2013, സെപ്റ്റംബർ 11, ബുധനാഴ്‌ച

എന്‍റെ പ്രിയപ്പെട്ട അദ്ധ്യാപകര്‍


അദ്ധ്യാപനം - ലോകത്തിലെ ഏറ്റവും നല്ല തൊഴില്‍. ഒരുപക്ഷേ അത് വെറും തൊഴില്‍ മാത്രമല്ല, അത് സ്നേഹമാണ്,സേവനമാണ്, അങ്ങനെ പലതുമാണ്. ഞാനൊരു അദ്ധ്യാപകനാണ്. രണ്ട് നിര്‍മ്മാണവൈദഗ്ദ്ധ്യ കലാലയങ്ങളില്‍ (എഞ്ചിനീയറിംഗ് കോളേജ്) അഞ്ച് വര്‍ഷത്തിന് മേല്‍ അദ്ധ്യാപനപരിചയമുണ്ട്. ഇപ്പോള്‍ ഗവേഷണവിദ്യാര്‍ത്ഥി ആണെങ്കിലും ബന്ധം കൂടുതലും അദ്ധ്യാപനത്തോട് തന്നെ. എനിക്കറിയില്ല ഞാനൊരു നല്ല അധ്യാപകനാണോ എന്ന്? അത് പറയേണ്ടത് ഞാന്‍ പഠിപ്പിച്ച വിദ്യാര്‍ത്ഥികളാണ്. ഞാനൊരുപക്ഷേ, എന്നല്ല ഒരിക്കലും പൂര്‍ണ്ണമായും നല്ലൊരു അദ്ധ്യാപകനായിട്ടില്ല എന്ന് തന്നെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. പലപ്പോഴും എനിക്ക് ശരിയെന്ന് തോന്നിയ കാര്യങ്ങള്‍ ചെയ്തിരുന്നു. ഒരുപക്ഷേ വിദ്യാര്‍ത്ഥികള്‍ക്ക്‌ അത് ശരി എന്ന് തോന്നിയിട്ടുണ്ടാവണമെന്നില്ല. പൊതുവേ നിര്‍മ്മാണവൈദഗ്ദ്ധ്യ കലാലയങ്ങളിലെ അദ്ധ്യാപകര്‍ മന:ശാസ്ത്രം പഠിച്ചവരല്ല. അവര്‍ക്ക്‌ കൂടുതലും ബന്ധം യന്ത്രങ്ങളുമായാണ്. ചിലപ്പോള്‍ അത് കുട്ടികളെ കൈകാര്യം ചെയ്യുന്നതിലും വന്നു പെടുന്നുണ്ടാവാം. അതിലെനിക്ക് കുറ്റബോധം തോന്നിയിട്ടില്ലെങ്കിലും മറ്റൊരു രീതിയില്‍ കൈകാര്യം ചെയ്യാമായിരുന്നു എന്ന് പിന്നെ ചിന്തിക്കുമ്പോള്‍ പലപ്പോഴും തോന്നിയിട്ടുണ്ട്. അതിന് ഞാന്‍ കണ്ടെത്താറുള്ള ന്യായം ഞാനൊരു ഗുരു അല്ലെന്നുള്ളതാണ്. നിഷ്കാമകര്‍മ്മം അനുഷ്ഠിക്കുന്നവര്‍ മാത്രമേ ഗുരു എന്ന പേരിന് അനുയോജ്യരാകുന്നുള്ളൂ. അദ്ധ്യാപകര്‍ ശമ്പളം പറ്റി ജോലി ചെയ്യുന്നവരാണ്. ഗുരു മിക്കപ്പോഴും അദ്ധ്യാപകനാണ്. ഫലം കാംക്ഷിക്കാതെ പഠിപ്പിക്കുന്നവരാണവര്‍. അവര്‍ പ്രതീക്ഷിക്കുന്ന ഫലം ശിഷ്യന്‍ നല്ല മനുഷ്യനാവുക എന്നുള്ളതാകുന്നു. അദ്ധ്യാപകന്‍ എപ്പോഴും ഗുരു അല്ല. കാരണം അദ്ദേഹം ശമ്പളം ആഗ്രഹിച്ച് തന്നെയാണ് പഠിപ്പിക്കല്‍ എന്ന കര്‍മ്മം ചെയ്യുന്നത്. പക്ഷേ അദ്ദേഹം ചിലപ്പോഴൊക്കെ ഗുരസ്ഥാനം ഏറ്റെടുക്കുന്നുണ്ട്. അദ്ധ്യായനത്തില്‍ ഉള്‍പ്പെടാത്ത കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞു തരുമ്പോള്‍ അദ്ദേഹം ഒരു ഗുരുവായി രൂപാന്തരം പ്രാപിക്കുന്നു. അങ്ങനെ പലപ്പോഴും എനിക്ക് ഗുരുക്കന്മാരായി തീര്‍ന്നിട്ടുള്ള ചിലരെയാണ് ഞാനിവിടെ ഓര്‍ക്കാന്‍ ശ്രമിക്കുന്നത്.

കൂടാളി ഹൈ സ്ക്കൂള്‍ - കണ്ണൂര്‍ ജില്ലയിലെ പ്രശസ്തമായ വിദ്യാലയം. ഒരു പക്ഷേ കേരളത്തില്‍ തന്നെ, കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്കിരുത്തി കൂടുതല്‍ വിജയശതമാനം നേടുന്ന ഒരു വിദ്യാലയം. ഇവിടെ പഠിക്കാന്‍ കഴിഞ്ഞത് തന്നെ ഒരു സുകൃതമായി കരുതുന്ന ഒരുവനാണ് ഞാന്‍. എന്‍റെ ഹൃദയത്തോട് ചേര്‍ന്ന്‍ നില്‍ക്കുന്ന എന്‍റെ വിദ്യാലയം. ശ്രീ ഒഎന്‍വി പാടിയത് പോലെ നെല്ലിമരവും മറ്റും ഇല്ലെങ്കിലും ഗൃഹാതുരത്വത്തോടെ മാത്രമേ ഞാന്‍ ഈ പള്ളിക്കൂടത്തെ ഓര്‍മ്മിക്കാറുള്ളൂ. ഇവിടുത്തെ സഹപാഠികളും അദ്ധ്യാപകരും അത്രമാത്രം എന്നെ സ്വാധീനിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ അദ്ധ്യാപകദിനം വീണ്ടും അവരില്‍ പലരേയും എന്‍റെ മനസ്സിലേക്ക് കൊണ്ടെത്തിച്ചു. ആ ചിന്തകളില്‍ നിന്നാണ് ഈ കുറിപ്പ്‌.

പൊതുവേ മലയാളസാഹിത്യം എനിക്കിഷ്ടമാണ്. എന്നെ പഠിപ്പിച്ച മലയാളാദ്ധ്യാപകര്‍ക്ക് എന്നോടൊരു പ്രത്യേക സ്നേഹമുണ്ടെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരുപക്ഷേ എല്ലാരേയും പോലെ മാത്രമേ അവര്‍ എന്നേയും കണ്ടിട്ടുണ്ടാവൂ. ഞാന്‍ കൂടുതല്‍ മലയാളത്തില്‍ ശ്രദ്ധിക്കുന്നത് കൊണ്ട് അവര്‍ കൂടുതല്‍ എന്നേയും ശ്രദ്ധിക്കുന്നുണ്ടാവാം. അതില്‍ നിന്നായിരിക്കും എനിക്ക് അങ്ങനെ ഒരു തോന്നല്‍ ഉണ്ടായത്‌. എങ്കിലും മലയാള അദ്ധ്യാപകരോട് എനിക്ക് കുറച്ചധികം ഇഷ്ടക്കൂടുതലുണ്ടെന്ന്‍ തോന്നിയിട്ടുണ്ട്. ഏഴാം തരത്തില്‍ രാഘവന്‍മാഷ്‌ (ഇ പി ആര്‍ വേശാല എന്നറിയപ്പെടുന്നു), എട്ടാം തരത്തില്‍ നാരായണന്‍മാഷ്‌, ഒമ്പതില്‍ കുഞ്ഞിരാമന്‍മാഷ്‌, പത്തില്‍ പുഷ്പവല്ലി ടീച്ചര്‍. ഇതില്‍ എന്നെ കൂടുതല്‍ സ്വാധീനിച്ചത് രാഘവന്‍ മാഷും പുഷ്പവല്ലി ടീച്ചറും ആണെന്ന് തോന്നുന്നു.

അദ്ധ്യാത്മരാമായണത്തിലെ ഒരു ഭാഗം എടുക്കുമ്പോള്‍ ഒരു ദിവസം രാഘവന്‍മാഷ്‌ സുന്ദരകാണ്ഡത്തെ കുറിച്ച് പറഞ്ഞു തന്നു. എഴുത്തച്ഛന്‍റെ രാമായണത്തിലെ ഏറ്റവും വിഷമം പിടിച്ച ഭാഗം. അതിലെ പത്തു വരികള്‍ പിറ്റേന്ന് പഠിച്ചു കൊണ്ടുവരാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. പിറ്റേന്ന് അദ്ദേഹം ഇതിനെ പറ്റി ചോദിച്ചപ്പോള്‍ ഞാനൊഴികെ ആരും ആ ഭാഗം പഠിച്ചിരുന്നില്ല. അന്ന് അഭിമാനത്തോടെ "സകലശുകകുല വിമല തിലകിത കളേബരേ സാരസ്യ പീയൂഷ സാരസര്‍വ്വസ്വമേ..." എന്ന് തുടങ്ങുന്ന ആ കവിതാശകലം ഉച്ചത്തില്‍ ചൊല്ലിയ രംഗം ഇന്നും എന്‍റെ കണ്‍മുന്‍പിലുണ്ട്. അന്നാണ് എനിക്ക് മനസ്സിലായത്‌ എനിക്ക് സാഹിത്യം അത്യാവശ്യം വഴങ്ങുമെന്ന്‍. അന്നതിന്‍റെ അര്‍ത്ഥം മനസ്സിലായില്ലെങ്കിലും വിഷമം പിടിച്ച വരികള്‍ ചൊല്ലിയ എന്നെ രാഘവന്‍മാഷ്‌ അഭിനന്ദിച്ചപ്പോഴുണ്ടായ   സന്തോഷത്തിന് പകരം വെയ്ക്കാന്‍ എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ എന്നെനിക്കറിയില്ല. അതുകൊണ്ടാണല്ലോ ഇന്നും അതങ്ങനെ പച്ചപിടിച്ച് മനസ്സില്‍ ഉള്ളത്.

ധര്‍മ്മരാജ എന്ന ശ്രീ സി വി രാമന്‍പിള്ളയുടെ കൃതിയായിരുന്നു പത്താം തരത്തിലെ ഞങ്ങളുടെ ഉപപാഠപുസ്തകം. അതിലെ കടുകട്ടി വാക്യങ്ങളുടെ മലയാളവിവര്‍ത്തനം ഓരോ പുറത്തിലും താഴെ വിവരിച്ചിട്ടുണ്ടാവും. അത് ഇല്ലെങ്കില്‍ അതൊക്കെ വായിച്ച് മനസ്സിലാക്കാന്‍ പാടുപെടും. ആ പുസ്തകം ഒരു നാല്‍പ്പത്തി അഞ്ച് തവണയെങ്കിലും ഞാന്‍ വായിച്ചിട്ടുണ്ടാവും. പത്താം തരം തുടങ്ങുന്നതിനു മുന്‍പ്‌ തന്നെ ഞാന്‍ ധര്‍മ്മരാജ വായിച്ചിട്ടുണ്ടെന്ന വിവരം പുഷ്പവല്ലി ടീച്ചര്‍ എന്‍റെ അമ്മ വഴി അറിഞ്ഞിരുന്നു. ആദ്യ ദിവസം തന്നെ പുസ്തകത്തെ പറ്റി എന്നോട് അഭിപ്രായം ചോദിച്ചു. അങ്ങനെ ഒരു നിരൂപണം നടത്താനൊന്നും എനിക്കറിയില്ലായിരുന്നു. പക്ഷേ വീണ്ടും ഞാനൊരു താരമായി. ആ പള്ളിക്കൂടത്തില്‍ പത്താം തരത്തില്‍ മാത്രമേ പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരുമിച്ചുണ്ടാവൂ. അതുവരെ പ്രത്യേകം ക്ലാസിലാണ് ഇരിക്കുക.

പുഷ്പവല്ലി ടീച്ചര്‍ ആവശ്യപ്പെട്ട ഒരു കാര്യം മാത്രം എനിക്ക് സാധിച്ചു കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. അത് മലയാളത്തില്‍ ബിരുദമെടുക്കണമെന്ന ടീച്ചറുടെ അഭിപ്രായമായിരുന്നു. നിര്‍മ്മാണവൈദഗ്ദ്ധ്യത്തിന്‍റെ വഴിയിലേക്ക് വഴിമാറിയപ്പോള്‍ ഞാനാ വാഗ്ദാനം സൗകര്യപൂര്‍വ്വം മറന്നു. ഇന്നും എനിക്കതില്‍ വിഷമമുണ്ട്. പക്ഷേ അതിലേക്ക് ഒരു തിരിച്ചു പോക്ക് ഇനി സാധ്യമാണെന്ന് തോന്നുന്നില്ല. എന്‍റെ പ്രിയപ്പെട്ട അദ്ധ്യാപിക എന്‍റെ വാഗ്ദാന ലംഘനത്തിന് എനിക്ക് മാപ്പ് തരും എന്നെനിക്കറിയാം.

ഞാനിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് മേഖലയില്‍ എന്തെങ്കിലും നേടിയിട്ടുണ്ടെങ്കില്‍ അതിന് കാരണം രണ്ട് പേരാണ്. എട്ട് മുതല്‍ പത്ത് വരെ എന്നെ ഭൗതികശാസ്ത്രം പഠിപ്പിച്ച ഇന്ദിര ടീച്ചറും, പത്താം തരത്തില്‍ കണക്ക്‌ പഠിപ്പിച്ച ചന്ദ്രിക ടീച്ചറും. എന്നെ പള്ളിക്കൂടത്തില്‍ ഭൗതികശാസ്ത്രം ഇന്ദിര ടീച്ചറല്ലാതെ മറ്റാരും പഠിപ്പിച്ചിട്ടില്ല. ആ ഒരു അഭിമാനം എനിക്കെന്നുമുണ്ട്. ഒരേ ഒരു തവണ പഠിച്ചുകൊണ്ടു ചെല്ലാത്തതിന് ടീച്ചറുടെ കൈയ്യില്‍ നിന്ന് അടിയും കിട്ടിയിട്ടുണ്ട്. അത് പത്താം തരത്തില്‍ വെച്ചാണെന്ന് തോന്നുന്നു. അന്ന് പലര്‍ക്കും അടി കിട്ടി എന്നാണെന്‍റെ ഓര്‍മ്മ. ടീച്ചറുടെ ക്ലാസ്സില്‍ അങ്ങനെ ആരും പഠിക്കാതെ ചെല്ലാറില്ല. പക്ഷേ അന്ന് ഒട്ടുമിക്കപേരും പഠിക്കാതെ ആണ് ചെന്നതെന്ന് തോന്നുന്നു. കാരണം എത്ര ആലോചിച്ചിട്ടും ഓര്‍മ്മയിലേക്ക് വരുന്നില്ല.

കണക്ക്‌-ഗണിതശാസ്ത്രം-മറ്റ് പലരുടേയും പേടിസ്വപ്നം എന്നത് പോലെ എന്‍റെയും പേടി ആയിരുന്നു കണക്ക്‌. അമ്മ നല്ല രീതിയില്‍ പഠിപ്പിച്ചു തരുമെങ്കിലും അമ്മയുടെ രീതി എന്തോ എനിക്ക് അത്ര പഥ്യമല്ല. അതുകൊണ്ട് തന്നെ കണക്കില്‍ എപ്പോഴും മാര്‍ക്ക്‌ കുറവ്. പത്താം തരം വരെ ഇതായിരുന്നു സ്ഥിതി. പത്താം തരത്തില്‍ പക്ഷേ സ്ഥിഗതികള്‍ ആകെ കീഴ്മേല്‍ മറിഞ്ഞു. കാല്‍ക്കൊല്ല പരീക്ഷയ്ക്ക് എനിക്ക് എണ്‍പത് ശതമാനം മാര്‍ക്ക്‌. അമ്മയ്ക്കൊന്നും വിശ്വസിക്കാനേ കഴിഞ്ഞിട്ടില്ല. പിന്നെയുള്ള പരീക്ഷയ്ക്കും അത് കൂടി. എണ്‍പത്തിഏഴ് ശതമാനത്തില്‍ എത്തിയേ പത്താം തരം ഞാന്‍ അവസാനിപ്പിച്ചുള്ളൂ. ചിലര്‍ക്ക് അത് വലിയ സംഘ്യ ആയിരിക്കില്ല. മിക്കവാറും കഷ്ടി കരകയറുന്ന എനിക്ക് കണക്കില്‍ അത് വലിയ ഒരു സംഘ്യയാണ്. ഒരു പക്ഷേ നൂറ് ശതമാനത്തിനും മേലെ. ഈ പറഞ്ഞതൊന്നും എന്‍റെ കഴിവല്ല. ഇതിന്‍റെ മൊത്ത അവകാശം ചന്ദ്രിക ടീച്ചര്‍ക്ക്‌ മാത്രം അവകാശപ്പെട്ടതാണ്. ടീച്ചറാണ് കണക്കിനെ സ്നേഹിക്കാന്‍ എന്നെ പഠിപ്പിച്ചത്. ഇപ്പോഴും ഞാനും കണക്കും തമ്മില്‍ അത്ര സ്നേഹത്തിലൊന്നും അല്ലെങ്കിലും വെറുപ്പ് ഇല്ലാതാക്കിയത് ടീച്ചറാണ്.

രണ്ട് പേരെ കുറിച്ച് കൂടി ഓര്‍മ്മിച്ച് ഈ കുറിപ്പ്‌ അവസാനിപ്പിക്കാം എന്ന് തോന്നുന്നു. ഒരാള്‍ എട്ടില്‍ സാമൂഹ്യശാസ്ത്രവും ഒമ്പതില്‍ ഇംഗ്ലീഷും എടുത്ത അനൂപ്‌മാഷ്‌. മറ്റൊരാള്‍ എട്ടിലും പത്തിലും ജീവശാസ്ത്രമെടുത്ത നന്ദിനി ടീച്ചര്‍. എന്‍റെ സുഹൃത്ത് പ്രഫുലിന്‍റെ അമ്മ. ചരിത്രം എനിക്കിഷ്ടപ്പെട്ട സംഗതി ആയിരുന്നു. പക്ഷേ ഇംഗ്ലീഷ്, അന്നുമതെ ഇന്നുമതെ എന്നെ വല്ലാതെ ബുദ്ധിമുട്ടിക്കാറുണ്ട്. ആദ്യം ചരിത്രം പഠിപ്പിച്ചത് കൊണ്ടാവാം അദ്ദേഹത്തിന് എന്നെ കാര്യമായിരുന്നു. എന്‍റെ ഭാഗ്യക്കേടിനു അദ്ദേഹം എന്നെ ഇംഗ്ലീഷ് ആണ് ആദ്യം പടിപ്പിച്ചിരുന്നതെങ്കില്‍ - എനിക്കത് ഓര്‍ക്കാന്‍ കൂടി വയ്യ. പലപ്പോഴും തോല്‍വിയുടെ വക്കിലാണ് ഞാന്‍ ഇംഗ്ലീഷ് ജയിക്കാറുള്ളത്. ഇംഗ്ലീഷ് ഭാഷയില്‍ എന്‍റെ കഴിവില്ലായ്മ തിരിച്ചറിഞ്ഞ അദ്ദേഹം എന്നെ പലപ്പോഴും കുറ്റപ്പെടുത്താതെ അടുത്ത തവണ നോക്കാം എന്ന് പറഞ്ഞ് ആശ്വസിപ്പിക്കുമായിരുന്നു. പക്ഷേ "ചങ്കരന്‍ വീണ്ടും തെങ്ങില്‍ തന്നെ" എന്ന് പറഞ്ഞ പോലെ ഞാനും ഇംഗ്ലീഷും തമ്മിലുള്ള യുദ്ധം ഇന്നും "നൂറ്റാണ്ടുയുദ്ധം" പോലെ തുടര്‍ന്നു കൊണ്ടേ ഇരിക്കുന്നു. 

ജീവശാസ്ത്രം എനിക്കത്ര പിടിച്ച സംഗതി ഒന്നുമല്ല. പക്ഷേ നന്ദിനി ടീച്ചറുടെ ക്ലാസില്‍ പേടി കൂടാതെ ഇരിക്കാം എന്നത് മാത്രമായിരുന്നു ഒരാശ്വാസം. ടീച്ചര്‍ ഞങ്ങളെ അങ്ങനെ അടിച്ചതായോന്നും എനിക്ക് തോന്നുന്നില്ല. കണ്ണിന്‍റെയും ചെവിയുടെയുമൊക്കെ ചിത്രം വരക്കാന്‍ വലിയ പാടായിരുന്നു. അത് തന്നെ ആയിരുന്നു അതിനോടുള്ള ഒരിഷ്ടക്കുറവിന് കാരണം.

അദ്ധ്യാപകര്‍ എന്താണെന്നതാണ് അവര്‍ എന്ത് പറയുന്നു എന്നതിനേക്കാള്‍ പ്രധാനം എന്നാരോ പറഞ്ഞിട്ടുണ്ട്. അങ്ങനെ നോക്കുമ്പോള്‍ എന്‍റെ അദ്ധ്യാപകരൊക്കെ ഏറ്റവും മികച്ചവര്‍ തന്നെയാണ്. എന്നിട്ടും എനിക്ക് ഒരു മികച്ച അദ്ധ്യാപകാനാവാന്‍ കഴിഞ്ഞില്ല എന്നിടത്താണ് എന്‍റെ പരാജയം. പക്ഷേ ഇവരുടെയൊക്കെ അദ്ധ്യാപനം അനുഭവിക്കാന്‍ കഴിഞ്ഞിടത്ത് എന്‍റെ ഏറ്റവും വലിയ വിജയവും. അത് ഞാന്‍ നേടിയതല്ല, എനിക്ക് കൈവന്നതാണ്. അതിന് ഞാനാരോട് നന്ദി പറയും???

-------------------------------------------- ശ്രീകാന്ത്‌ മണ്ണൂര്‍

-------------------------------------------- 11/09/2013