2013, ഏപ്രിൽ 29, തിങ്കളാഴ്‌ച

വസ്ത്രധാരണ മാന്യത ആവശ്യമോ?

ഇക്കാലത്ത് നടക്കുന്ന മാനഭംഗങ്ങളുടെ പശ്ചാത്തലത്തില്‍ നടക്കുന്ന ചര്‍ച്ചകളുടെ ഒരു പ്രധാനവിഷയം വസ്ത്രം സ്ത്രീകളുടെ മേലുള്ള കടന്നുകയറ്റത്തിന് കാരണമാകുന്നുണ്ടോ എന്നാണ്. സ്ത്രീവിമോചന സംഘടനകള്‍ പറയുന്നത് വസ്ത്രസ്വാതന്ത്ര്യം വേണം എന്ന് തന്നെയാണ്. വേണ്ട എന്നൊരു അഭിപ്രായം പുരുഷന്മാര്‍ക്കും ഉള്ളതായി അറിവില്ല. ഈ സ്വാതന്ത്ര്യം ഏതറ്റം വരെ പോകാം എന്നതാണ് പ്രശ്നം? എന്‍റെ മൂക്കിന്‍റെ അറ്റം വരെയാണ് നിങ്ങളുടെ സ്വാതന്ത്ര്യം എന്ന് പണ്ടൊരു മഹാന്‍ പറഞ്ഞിട്ടുണ്ട്. അപ്പോ സ്വാതന്ത്ര്യത്തിനും പരിധികളുണ്ട്. അല്ലെങ്കില്‍ പരിധികള്‍ വേണം. പക്ഷേ, ഈ പരിധി ആര് നിശ്ചയിക്കും? നമ്മുടെ ഭരണഘടന വസ്ത്രധാരണത്തെപറ്റിയും പറയുന്നുണ്ട്. നാഗ്നനായി അല്ലെങ്കില്‍ നഗ്നയായി നടക്കാനുള്ള സ്വാതന്ത്ര്യം നമുക്കില്ല. സ്വന്തം നഗ്നത പ്രദര്‍ശിപ്പിക്കാന്‍ ആര്‍ക്കും അവകാശം ഇല്ല എന്ന് തന്നെ അല്ലേ അതിനര്‍ത്ഥം? ഒരു സ്വതന്ത്ര പരമാധികാര രാജ്യമായ നമ്മുടെ ഭാരതത്തില്‍ വസ്ത്രം ധരിക്കുന്നതില്‍ നിയന്ത്രണം ഇല്ലെങ്കിലും വസ്ത്രം ധരിക്കാതിരിക്കാന്‍ ആര്‍ക്കും അവകാശമില്ല. അതൊരു അവകാശ ലംഘനമായി ആരും കണ്ടിട്ടുണ്ടെന്ന് തോന്നുന്നില്ല. അതുകൊണ്ടാണല്ലോ പണ്ട് നഗ്നഓട്ടം നടത്തിയവരെ അധികമാരും ന്യായീകരിക്കാത്തത്.
ഇവിടെ മറ്റൊരു ചോദ്യവും ഉയരുന്നു. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം പ്രത്യേകം വസ്ത്രധാരണ അവകാശം ഉണ്ടോ? ഇല്ലെന്നാണ് എന്‍റെ ഉത്തരം. പക്ഷേ പുരുഷന്മാര്‍ക്ക് ഇതില്‍ കുറച്ചധികം സ്വാതന്ത്ര്യം ഉണ്ടെന്നു പറഞ്ഞാല്‍ അതു തെറ്റാണെന്ന് പറയാന്‍ പറ്റില്ല. സ്ത്രീകളുടെ വസ്ത്രങ്ങള്‍ പൊതുവേ അവര്‍ക്ക് നടക്കാനും ഓടാനും ഒന്നും അത്ര സ്വാതന്ത്ര്യം കൊടുക്കുന്നതല്ല. അതുകൊണ്ട് അവര്‍ സാരി പോലുള്ള അസൗകര്യം ഉണ്ടാക്കുന്ന വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് നവീന വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിനെ കുറ്റം പറയാന്‍ ആര്‍ക്കും പറ്റില്ലല്ലോ. സ്ത്രീകള്‍ മാത്രമല്ലല്ലോ പാരമ്പര്യം സംരക്ഷിക്കേണ്ടവര്‍. അതില്‍ പുരുഷനും തുല്യപങ്കാളിത്തം ഉണ്ടെന്നുതന്നെ പറയേണ്ടി വരും. കാരണം പുരുഷന്‍ പാരമ്പര്യ വസ്ത്രങ്ങള്‍ ഉപേക്ഷിച്ചിട്ടു കാലം കുറേ ആയി. വെള്ളമുണ്ടൊക്കെ രാംരാജിന്‍റെ പരസ്യത്തിലെ ഒരു വസ്തു മാത്രമാണിന്ന്. ഉടുക്കുന്നില്ലെന്നല്ല, പക്ഷേ പൊതുവേ കുറവാണ്. അപ്പോള്‍ സ്ത്രീകള്‍ സാരി മാത്രമേ ഉടുക്കാവൂ എന്നൊന്നും നമുക്കാര്‍ക്കും പറയാന്‍ പറ്റില്ല.

അപ്പോള്‍ വിഷയം "മാന്യത" എത്ര മാത്രം വേണം എന്നാണ്? പല സ്ത്രീകളും തീവണ്ടി പോലുള്ള പൊതു സ്ഥലത്ത് വച്ച് ലൈംഗികാവയവം പ്രദര്‍ശിപ്പിക്കുന്ന പുരുഷന്മാരെ കുറിച്ച് പറഞ്ഞിട്ടുണ്ട്. അത് അരോചകമാണെന്നും അങ്ങനെ ഉള്ളവരോട് ഒരിക്കലും ബഹുമാനവും സ്നേഹവും തോന്നില്ലെന്നും അവര്‍ പറഞ്ഞിട്ടുണ്ട്. ശരിയാണ് അതൊരിക്കലും നല്ലതല്ല. പൊതുസ്ഥലത്ത് രഹസ്യഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് കുറ്റകരമാണ്. അത് മാന്യതയും അല്ല. മാത്രമല്ല അവര്‍ മാനസികരോഗികളാണെന്ന് പല സ്ത്രീകളും പറഞ്ഞിട്ടുണ്ട്. അതെ അത് മനശാസ്ത്ര വിഷയം തന്നെയാണ്. അപ്പോള്‍ സ്വന്തം അവയവം പ്രദര്‍ശിപ്പിക്കുന്നത് ഒരു തരത്തില്‍ മാനസിക രോഗം തന്നെയാണ്. ഇവിടെയാണ്‌ എന്‍റെ സംശയം ഉണരുന്നത്. മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ സ്ത്രീകള്‍ക്കും ബാധകമാണ് അല്ലേ? പക്ഷേ ഇപ്പോള്‍ പല സ്ത്രീകളും നവീന വസ്ത്രങ്ങള്‍ എന്ന പേരില്‍ ഇറുകിയ, ശരീരത്തോട് ഒട്ടിക്കിടക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നു. അവയവങ്ങള്‍ ശരിക്കും കാണുന്ന തരത്തില്‍ തന്നെയാണ് അവര്‍ അത് ധരിക്കുന്നത്. ഇത് ഞാന്‍ പറഞ്ഞാല്‍ അവര്‍ തിരിച്ചു ചോദിക്കുമായിരിക്കും ഞങ്ങള്‍ വസ്ത്രം ധരിച്ചിട്ടുണ്ടല്ലോ എന്ന്? ശരിയാണ് അവര്‍ പേരിനൊരു വസ്ത്രം ധരിച്ചിട്ടുണ്ടെന്നേ ഉള്ളൂ. ശരീരഭാഗങ്ങള്‍ തിരിച്ചറിയാവുന്ന തരത്തിലാണെന്ന് മാത്രം. ലൈഗികാവയവം പ്രദര്‍ശിപ്പിക്കുന്നത് മാനസികരോഗം ആണെങ്കില്‍ ഈ പറഞ്ഞതും അതേ വിഭാഗത്തില്‍ തന്നെ പെടില്ലേ? അങ്ങനെയാണ് എനിക്ക് തോന്നുന്നത്. നവീനവസ്ത്രങ്ങള്‍ ധരിക്കുന്നു എന്ന പേരില്‍ അല്ലെങ്കില്‍ ഇത് സൗകര്യം ആണെന്നതിന്‍റെ പേരില്‍ ചില സ്ത്രീകളെങ്കിലും ഈ ആഭാസം കാണിക്കുന്നു എന്നതൊരു സത്യമാണ്, അല്ലേ? അടുത്തത്‌ ഷാള്‍ എന്ന ഉപവസ്ത്രം അല്ലെങ്കില്‍ ഉത്തരീയം കൊണ്ട് കാണിക്കുന്ന വേലകളാണ്. അത് ഉപയോഗിക്കുന്നത് പലതും മറയ്ക്കാനാണ്. പക്ഷേ ഇന്നത്‌ ഉപയോഗിക്കുന്നത് പലതും കാണിക്കാനാണെന്ന് പറഞ്ഞാല്‍ അതിശയോക്തി അല്ല. 

അടുത്ത വിഷയം വസ്ത്രധാരണം ബലാത്സംഗത്തിനു കാരണമാകുന്നുണ്ടോ എന്നതാണ്. അതില്‍ ശരിയായ ഒരഭിപ്രായം പറയാന്‍ ഞാനാളല്ല. എന്തെന്നാല്‍ അതില്‍ മനശാസ്ത്രവും ലൈംഗികശാസ്ത്രവും അടങ്ങിയിട്ടുണ്ട്. എങ്കിലും വായിച്ച അറിവില്‍ നിന്നൊരു കാര്യം എനിക്ക് തോന്നിയത് സ്ത്രീകളുടെ വസ്ത്രം കുറച്ചൊക്കെ പ്രശ്നമാവുന്നുണ്ടെന്നാണ്. എല്ലാ സംഭവങ്ങളിലും അല്ലെങ്കിലും. കാരണം ഒരു പിഞ്ചുകുഞ്ഞിനെ പീഡിപ്പിക്കുമ്പോള്‍ അവിടെ വസ്ത്രം ഒന്നും ചെയ്യുന്നില്ല. അത് മാനസികരോഗത്തിന്‍റെ പ്രതിഫലനമാണ്. മാനസികരോഗം എന്ന് പറഞ്ഞ് ഞാന്‍ അതിനെ ലഘൂകരിക്കുകയല്ല. പക്ഷേ അതില്‍ അതും അടങ്ങിയിട്ടുണ്ട്. പൊതുവേ പുരുഷന്മാര്‍ക്ക് സ്ത്രീദര്‍ശനം കൊണ്ട് തന്നെ ലൈംഗികവികാരം ഉണരും. പ്രത്യേകിച്ചും വിവസ്ത്രയായോ അല്ലെങ്കില്‍ അല്‍പവസ്ത്രയായോ കണ്ടാല്‍. അതൊരു സത്യമാണ്. അത്കൊണ്ടാണല്ലോ ചലച്ചിത്രങ്ങളില്‍ ഗാനരംഗങ്ങളില്‍ നായിക അല്പവസ്ത്രധാരിയായും പുരുഷന്‍ മുഖം മാത്രം കാണുന്ന തരത്തില്‍ വസ്ത്രം ധരിക്കുന്നതും. കാരണം സ്ത്രീക്ക് ലൈഗികത ഉണരുന്നത് പുരുഷന്‍റെ നഗ്നത കാണുമ്പോള്‍ അല്ല. അത് വളരെ സങ്കീര്‍ണ്ണമാണെന്നാണ് ലൈംഗിക ശാസ്ത്രജ്ഞര്‍ പറയുന്നത്. അന്തര്‍ഗ്രന്ഥിസ്രാവങ്ങള്‍, മനോനില തുടങ്ങിയവ അതില്‍ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. അതുകൊണ്ട് ശരിയായി വസ്ത്രം ധരിക്കാത്ത ഒരു സ്ത്രീയെ കാണുമ്പോള്‍ ഉടനെ ബലാത്സംഗം ചെയ്യാന്‍ പുരുഷന് അവകാശം ഉണ്ടെന്നല്ല പറഞ്ഞ് വരുന്നത്. ലൈഗികത ഉണര്‍ത്തുന്ന വസ്ത്രങ്ങള്‍, അല്ലെങ്കില്‍ വസ്ത്രധാരണ രീതി ഒഴിവാക്കുന്നതല്ലേ നല്ലത്? ഇതെന്‍റെ ഒരു ചോദ്യം മാത്രമാണ്. ചര്‍ച്ച നടക്കേണ്ട വിഷയം. 
നവീനവസ്ത്രങ്ങള്‍ മോശമാണെന്നോ അതോഴിവാക്കണമെന്നോ  ഇതിനര്‍ത്ഥമില്ല. ആ വസ്ത്രങ്ങളും ശരിയായ രീതിയില്‍ തന്നെ ധരിക്കാം എന്ന് പലര്‍ക്കും അറിയാം. അതവര്‍ ചെയ്യുന്നുമുണ്ട്. ബലാത്സംഗം എന്നത് സമൂഹത്തില്‍ നിന്ന് പറിച്ചെറിയേണ്ട, മറ്റൊരാളുടെ സ്വാതന്ത്ര്യത്തില്‍ കടന്നുകയറുന്ന ഒരു അനീതിയാണ്. ഇതില്‍ സമൂഹം ചെയ്യേണ്ടത് കുറ്റം മറ്റൊരാളില്‍ ചാരാതെ ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കുകയാണ്. പരസ്പരം പഴിചാരല്‍ ആരേയും എവിടേയും എത്തിക്കില്ല. എല്ലാവര്‍ക്കും സ്വതന്ത്രമായി, ലിംഗഭേദമില്ലാതെ പ്രവര്‍ത്തിക്കാന്‍ പറ്റുന്ന നല്ലൊരു നാളെ ഇവിടെ പുലരട്ടെ എന്നാഗ്രഹിക്കാം.

---------------------- ശ്രീകാന്ത്‌ മണ്ണൂര്‍
---------------------- 29/04/2013

2013, ഏപ്രിൽ 26, വെള്ളിയാഴ്‌ച

മലയാളത്തിനു കുറച്ചു പുതിയ വാക്കുകള്‍ - 2

 കുറച്ചു വാക്കുകള്‍ കൂടി. എത്ര മാത്രം കൃത്യത ഉണ്ടെന്നറിയില്ല. അഭിപ്രായം പറയുക.

College - കലാലയം
Institute (Verb) - നിയോഗിക്കുക എന്നര്‍ത്ഥം ഉണ്ട്
Institute (Education) - നിയോഗാലയം
Establishment - സ്ഥാപനം
Established - എല്ലാവരും അംഗീകരിച്ച
Recognized -  അംഗീകൃതം
Training Center - പരിശീലന കേന്ദ്രം
Training Institute - പരിശീലന നിയോഗാലയം
Official - ഔദ്യോഗികം
Career - തൊഴില്‍ജീവിതം
Guide - വഴികാട്ടി, മാര്‍ഗ്ഗദര്‍ശി
Guidance - വഴികാട്ടല്‍
Career Guidance - തൊഴില്‍ജീവിത വഴികാട്ടല്‍
Society - സമാജം, സമൂഹം
NSS (National Service Society) - ദേശീയ സേവന സമാജം
NSS (Nair Service Society) - നായര്‍ സേവന സമാജം
NCC (National Cadet Corps) -  ദേശീയ വിദ്യാര്‍ത്ഥി സൈന്യം
Library - ഗ്രന്ഥാലയം, പുസ്തകാലയം
Book Stall - ഗ്രന്ഥശാല, പുസ്തകശാല (വില്‍പ്പനശാല എന്ന അര്‍ത്ഥത്തില്‍)
Department - വിഭാഗം, വകുപ്പ്
Ministry - മന്ത്രാലയം
School - വിദ്യാലയം, പള്ളിക്കൂടം
Class - തരം, യോഗ്യതാസ്ഥാനം
First Class - ഒന്നാംയോഗ്യതാസ്ഥാനം
Distinction - ഉയര്‍യോഗ്യതാസ്ഥാനം
Honors - ഉപരിയോഗ്യതാസ്ഥാനം
Secondary - മധ്യമം
Higher Secondary - ഉയര്‍മധ്യമം
Upper Primary Class - ഉയര്‍പ്രാഥമികതരം
Lower Primary Class - താഴ്പ്രാഥമികതരം
Upper Primary School - ഉയര്‍പ്രാഥമികവിദ്യാലയം
Lower Primary School - താഴ്പ്രാഥമികവിദ്യാലയം 
Certificate - യോഗ്യതാപത്രം
SSLC - മധ്യമ വിദ്യാലയ യോഗ്യതാപത്രം
HSC - ഉയര്‍മധ്യമ യോഗ്യതാപത്രം
Seminar - ചര്‍ച്ചായോഗം
International Seminar - അന്താരാഷ്ട്രചര്‍ച്ചായോഗം
National Seminar - ദേശീയചര്‍ച്ചായോഗം 
Workshop - ശില്‍പ്പശാല
International Workshop - അന്താരാഷ്ട്രശില്‍പ്പശാല
National Workshop - ദേശീയശില്‍പ്പശാല 
Camp - ശിബിരം, താവളം
Conference - ചര്‍ച്ചാസമ്മേളനം
International Conference - അന്താരാഷ്ട്രചര്‍ച്ചാസമ്മേളനം
National Conference - ദേശീയചര്‍ച്ചാസമ്മേളനം
News Paper - ദിനപ്പത്രം, പത്രം
Journal - പത്രിക
International Journal - അന്താരാഷ്ട്രപത്രിക
National Journal - ദേശീയപത്രിക
Magazine - കാലഘട്ടപത്രിക
Periodical - ആനുകാലികം
Magazine (Monthly) - മാസിക
Magazine (Weekly) - വാരിക
Magazine (Fortnightly) - ദ്വൈവാരിക
Magazine (In Two Months) - ദ്വൈമാസിക
Magazine (In Three Months) -  ത്രൈമാസിക
Engineering - നിര്‍മ്മാണവൈദഗ്ദ്ധ്യം
Technology - സാങ്കേതികവിദ്യ, പ്രയുക്തശാസ്ത്രം
Science - ശാസ്ത്രവിജ്ഞാനം, ശാസ്ത്രം
Production - ആവിഷ്ക്കരണം
Production Engineering - ആവിഷ്ക്കരണനിര്‍മ്മാണവൈദഗ്ദ്ധ്യം
Production Technology -
ആവിഷ്ക്കരണപ്രയുക്തശാസ്ത്രം
Manufacturing - ഉല്‍പ്പന്നനിര്‍മ്മാണം, ഉല്‍പ്പാദനം
Manufacturing Engineering - ഉല്‍പ്പന്നനിര്‍മ്മാണവൈദഗ്ദ്ധ്യം
Manufacturing Technology -
ഉല്‍പ്പാദനപ്രയുക്തശാസ്ത്രം
Information Technology - വിവരസാങ്കേതികവിദ്യ, വിവരപ്രയുക്തശാസ്ത്രം
Mechanical Engineering - യന്ത്ര നിര്‍മ്മാണവൈദഗ്ദ്ധ്യം
Civil Engineering - കെട്ടിട നിര്‍മ്മാണവൈദഗ്ദ്ധ്യം
Computer Science And Engineering - വിവരയന്ത്രശാസ്ത്ര- നിര്‍മ്മാണവൈദഗ്ദ്ധ്യം
Electrical & Electronics Engineering - വൈദ്യുത- അനുവൈദ്യുത നിര്‍മ്മാണവൈദഗ്ദ്ധ്യം
Electronics & Communication Engineering -  അനുവൈദ്യുത- വാര്‍ത്താവിനിമയ നിര്‍മ്മാണവൈദഗ്ദ്ധ്യം
(അനുബന്ധ വൈദ്യുത എന്ന അര്‍ത്ഥത്തിലാണ് അനുവൈദ്യുത എന്ന് ഉപയോഗിച്ചത്)
Instrumentation Engineering - ഉപകരണ നിര്‍മ്മാണവൈദഗ്ദ്ധ്യം
Applied Electronics and Instrumentation - പ്രായോഗിക അനുവൈദ്യുത-ഉപകരണ നിര്‍മ്മാണം 
 Electronics and Instrumentation Engineering - അനുവൈദ്യുത-ഉപകരണ നിര്‍മ്മാണവൈദഗ്ദ്ധ്യം
IIT - ഭാരതീയ സാങ്കേതികവിദ്യാ നിയോഗാലയം,
ഭാരതീയ പ്രയുക്തശാസ്ത്ര നിയോഗാലയം
IISc - ഭാരതീയ ശാസ്ത്ര നിയോഗാലയം
IIIT - ഭാരതീയ വിവരസാങ്കേതികവിദ്യാ  നിയോഗാലയം,
ഭാരതീയ വിവരപ്രയുക്തശാസ്ത്ര നിയോഗാലയം
IIST - ഭാരതീയ ശൂന്യാകാശശാസ്ത്ര-സാങ്കേതികവിദ്യാ നിയോഗാലയം,
ഭാരതീയ ശൂന്യാകാശശാസ്ത്ര-പ്രയുക്തശാസ്ത്ര നിയോഗാലയം
Design - രൂപരേഖ
Draft - ആലേഖ്യം
Prototype - ആദിമാതൃക
Model - മാതൃക
CAD (Computer Aided Design) - വിവരയന്ത്ര സഹായ രൂപരേഖ
CADD (Computer Aided Design & Drafting) - വിവരയന്ത്ര സഹായ രൂപരേഖയും ആലേഖ്യവും
CAM (Computer Aided Manufacturing) - വിവരയന്ത്ര സഹായ ഉല്‍പ്പന്നനിര്‍മ്മാണം
CAE (Computer Aided Engineering) - വിവരയന്ത്ര സഹായ നിര്‍മ്മാണവൈദഗ്ദ്ധ്യം 

-------------------- ശ്രീകാന്ത്‌ മണ്ണൂര്‍ 
--------------------   26/04/2013