2013, മാർച്ച് 26, ചൊവ്വാഴ്ച

നാല് ഗന്ധര്‍വ്വന്മാര്‍

ആയിരത്തി തൊള്ളായിരത്തി ഇരുപതുകളുടെ തുടക്കം. ഈ സംഭവത്തിന്‍റെ ആദ്യ ഭാഗം നടക്കുന്നത് കേരളത്തിലോ ഭാരതത്തിലോ ഒന്നും അല്ല. പിന്നെ? അങ്ങ് ദൂരെ മേഘമാലകല്‍ക്കപ്പുറം ഗന്ധര്‍വ്വലോകത്തിലാണ്. ഇതിലെ നായകന്മാരോ നാല് ഗന്ധര്‍വ്വന്മാരും. പൊതുവേ ഗന്ധര്‍വ്വന്മാര്‍ ഗായകന്മാരാണ്. പക്ഷേ  ഇവര്‍ക്ക് ഓരോരുത്തര്‍ക്കും ഓരോ കാര്യത്തിലാണ് താല്‍പര്യം. ഒരാള്‍ക്ക്‌ പാടാന്‍ തന്നെയാണ് ഇഷ്ടം. മറ്റൊരാള്‍ക്ക് സംഗീതം സൃഷ്ടിക്കലാണ് പഥ്യം. മൂന്നാമന് കഥ പറയാനും, നാലാമനാകട്ടെ ആ കഥാപാത്രങ്ങളായി അഭിനയിക്കാനും. ഇവര്‍ നാല് പേരും ഇണപിരിയാത്ത സുഹൃത്തുക്കളും.

അങ്ങനെയിരിക്കെ ഒരു നാള്‍ ഭാര്‍ഗ്ഗവരാമന്‍ പരശുവുമേന്തി ഗന്ധര്‍വ്വലോകം വഴി വരാന്‍ ഇടയായി. അദ്ദേഹം ഉദ്യാനത്തിലേക്ക് പ്രവേശിച്ചപ്പോള്‍ നമ്മുടെ കഥാനായകന്മാര്‍ അവര്‍ക്കിഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. എല്ലാ പുരാണങ്ങളിലും നടക്കാറുള്ള പോലെ അവര്‍ പരശുരാമനെ തീരെ ശ്രദ്ധിച്ചില്ല. സ്വാഭാവികമായും മുനിക്ക് കോപം വന്നു. അദ്ദേഹം നാല്‍വര്‍ സംഘത്തെ ശപിച്ചു.

ശാപം എന്താണെന്ന് അറിയേണ്ടേ? മനുഷ്യരായി ഭൂമിയില്‍ പിറക്കട്ടെ എന്ന്. ആ സമയം ഗന്ധര്‍വ്വന്മാര്‍ക്ക് തിരിച്ചറിവുണ്ടായി. അവര്‍ ശാപമോക്ഷത്തിനു യാചിച്ചു. മാമുനിയുടെ മനസ്സലിഞ്ഞു. അദ്ദേഹം ഒരു പരിഹാരം നിര്‍ദ്ദേശിച്ചു. എനിക്കെന്‍റെ ശാപം തിരിച്ചെടുക്കാന്‍ പറ്റില്ല. അതുകൊണ്ട് നിങ്ങള്‍ക്ക് ഞാന്‍ ശാപമോക്ഷം തരാം. നിങ്ങള്‍, എന്‍റെ ശാപം തീരാന്‍ വേണ്ടി ഞാന്‍ സൃഷ്ടിച്ച കേരളത്തില്‍ പിറക്കും. അവിടെ നിങ്ങള്‍ക്ക് ഇപ്പോള്‍ ഇവിടെ ചെയ്ത കാര്യങ്ങള്‍ തന്നെ ചെയ്യാം. നിങ്ങളുടെ കാലത്ത് കേരളം ദൈവത്തിന്‍റെ സ്വന്തം നാടെന്ന് അറിയപ്പെടും. പക്ഷേ അക്കാലത്ത് അവിടുത്തെ ആള്‍ക്കാര്‍ ചെകുത്താന്‍റെ സ്വന്തം ജനങ്ങളായി മാറുന്ന ഒരു വിരോധാഭാസം സൃഷ്ടിക്കപ്പെടും. നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം, നിങ്ങളുടെ കലാപരമായ കഴിവ് കൊണ്ട് അവരെ രസിപ്പിക്കുക, അവരുടെ മനസ്സ് ആര്‍ദ്രമാക്കുക, കുറച്ചു സമയമോ കുറച്ചു പേരേയോ അവരുടെ തിന്മയില്‍ നിന്നകറ്റി നിര്‍ത്തുക. സമയമാകുമ്പോള്‍ നിങ്ങള്‍ക്ക് ഓരോരുത്തരായി ഇവിടെ ഗന്ധര്‍വ്വലോകത്ത് തിരിച്ചെത്തും. നിങ്ങള്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. അങ്ങനെ പറഞ്ഞ് മുനി അവിടുന്ന് അപ്രത്യക്ഷനായി.

ഇവിടെ കഥയുടെ രണ്ടാം ഭാഗം തുടങ്ങുന്നു. അത് തുടരുകയും ചെയ്യുന്നു. അങ്ങനെ മുനിയുടെ വാക്കുകളാല്‍ സന്തോഷിച്ചു കേരളം എന്ന കൊച്ചു സ്ഥലത്ത് മനുഷ്യരായി അവര്‍ പിറന്നു. അതാരൊക്കെയാണെന്ന് അറിയേണ്ടേ? വേറെ ആരും അല്ല - ഗാനഗന്ധര്‍വ്വന്‍ യേശുദാസ്‌, ഗന്ധര്‍വ ഗാനങ്ങളുടെ സ്രഷ്ടാവ് രവീന്ദ്രന്‍മാഷ്‌, കഥപറച്ചിലുകാരുടെ ഇടയിലെ ഗന്ധര്‍വ്വന്‍ പദ്മരാജന്‍, അഭിനയകലയുടെ ഗന്ധര്‍വ്വന്‍ മോഹന്‍ലാല്‍. അങ്ങനെ അവര്‍ പരശുരാമന്‍ പറഞ്ഞപോലെ ആളുകളെ രസിപ്പിക്കുന്ന ദൗത്യം ഏറ്റെടുത്തു. അതില്‍ രണ്ടു പേര്‍ ആ ജോലി ഇപ്പോഴും തുടരുന്നു. കാരണം അവര്‍ക്ക് ഇനിയും ശാപമോക്ഷം കിട്ടിയിട്ടില്ല. മറ്റു രണ്ടു പേര്‍ കേരളീയരെ ഒറ്റയ്ക്കാക്കി ഗന്ധര്‍വലോകത്തേക്ക് മടങ്ങിയിരിക്കുന്നു.
------------------------------------------------------------------ ശ്രീകാന്ത്‌ മണ്ണൂര്‍
------------------------------------------------------------------ 26/03/2013