2014, ഡിസംബർ 9, ചൊവ്വാഴ്ച

അത്ര മൊഞ്ചില്ല ഈ മൈലാഞ്ചി വീടിന്


ഒരു പുതിയ സംവിധായകന്‍റെ ആദ്യ സംരംഭം എന്ന നിലയില്‍ "മൈലാഞ്ചി മൊഞ്ചുള്ള വീട്" ഒരു പരിധി വരെ അംഗീകരിക്കാം. പക്ഷേ, സിബി-ഉദയ്കൃഷ്ണ എന്ന രണ്ട് തഴക്കം വന്ന തിരക്കഥാകൃത്തുക്കള്‍ക്ക്, മലയാളചലച്ചിത്രങ്ങളെ കുറിച്ച് കുറഞ്ഞ അവബോധം പോലുമില്ലാത്തവരാണെന്ന അറിവ് ഞെട്ടിപ്പിക്കുന്നതാണ്. അവര്‍ ചിത്രങ്ങള്‍ കാണാറില്ലേ എന്ന ചോദ്യമാണ് പടം കണ്ടിറങ്ങിയപ്പോള്‍ എന്‍റെ മനസ്സിലേക്ക് ആദ്യം വന്നത്.

"മൈലാഞ്ചി മൊഞ്ചുള്ള വീട്" ചില മലയാളം പടങ്ങളുടെ പുതിയ ഒരു പതിപ്പ്‌ മാത്രമാണ് എന്നാണെനിക്ക്‌ തോന്നുന്നത്. പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍. എനിക്ക് പെട്ടെന്ന്‍ ഓര്‍മ്മ വരുന്ന ചില പടങ്ങള്‍ ജയറാം-വാണിവിശ്വനാഥ് അഭിനയിച്ച "മംഗലം വീട്ടില്‍ മാനസേശ്വരിഗുപ്ത", മുകേഷ്‌-ആനി എന്നിവരുടെ "കല്യാണ്‍ജി - ആനന്ദ്‌ജി", പിന്നെ ദിലീപ്‌-പ്രീതിവിജയകുമാര്‍ എന്നിവരഭിനയിച്ച "ഉദയപുരംസുല്‍ത്താന്‍" എന്നിവയാണ്.

ഈ പടങ്ങളും മൈലാഞ്ചി മൊഞ്ചുള്ള വീടും തമ്മില്‍ എന്താണ് സാമ്യം? ഈ നാലിലും നായകന്‍ അല്ലെങ്കില്‍ നായിക മതം മാറ്റി, പേര് മാറ്റി ഒക്കെ നായകന്‍റെ അല്ലെങ്കില്‍ നായികയുടെ വീട്ടിലേക്ക്‌ വരുന്ന രീതിയിലാണ് കഥ. അത് കൊണ്ട് തന്നെ മൈലാഞ്ചി മൊഞ്ചുള്ളവീടിന് ഒരു പുതുമയും അവകാശപ്പെടാനില്ല. ഇങ്ങനെ ഒന്ന്‍ എടുക്കാന്‍ മാത്രം ഒരു പ്രത്യേകതയും ആ ചിത്രത്തിന് ഇല്ല. പഴയതില്‍ നിന്ന്‍ ഒരേ ഒരു വ്യത്യസ്ഥത എന്ന് പറയാന്‍ തന്‍റെ മകനെ കൊന്ന സിദ്ദിക്കിന്‍റെ കഥാപാത്രത്തോട് സായികുമാറിന്‍റെ കഥാപാത്രം ക്ഷമിക്കാന്‍ തയ്യാറാവുന്നത് മാത്രമാണ്.

മുഴുനീള  കഥാപാത്രങ്ങളില്‍ സിദ്ദിക്കും കലാഭവന്‍ഷാജോണ്‍ ഒരു പരിധിവരേയും മാത്രമാണ് കഥാപാത്രത്തോട് നീതി പുലര്‍ത്തിയിരിക്കുന്നത്. ജയറാം, ആസിഫലി, മധു തുടങ്ങിയവര്‍ അത്ര നന്നായില്ല എന്ന് തന്നെ പറയണം. നായികമാരുള്‍പ്പടെ സ്ത്രീകഥാപാത്രങ്ങള്‍ക്ക് പ്രത്യേകിച്ചൊന്നും കഥയില്‍ ചെയ്യാനുണ്ടായിരുന്നില്ല. പിന്നെ സായികുമാര്‍ വളരെ കുറച്ചേ ഉള്ളൂ എങ്കിലും തന്‍റെ ഭാഗം നന്നാക്കിയിട്ടുണ്ട്. ഗാനങ്ങള്‍ അത്ര പോര.

കുറച്ച് ചിരിക്കാനുള്ള വകയൊഴിച്ച് നിര്‍ത്തിയാല്‍ "മൈലാഞ്ചി മൊഞ്ചുള്ള വീട്" വെറും താഴെക്കിടയിലുള്ള പടമാണ്. പല പടങ്ങള്‍ കൂട്ടി ഒട്ടിച്ച് വെറുതേ മലയാളികളുടെ ബുദ്ധിയെ ഇനിയും പരീക്ഷിക്കരുത് എന്ന് മാത്രമാണ് എന്‍റെ അപേക്ഷ.

ഒരു  കാര്യത്തില്‍ അണിയറപ്രവര്‍ത്തകര്‍ അഭിനന്ദനമര്‍ഹിക്കുന്നു. ശീര്‍ഷകങ്ങള്‍ നല്ല മലയാളത്തില്‍ എഴുതി കാണിച്ചതിനും, നല്ല ഒരു മലയാളം പേര് പടത്തിന് കൊടുത്തതിനും. ഈ ഒരു ഉദ്യമത്തെ ശരിക്കും അഭിനന്ദിച്ചേ മതിയാവൂ. സംവിധായകന്‍, നിര്‍മ്മാതാവ് എന്നിവരുടെ പേരുകള്‍ ഒഴികെ ബാക്കി എല്ലാം മലയാളത്തില്‍ മാത്രമാണ് എഴുതി കാണിച്ചത്‌. ശരിക്കും സന്തോഷം തോന്നി.

---------------------------------------- ശ്രീകാന്ത്‌ മണ്ണൂര്‍
---------------------------------------- 09-12-2014