്തിയാൽ അത് തിരിച്ച് വരില്ല സാഖാവേ.. അതാദ്യം മനസ്സിലാക്കുക.. വർഗ്ഗീയതയും, വർഗ്ഗീയ പാർട്ടികളും ഇവിടെ വളരാൻ കമ്യൂണിസ്റ്റ് പാർട്ടികളാണ് ഒരു പ്രധാന കാരണം എന്നത് നിഷേധിക്കാനാവില്ല.. സഖാക്കന്മാരുടെ ധാർഷ്ട്യം, അഹങ്കാരം, ഇവ തന്നെ.. പിന്നെ പാടത്ത് പണിയും വരമ്പത്ത് കൂലിയും എല്ലാവരും പറയാനും ചെയ്യാനും തുടങ്ങിയാൽ സ്ഥിതി വല്ലാതെ വഷളാവില്ലേ? നയങ്ങളും പ്രത്യയശാസ്ത്രങ്ങളും കൊണ്ടാണ് പോരാടേണ്ടത് ,അല്ലാതെ വടിവാളും, ബോംബും, ക്വൊട്ടേഷൻ സംഘവും കൊണ്ടല്ല.. അതില്ലാത്തവർ പാടം, വരമ്പ്, കൂലി എന്നൊക്കെ പറഞ്ഞ് കൊണ്ടിരിക്കും.. അതു കൊണ്ട് രാജ്യത്തിന്റെ പ്രശ്നങ്ങളുമായി താരതമ്യപ്പെടുത്തി രാഷ്ട്രീയ കൊലപാതകങ്ങളെ മഹത്വവത്കരിക്കാൻ ശ്രമിക്കരുത്.. മാവോ പറഞ്ഞത് പോലെ " ആദ്യം സമാധാനവാദികളുടെ ഒരു വിപ്ലവം ഉണ്ടാവും, അത് കണ്ടില്ലെന്ന് നടിച്ചാൽ പിന്നെ ഉണ്ടാകുന്നത് ഭ്രാന്തന്മാരുടെ വിപ്ലവമായിരിക്കും".. ഇപ്പൊ നടക്കുന്നത് ഏതാണ്ട് രണ്ടാമത്തെ ടൈപ്പ് വിപ്ലവമാണെന്ന് തോന്നുന്നു.. [മേൽപ്പറഞ്ഞത് മുഴുവൻ എല്ലാ രാഷ്ട്രീയ കക്ഷികളേയും ഉദ്ദേശിച്ചാണ്.. കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഒരുദാഹരണമായി എടുത്തെന്ന് മാത്രം..]

രണ്ടാമത്തേത്‌-----
{പുരാണങ്ങളെ ഒക്കെ കൂട്ട് പിടിച്ച്, ചെറ്റത്തരം ചെയ്തവനെ ശിക്ഷിക്കണം എന്ന തരത്തിലുള്ള രജീഷിന്‍റെ മറുപടിക്കൊരു മറുപടി}

നിലനില്പിന് വേണ്ടിയുള്ള കൊലപാതകമാണോ രജീഷേ ഷുക്കൂറിന്റെ കൊലപാതകം? ബീഫ് ഫെസ്റ്റും മറ്റും നടത്തുന്ന സഖാക്കൾക്കറിയില്ല പ്രതിഷേധത്തിന്റെ വില?ഞങ്ങൾ ചെയ്താൽ അത് പ്രതിഷേധം.. മറ്റുള്ളവർ തങ്ങൾക്കെതിരെ ചെയ്താൽ അത് തെറ്റ്.. കൊലപാതകമാണ് അതിനുള്ള ശിക്ഷ എന്നത് പേടിപ്പെടുത്തുന്നത് തന്നെയാണ്.. പിന്നെ പുരാണങ്ങളിൽ പറയുന്ന കാലമല്ല ഇന്ന്.. ഭഗവത്ഗീതയിൽ തന്നെ കൃഷ്ണൻ പറയുന്നുണ്ട് ഉപദേശിച്ച കാര്യങ്ങളിൽ നിന്ന് നല്ലത് മാത്രം സ്വന്തം വിവേചനബുദ്ധി ഉപയോഗിച്ച് സ്വീകരിക്കാൻ.. വൈരുദ്ധ്യാത്മക ഭൗതികവാദം അടിസ്ഥാന പ്രമാണമാക്കിയ കമ്മ്യൂണിസം എന്തിനാണ് സ്വന്തം ആശയങ്ങളെ, ചെയ്തികളെ ന്യായീകരിക്കാൻ മതഗ്രന്ഥങ്ങളെ കൂട്ട് പിടിക്കുന്നത്? അത് തന്നെ ഒരു വിരോധാഭാസമല്ലേ? സ്വന്തമായി ആശയങ്ങളില്ലെങ്കിൽ അത് ആദ്യം ഉണ്ടാക്കുക.. അല്ലെങ്കിൽ ശ്രീകൃഷ്ണ ജയന്തിയൊക്കെ ആഘോഷിക്കേണ്ടി വരും.. അന്ധവിശ്വാസങ്ങൾക്കും സാമൂഹ്യ ഉന്നതിക്കും വേണ്ടി പ്രവർത്തിച്ച പാർട്ടിയുടെ ഇന്നത്തെ അവസ്ഥ പരിതാപകരമാണ്.. അതാദ്യം മാറ്റാൻ ശ്രമിക്കൂ.. മൂർച്ചയുള്ള ആയുധങ്ങളല്ല സഖാവേ തീർച്ചയുള്ള മാനസങ്ങളാണ് നമുക്ക് വേണ്ടത്.. അഹിംസകൊണ്ട് ഒരു പോരാട്ടം നയിച്ച ഗാന്ധിജിയുടെ ജീവിതമൊക്കെ മനസ്സിലാക്കാൻ താങ്കളൊക്കെ ഒരുപാട് ദൂരം പോണം.. സമയം കിട്ടുമെങ്കിൽ അദ്ദേഹത്തെയൊക്കെ ഒന്ന് മനസ്സിലാക്കാൻ ശ്രമിക്കുക.. തലകൾ കൊയ്യുന്ന വടിവാളല്ല, വാഴക്കുലയും, നെല്ലും കൊയ്യാനുള്ള അരിവാളാണ് നമുക്ക് വേണ്ടത്.. മാവോ പറഞ്ഞത് മനസ്സിരുത്തി വായിച്ച് മനസ്സിലാക്കിയാൽ തീരാവുന്ന പ്രശ്നങ്ങളേ താങ്കൾക്കുള്ളൂ.. ആശംസകൾ..

മൂന്നാമത്തേത്‌-----
{ഞാന്‍ നന്നായി എഴുതുന്നുണ്ടെന്നും, ദളിത്‌ അവഗണന, ശൂലം കൊണ്ട് ഗര്‍ഭിണിയെ കൊല്ലല്‍ തുടങ്ങിയവയെ പറ്റി എഴുതിയതിനുള്ള മറുപടി..}

അഭിനന്ദിച്ചതിന് സന്തോഷം രജീഷ്.. രജീഷ് പറഞ്ഞ പോലുള്ള ക്രൂര സംഭവങ്ങൾ കേരളത്തിൽ നടക്കുന്നില്ല, ശരിയാണ്..എങ്കിലും രാഷ്ട്രീയ കൊലപാതകങ്ങൾ ന്യയീകരിക്കേണ്ട ഒന്നല്ല.. എന്നാൽ വടകരയ്ക്കടുത്തുള്ള ദളിത് വിദ്യാർത്ഥികൾ പഠിക്കുന്ന ഒരു സ്കൂളിൽ മറ്റ് സമുദായക്കാരായവരെ മാതാപിതാക്കൾ അയക്കാത്ത ഒരു പ്രശ്നം ഉണ്ടായിരുന്നു.. അധികകാലമൊന്നുമായിട്ടില്ല.. ഒരു വർഷത്തിനുള്ളിൽ നടന്നതാണ്.. അറിഞ്ഞിരുന്നോ? കമ്മ്യൂണിസ്റ്റാശയങ്ങൾക്ക് നല്ല വേരോട്ടമുള്ള വടകരയിൽ അത് ഇക്കാലത്തും നടക്കുന്നുണ്ടെങ്കിൽ കേരളീയർക്ക് അത്ര ഒന്നും അഭിമാനിക്കാൻ വകയില്ല.. രജീഷേ.. ദളിതരുടെ പ്രശ്നം ഉത്തരേന്ത്യയിലെങ്ങോ നടക്കുന്ന എന്തോ ഒന്നല്ല.. അത് നമ്മുടെ കേരളത്തിലുമുണ്ട്.. സാമൂഹ്യ ഉന്നമനത്തിന് വേണ്ടി പ്രവർത്തിച്ചിരുന്നു എന്ന് പറയുന്ന കമ്യൂണിസ്റ്റ് സംഘടനകൾ എന്തേ ഇതൊക്കെ കാണാതെ പോകുന്നു? അതേറ്റെടുക്കാൻ അവർക്ക് ധൈര്യമില്ല.. ശ്രീകൃഷ്ണ ജയന്തിയും ബീഫ് ഫെസ്റ്റിവലും നടത്തുന്ന തിരക്കിൽ അവർ അതൊക്കെ കണ്ടില്ലെന്ന് നടിക്കുന്നു.. കൊലപാതകങ്ങൾ നടത്താതെ അത് പോലുള്ള സാമൂഹ്യ പ്രശ്നങ്ങൾ ഏറ്റെടുക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾ മുന്നോട്ട് വരട്ടെ.. ഞാനുണ്ടാവും കൂടെ..തെറ്റ് കണ്ടാൽ ഇനിയും വിമർശിക്കാനും ഉണ്ടാവും.. അതേത് കൊമ്പത്തെ ആളായാലും..


-------------------------------------- ശ്രീകാന്ത്‌ മണ്ണൂര്‍

 ------------------------------------- 24/08/2016