2011, ഒക്‌ടോബർ 31, തിങ്കളാഴ്‌ച

മലയാളത്തെ ഓര്‍മ്മിക്കുമ്പോള്‍

നവംബര്‍ ഒന്ന് - കേരളപ്പിറവി ദിനം. അമ്മ മലയാളത്തെ ഓര്‍മ്മിക്കാന്‍ ഒരു ദിനം എന്ന മട്ടിലാണ് കുറച്ചു വര്‍ഷങ്ങളായ് ഈ ദിനം കടന്നു പോകുന്നത്. ഈ സമയം ആകുമ്പോള്‍ മലയാളത്തെ പറ്റി കുറേ ലേഖനങ്ങള്‍ പടച്ചു വിടാന്‍ കുറേപ്പേര്‍ കാത്തിരിക്കുന്നത് പോലെയാണ് എനിക്ക് തോന്നാറുള്ളത്. നമുക്ക് മലയാളത്തെ ഓര്‍മിക്കാന്‍ ഇങ്ങനെ ഒരു ദിവസം മാത്രമേ പറ്റുകയുള്ളൂ എന്ന് വന്നാല്‍ കുറച്ചു കഷ്ടമാണ്. പണ്ട് ശ്രീ ഒ.എന്‍.വി ഭൂമിക്കൊരു ചരമഗീതം എഴുതിയത് പോലെ നമ്മുടെ മലയാള ഭാഷയ്ക്കും വേണ്ടി വരും ഒരു ചരമഗീതം. ഈ സ്ഥിതി തുടര്‍ന്നാല്‍ അതിനു വലിയ കാലതാമസം വരില്ല. ഇന്നലെയോ മറ്റോ ഒരു ലേഖനം വായിച്ചു - മനോരമ പത്രത്തില്‍. അത് പറഞ്ഞപ്പോഴാണ്, പത്രം എന്ന് പറഞ്ഞാല്‍ ചിലര്‍ക്കൊക്കെ മനസ്സിലാക്കാന്‍ പ്രയാസമായിരിക്കും, അവര്‍ക്കൊക്കെ "ന്യൂസ്‌ പേപ്പര്‍" എന്ന് പറഞ്ഞാലേ മനസ്സിലാവൂ. പറഞ്ഞു വന്നത് ലേഖനത്തെ പറ്റിയല്ലേ? അതില്‍ പറഞ്ഞ ഒരു പ്രധാന കാര്യം നമ്മുടെ ഭാഷയില്‍ പുതിയ പദങ്ങള്‍ ഉണ്ടാവുന്നില്ല എന്നാണു.വളരെ നല്ല അഭിപ്രായം. എനിക്കും തോന്നിയിട്ടുണ്ട് അത്.തമിഴില്‍ ഇപ്പോഴും പുതിയ പദങ്ങള്‍ ഉണ്ടാവുന്നത് എന്ത് കൊണ്ടാണെന്ന് ഇവിടുത്തെ ഭാഷാ പണ്ഡിതര്‍ ചിന്തിച്ചിട്ടുണ്ടോ? അവിടെ കാലങ്ങളായ് ഒരു തമിഴ് സര്‍വകലാശാല ഉണ്ട്.അത് പോലെ ഭാഷയ്ക്ക്‌ വേണ്ടി പ്രവര്‍ത്തിക്കാന്‍ അവിടെ ആള്‍ക്കാരും ഉണ്ട്. അത് പോലെ ഭാഷയെ സഹായിക്കാന്‍ ഒരു സര്‍ക്കാരും ഉണ്ട്. ഇവിടെ സര്‍ക്കാരും ഒന്നും ചെയ്യുന്നില്ല. വിദ്യാലയങ്ങളില്‍ മലയാളഭാഷാ ഒന്നാം ഭാഷ ആക്കാന്‍ ശ്രമിച്ചപ്പോള്‍ ഇംഗ്ലീഷിലും മറ്റു ഭാഷകളിലും ബിരുദം നേടിയ മലയാളികള്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ എതിര്‍പ്പുമായ് രംഗത്ത് വന്നത്. അവര്‍ മറ്റു ഭാഷകളില്‍ ബിരുദം നേടിയത് മലയാള ഭാഷയുടെ കുറ്റമല്ലല്ലോ. മലയാളം പഠിപ്പിക്കുന്നതും പഠിക്കുന്നതും  ഇഷ്ടമല്ലാത്ത ഒരു തലമുറയാണ് ഇവിടെ വളര്‍ന്നു വരുന്നത്.    
ഇവിടെ ഒരു മലയാള സര്‍വകലാശാല തുടങ്ങണം എന്ന അഭിപ്രായം കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായ്. അത് തിരൂര്‍ വേണോ അതോ വേറെ എവിടെയെങ്കിലും വേണോ എന്ന തര്‍ക്കം തന്നെ പരിഹരിക്കാന്‍ സാധിച്ചിട്ടില്ല. പിന്നെ അല്ലേ പുതിയ പദസമ്പത്ത് ഭാഷയ്ക്ക്‌ കൊണ്ട് വരാന്‍ പോകുന്നത്. പുതിയത് പോട്ടേ, ഉള്ളതെങ്കിലും നിലനിര്‍ത്താനുള്ള ഒരു പ്രവര്‍ത്തനവും ഇവിടെ കാണുന്നില്ല. ഒരു ചെറിയ ഉദാഹരണം പറയാം."ചര്‍വ്വിത  ചര്‍വ്വണം" എന്ന വാക്ക് കേട്ടിട്ടുണ്ടോ എന്ന് ഞാനും എന്‍റെ ഒരു സുഹൃത്തും മറ്റൊരു സുഹൃത്തിനോട്‌ ചോദിച്ചു. അദ്ദേഹം ഏകദേശം എന്‍റെ അതെ പ്രായം വരുന്ന ആളാണ്‌.അദ്ദേഹം അത് കേട്ടിട്ടും ഇല്ല, അതിന്‍റെ അര്‍ത്ഥവും അറിഞ്ഞുകൂടാ. മുപ്പതിന് അടുത്ത് പ്രായം ഉള്ള തലമുറയുടെ സ്ഥിതി ഇതാണെങ്കില്‍ പുതിയ കുട്ടികള്‍ "മലയാലം?" അതെന്താണെന്ന് രഞ്ജിനി ഹരിദാസ് ശൈലിയില്‍ ചോദിച്ചു കൂടായ്കയില്ല.അത് ഇപ്പോഴേ ചോദിച്ചുതുടങ്ങിയിട്ടുണ്ടാവും. അവരാണല്ലോ ആധുനിക മലയാള ഭാഷയുടെ മാതാവ്.
പിന്നെ മലയാളത്തില്‍ ഇറങ്ങുന്ന ചിത്രങ്ങളുടെ പേരുകള്‍ എല്ലാം ഇംഗ്ലീഷില്‍ ആണ്.'സാന്‍വിച്'. 'സാള്‍ട്ട് & പെപ്പെര്‍' അങ്ങനെ ഒരു നീണ്ട നിര തന്നെ ഉണ്ട്. തമിഴില്‍ തന്നെ ആണ് പേരെങ്കില്‍ തമിഴ് നാട്ടില്‍ ആ ചിത്രത്തിന് നികുതി ഇളവുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ അധികമായ്‌ അവിടെ തമിഴില്‍ തന്നെ ആണ് എല്ലാ ചിത്രങ്ങളുടെയും പേരുകള്‍. ഇവിടുത്തെ സര്‍ക്കാരിന് എന്ത് കൊണ്ട് അതിനെ പറ്റി ചിന്തിച്ചുകൂടാ?എവിടെ സമയം അല്ലേ? 'ശുംഭന്‍' എന്ന് ന്യായാധിപനെ വിളിക്കാനും 'കൊഞ്ഞാണന്‍' എന്ന് ആരെയോ അന്നത്തെ ഒരു മന്ത്രി വിളിച്ചപ്പോള്‍ അതിനെ ന്യായീകരിക്കാനും ഒക്കെ അല്ലേ ഇവിടുത്തെ രാഷ്ട്രീയക്കാര്‍ക്കും മുന്തിയ ചില പുരോഗമന സാഹിത്യക്കാര്‍ക്കും സമയമുള്ളൂ. 
കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പട്ട വാക്കാണ്‌ 'ശുംഭന്‍'. അതിനു പ്രകാശം പരത്തുന്നവന്‍ എന്നൊരു അര്‍ഥം ഉണ്ടെന്നത് ശരിയാണ്. പക്ഷെ അദ്ദേഹം അത് ഉദ്ദേശിച്ചല്ല ആ പദം ഉപയോഗിച്ചതെന്ന് അദ്ദേഹത്തിനും അറിയാം നാട്ടുകാര്‍ക്കും അറിയാം. എന്നിട്ടും ഇപ്പോഴും അതേ വാദം തന്നെ നടത്തി അദ്ദേഹം മലയാളികളുടെ ക്ഷമ പരീക്ഷിക്കുകയല്ലേ? കൊഞ്ഞാണന്‍ എന്നതിനെ പറ്റി ഞാന്‍ ഒന്നും പറയുന്നില്ല. ഒരു പു ക സ ക്കാരന് ഒരു രാഷ്ടിയ നേതാവിന്‍റെ വക്കാലത്ത് ഏറ്റെടുക്കേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ?
നമുക്ക് ഇപ്പോള്‍ വിവാദങ്ങള്‍ ഉണ്ടാക്കാനും അത് ചര്‍ച്ച ചെയ്യാനും മാത്രമേ സമയം ഉള്ളൂ. ക്രിയാത്മകമായ ഒരു പ്രവര്‍ത്തനവും ഇവിടെ ഭാഷയുടെ കാര്യത്തില്‍ നടക്കുന്നില്ല. ഈ സ്ഥിതി മാറിയേ പറ്റൂ. അച്ഛനും അമ്മയും തന്നെ കുട്ടിയോട് പൂച്ചയെ നോക്കൂ എന്ന് പറയുന്നില്ല. അവര്‍ക്ക് "ക്യാറ്റ് " ആണ് പഥ്യം. പ്രാതല്‍ എന്ന വാക്ക് തന്നെ നമ്മള്‍ മറന്നു പോയിരുക്കുന്നു.എല്ലാവര്‍ക്കും "ബ്രേക്ക്‌ ഫാസ്റ്റ്" മതി. പൂമ്പാറ്റ എന്ന പദം ചില കവിതകളിലും പാട്ടുകളിലും മാത്രം ഒതുങ്ങിപ്പോയി. സംസാരിക്കുമ്പോള്‍ "ബട്ടര്‍ ഫ്ലൈ " എന്ന് ഉപയോഗിച്ചാലേ നമുക്ക് തൃപ്തി വരൂ.
വീട്ടില്‍ സംസാരിക്കുമ്പോള്‍ നമ്മള്‍ മലയാളം കൂടുതലും ഉപയോഗിച്ചാല്‍ തന്നെ പകുതി പ്രശ്നങ്ങള്‍ നമുക്ക് പരിഹരിക്കാം. ഈ കേരളപ്പിറവി ദിനം നമുക്ക് അങ്ങനെ ആഘോഷിക്കാം. "മലയാളം നീണാള്‍ വാഴട്ടെ".     

------------ ശ്രീകാന്ത് മണ്ണൂര്‍        

2011, ഒക്‌ടോബർ 7, വെള്ളിയാഴ്‌ച

'സ്നേഹവീട്' നല്‍കുന്ന നിരാശ

ഞാന്‍ നല്ലൊരു ചലച്ചിത്ര ആസ്വാദകനാണെന്നോ, നിരുപകനാണെന്നോ ഉള്ള അഹങ്കാരം ഒന്നും എനിക്ക് ഇല്ല. പക്ഷെ ശ്രീ സത്യന്‍ അന്തിക്കാട് രചനയും സംവിധാനവും നിര്‍വഹിച്ച 'സ്നേഹവീട് ' എന്ന ചിത്രം എനിക്ക് നല്‍കിയത് നിരാശ മാത്രമാണെന്ന് പറയേണ്ടി വന്നതില്‍ ഖേദം ഉണ്ട്. ഒരു സത്യന്‍ അന്തിക്കാട് ചിത്രത്തിന്‍റെ ചില സവിശേഷതകള്‍ ഈ ചിത്രം പങ്കു വെയ്ക്കുന്നുണ്ട്. പക്ഷെ അതെല്ലാം ചില ദൃശ്യങ്ങളില്‍ മാത്രം ഒതുങ്ങി പോയില്ലേ എന്നെനിക്കൊരു സംശയം. എടുത്തു പറയുകയാണെങ്കില്‍ ഓട്ടോറിക്ഷ, ചില ഗ്രാമീണ ദൃശ്യങ്ങളില്‍, തമിഴ് അങ്ങനെ ചിലത്.

ഒരു നല്ല കാര്യം പറയാതെ വയ്യ. ശ്രീ ഇളയരാജ ഈണം പകര്‍ന്ന ഗാനങ്ങളെല്ലാം നന്നായിരുന്നു. പ്രത്യേകിച്ചും ശ്രീമതി ചിത്രയും ശ്രേയ ഘോഷാലും പാടിയ ഗാനങ്ങള്‍.

സാധാരണ, ഒരു സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ നിന്ന് പ്രേക്ഷകര്‍ ചിലത് പ്രതീക്ഷിക്കുന്നുണ്ട്. അതില്‍ ഒന്ന് ബന്ധങ്ങളുടെ തീവ്രത ആണ്. അതില്‍ ഈ ചിത്രം പരാജയപ്പെടുന്നു എന്ന് വേണം പറയാന്‍. ഇതിലെ പ്രധാന കഥാപാത്രങ്ങളായ അജയനും (ശ്രീ മോഹന്‍ലാല്‍) അമ്മുക്കുട്ടി അമ്മയും (ശ്രീമതി ഷീല) തമ്മില്‍ പോലും അത് തീവ്രമായ് ആവിഷ്കരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.

ബന്ധങ്ങളുടെ തീവ്രത അദ്ദേഹത്തിന്‍റെ പല ചിത്രങ്ങളിലും മലയാളികള്‍ അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്, കഥാപാത്രങ്ങള്‍ ബന്ധുക്കളല്ലെങ്കില്‍ പോലും. 'സന്ദേശ'ത്തില്‍ ശ്രീ ഒടുവിലിന്‍റെയും ശ്രീ തിലകന്‍റെയും കഥാപാത്രങ്ങള്‍ ഉദാഹരണമാണ്. 'അച്ചുവിന്‍റെ അമ്മ', 'കഥ തുടരുന്നു' തുടങ്ങിയ ചിത്രങ്ങളിലെ ചില കഥാപാത്രങ്ങള്‍ നമ്മുടെ മനസ്സില്‍ നിന്ന് അത്ര വേഗം ഇറങ്ങി പോവാത്തവരാണ്. ഈ ഉദാഹരണങ്ങള്‍ ഇനിയും നീട്ടാം.

സത്യന്‍ അന്തിക്കാടിന്‍റെ അമ്പതാമത്തെയും ശ്രീ മോഹന്‍ലാലിന്‍റെ മുന്നൂറാമത്തെയും ചിത്രമെന്ന ഖ്യാതിയുമായെത്തിയ സ്നേഹവീട്, പക്ഷെ ഒരു സ്നേഹവും തോന്നിക്കാതെയാണ് അവസാനിക്കുന്നത്.

ഒരാള്‍ക്ക്‌, പതിനെട്ടു വര്‍ഷം മുന്‍പ് പിരിഞ്ഞ തന്‍റെ സുഹൃത്തിന്‍റെ പേര്, അതെന്തു സാഹചര്യത്തിലായാലും, ഒരു പെണ്ണിന്‍റെ പേരിനോട് വെറുതെ ചേര്‍ത്ത് പറയാന്‍ കഴിയില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. അദ്ദേഹം ഇപ്പോള്‍ ഏതു അവസ്ഥയിലാണെന്ന് പോലും ആലോചിക്കാതെ. കഥയ്ക്ക്‌ നല്ല അടിത്തറ ഇല്ല എന്നത് പോട്ടെ, ഇത് പോലുള്ള ചില അസംബന്ധങ്ങളും ചിത്രത്തിലുണ്ട്. ഇങ്ങനെയൊരു ചിത്രം സംവിധാനം ചെയ്യാനാണോ ശ്രീ സത്യന്‍ അന്തിക്കാട് ഏകദേശം ഒന്നര വര്‍ഷം എടുത്തത്‌. 'കഥ തുടരുന്നു' വന്നത് രണ്ടായിരത്തിപത്ത് ഏപ്രില്‍ മാസത്തില്‍ ആണെന്നാണ്‌ എന്‍റെ ഓര്‍മ. ഈ ഒന്നര വര്‍ഷം കാത്തിരുന്ന ഞങ്ങള്‍ പ്രേക്ഷകരുടെ പ്രതീക്ഷകളെല്ലാം തകിടം മറിച്ചു കൊണ്ടാണ് സ്നേഹവീട് അവസാനിച്ചത്‌.

ശ്രീ സത്യന്‍ അന്തിക്കാട് എപ്പോഴും പറയാറുള്ള ഒരു വാചകമാണ്, താന്‍ കാണാനാഗ്രഹിക്കുന്ന ചിത്രമാണ് താന്‍ സംവിധാനം ചെയ്യാറുള്ളതെന്ന്. പക്ഷെ ഈ ചിത്രം അദ്ദേഹം കാണാന്‍ ആഗ്രഹിക്കുമെന്നു എനിക്ക് തോന്നുന്നില്ല. ഇങ്ങനെ ഉള്ള ചിത്രങ്ങള്‍ ഞങ്ങള്‍ താങ്കളില്‍ നിന്ന് പ്രതീക്ഷിക്കുന്നില്ല.

------------ ശ്രീകാന്ത് മണ്ണൂര്‍ 

                      

2011, ഒക്‌ടോബർ 5, ബുധനാഴ്‌ച

ഓര്‍മ്മകള്‍

അങ്കണതൈമാവില്‍* നിന്നു -
തിര്‍ന്നോരാ മാമ്പഴമെന്‍ 
ആര്‍ദ്രമാം ഹൃദയത്തില്‍ 
ഒരായിരം മിഴിനീര്‍ 
ത്തുള്ളികള്‍ നിറയ്ക്കവേ -
ഏതോ വാസര സ്വപ്നത്തിന്‍
ഏകാന്ത നിമിഷത്തിലെന്നോ
മാങ്കനിതന്‍ മാധുര്യവും പോയ്‌ 
വാസന്തവുമെങ്ങോ മറഞ്ഞു.
കാത്തിരിക്കുന്നോരോ നിമിഷത്തിലും 
അറിയുന്നു ഞാന്‍ എന്നിലെ നിന്നെ. 
എങ്കിലും ഇങ്ങിനി വരാത്തവണ്ണം 
എപ്പോഴോ നീ അകന്നിരുന്നു.

{* കടപ്പാട്: ശ്രീ വൈലോപ്പിള്ളിയുടെ "മാമ്പഴം" എന്ന കവിതയോട്}

[ഈ കവിത "സ്വപ്നം" എന്ന പേരില്‍ എം ഇ എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കുറ്റിപ്പുറം പ്രസിദ്ധീകരിച്ച 'നിളയുടെ കൈയ്യൊപ്പ്' എന്ന കൈയ്യെഴുത്തു    പ്രതിയില്‍ വന്നിരുന്നു.]

---------- ശ്രീകാന്ത് മണ്ണൂര്‍  

2011, ഒക്‌ടോബർ 3, തിങ്കളാഴ്‌ച

വിവേകാനന്ദന്‍റെ ചിത്രം

വിവേകാനന്ദ സ്വാമികളും  ഞാനും തമ്മില്‍ എന്താണ് ബന്ധം? ആനയും ഉറുമ്പും തമ്മില്‍ എന്ത് ബന്ധം എന്ന് ചോദിക്കുന്നത്  പോലെയാണ് ഇതും. എനിക്ക് പറയാനുള്ളത് വിവേകാനന്ദനെ പറ്റിയേ അല്ല.

ഹൈദരാബാദിലെ രണ്ടു മാസത്തെ താമസം അദ്ദേഹത്തെ പരിചയപ്പെടാന്‍ ഇടയാക്കി. ജോലി തേടിയുള്ള അവിടുത്തെ ജീവിതം ഒരു പാട് പേരെ പരിചയപ്പെടുത്തി തന്നു. പക്ഷെ അദേഹത്തെ മാത്രം മറക്കാന്‍ കഴിയുന്നില്ല. ഞാന്‍ താമസിച്ച മുറിയില്‍ എന്‍റെ സുഹൃത്തായ ചന്ദ്ര അടക്കം ഞങ്ങള്‍ നാല് പേര്‍ ഉണ്ടായിരുന്നു.

പകല്‍ വിവിധ കമ്പനികളിലെ അഭിമുഖങ്ങളില്‍ പങ്കെടുക്കലായിരുന്നു പ്രധാന പണി. അല്ലെങ്കില്‍ അപേക്ഷ അയക്കാനുള്ള തത്രപ്പാട്. എന്തായാലും ഉച്ച വരെ എങ്ങനെയെങ്കിലും പോയിക്കിട്ടും. ഉച്ചക്ക് ശേഷം ആണ് ബുദ്ധിമുട്ട്.  നാല് മണി ആവാന്‍ വേണ്ടി കാത്തിരിക്കും.ഒരു ചായയും കുടിച്ചു നേരെ ബിഗ്‌ ബസാര്‍ അല്ലെങ്കില്‍ ഹൈദരാബാദ് സെന്‍ട്രല്‍. ഇത് രണ്ടും ഞങ്ങള്‍ താമസിച്ച അമീര്‍ പേട്ടിലെ വലിയ രണ്ടു ഷോപ്പിംഗ്‌ മാളുകള്‍ ആണ്. ശീതികരിച്ച മുറികളുള്ള ആ കച്ചവട സ്ഥലത്ത് മൂന്ന് മണിക്കൂര്‍ എങ്കിലും ചെലവഴിക്കും.അത് മാത്രമാണ് ഹൈദരാബാദ് ജീവിതത്തില്‍ ഓര്‍ക്കാനുള്ള നല്ല നിമിഷങ്ങള്‍.ഒരു കടുകുമണി പോലും വാങ്ങാതെ അവിടുന്ന് തിരിച്ചു നടക്കുമ്പോള്‍ ഓര്‍ക്കാറുണ്ട് ഇത് എനിക്ക് എങ്ങനെ സാധിക്കുന്നു എന്ന്. കയ്യില്‍ കാശ് ഉണ്ടെങ്കില്‍ അല്ലെ വല്ലതും വാങ്ങുന്നത്?

അങ്ങനെ അല്ലലും അലട്ടലും പിന്നെ കുറച്ചു സന്തോഷവുമായ് അങ്ങനെ ജീവിച്ചു പോകുമ്പോഴാണ് എം ഇ എസ്  എന്ന കേരളത്തിലെ ആദ്യത്തെ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജില്‍ (തെലുഗില്‍ പറഞ്ഞാല്‍ പെദ എഞ്ചിനീയറിംഗ് കോളേജ്) നിന്ന് അഭിമുഖത്തിനുള്ള വിളി വരുന്നത്.അത് തന്നെ അവസരം എന്ന് തീര്‍ച്ചയാക്കി ഞാന്‍ നാട്ടിലേക്കുള്ള വണ്ടി പിടിക്കാന്‍ തീരുമാനിച്ചു.
ഞാന്‍ പുറപ്പെടുന്നതിന്‍റെ തലേന്ന് ഞങ്ങള്‍ നാല് പേരും പിന്നെ അഞ്ചാമനും മുറിയില്‍ ഒത്തു കൂടി.ഈ അഞ്ചാമന്‍ മാത്രമാണ് ആ താമസ സ്ഥലത്ത് ഞങ്ങളോട് കുറച്ചെങ്കിലും സംസാരിച്ചിട്ടുള്ളത്. അവിടെ ഒത്തുകൂടിയ എല്ലാവരും തെലുങ്കര്‍, ഞാനൊഴികെ. ആഗോള പ്രശ്നങ്ങളെല്ലാം ഞങ്ങളുടെ ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നു.എല്ലാത്തിനും ഞങ്ങള്‍ക്ക് പരിഹാരവും ഉണ്ടായിരുന്നു.അങ്ങനെ ആഗോള  പ്രശ്നങ്ങളെല്ലാം ഒരു വിധം പരിഹരിച്ചു തീര്‍ന്നപ്പോള്‍ ഞങ്ങള്‍ ഉറങ്ങാന്‍ തീരുമാനിച്ചു.

പിറ്റേ ദിവസം ഉച്ചയ്ക്കാണ് എന്‍റെ ട്രെയിന്‍. ശബരി എക്സ്പ്രസ്സ്‌.പുറപ്പെടാന്‍ നേരം അദ്ദേഹം (അഞ്ചാമന്‍) ഒരു കടലാസ് കൊണ്ട് വന്നു തന്നു.മറക്കരുതെന്നും ഇടക്കെങ്കിലും മെയില്‍ അയക്കണമെന്നും അദ്ദേഹം പറഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും വിഷമിച്ചു.രണ്ടു മാസത്തെ പരിചയത്തിനു ഇത്രയൊക്കെ പറയാന്‍ കഴിയുമോ?

അതൊരു ചിത്രമായിരുന്നു. വിവേകാനന്ദ സ്വാമികളുടെ. ഞാന്‍ ഇന്നും അതു സൂക്ഷിച്ചു വയ്ക്കുന്നു. ഒരു കുറ്റ ബോധത്തോടെ. അതിനു ശേഷം ഞാനിതുവരെ അദ്ദേഹത്തിന് മെയില്‍ അയച്ചിട്ടില്ല.പക്ഷെ സുഹൃത്തേ വിവേകാനന്ദ സ്വാമികളെ കാണുമ്പോഴെല്ലാം എനിക്ക് ഓര്‍മ വരുന്നത് നിങ്ങളെ ആണ്.

നിങ്ങള്‍ എന്നോട് ക്ഷമിക്കും എന്ന ഉറപ്പു എനിക്കുണ്ട്. പക്ഷെ ഞാന്‍ നിങ്ങളെ ഓര്‍മിക്കുന്നത്‌ നിങ്ങള്‍ക്ക് അറിയില്ലല്ലോ. ഈ കുറിപ്പ് വായിക്കാന്‍ നിങ്ങള്‍ക്ക് മലയാളം അറിയില്ലല്ലോ.

മറ്റൊരു ദുഃഖം കൂടി എനിക്ക് ഉണ്ട്. ആ വിലാസം എന്നോ എനിക്ക് നഷ്ടപ്പെട്ട് കഴിഞ്ഞിരുന്നു.......

 -----   ശ്രീകാന്ത് മണ്ണൂര്‍