2012, ജനുവരി 18, ബുധനാഴ്‌ച

പുളിമരം

ഒരു പുളിമരത്തിലെന്തിരിക്കുന്നു എന്ന് ചോദിച്ചാല്‍ ചിലരൊക്കെ പറയുമായിരിക്കും പുളി ഇരിക്കുന്നു എന്ന്. പക്ഷെ പുളിമരം എന്നത് എനിക്ക് വെറുമൊരു മരം മാത്രം അല്ല. അതിനു കാരണം ഞാന്‍ ആദ്യമായ് നട്ട് പച്ച പിടിച്ച വൃക്ഷം ഒരു പുളി ആണ്. ആ മരം ഇന്നും വീട്ടിന്‍റെ തെക്ക് ഭാഗത്ത്‌ നില്‍പ്പുണ്ട്. അത് കൊണ്ടാണെന്ന് തോന്നുന്നു പുളിമരം എന്നും എന്നെ ആകര്‍ഷിച്ചിട്ടുണ്ട്. ആ പുളിക്ക് ഇപ്പോ ഒരു പതിനേഴു വര്‍ഷം പ്രായമായിട്ടുണ്ടാവും. ആദ്യം കിട്ടുന്ന അല്ലെങ്കില്‍ ആദ്യം ചെയ്യുന്ന എന്ത് കാര്യവും നമുക്ക് പ്രിയപ്പെട്ടതായിരിക്കും അല്ലേ?

അതിനു ഇപ്പോ ഇതൊക്കെ പറയേണ്ട കാര്യം എന്താ എന്ന് ചിലര്‍ക്കെങ്കിലും സംശയം തോന്നാം. ഞാന്‍ ഇനി പറയാന്‍ പോകുന്ന കാര്യം ഒരു വല്യ സംഭവം ആണെന്നൊന്നും എനിക്ക് തോനുന്നില്ല. പക്ഷേ എന്നെ എന്ത് കൊണ്ടോ അത് ആകര്‍ഷിച്ചു. അതിനു പ്രത്യേകിച്ചു കാരണം ഒന്നും ഇല്ല. ജീവിതത്തിലെ എല്ലാ സംഭവങ്ങള്‍ക്കും കാരണം കണ്ടു പിടിക്കാന്‍ നമ്മെ കൊണ്ട് കഴിയാറില്ലല്ലോ അല്ലേ?

കഴിഞ്ഞ ഏഴെട്ടു മാസമായി ഞാന്‍ കോയമ്പത്തൂരില്‍ ആണ് ജോലി ചെയ്യുന്നത്. ഇവിടെ ആലന്തുരൈ എന്ന സ്ഥലത്താണ് താമസം. കോയമ്പത്തൂരില്‍ നിന്ന് ഒരു മുക്കാല്‍ മണിക്കൂര്‍ യാത്ര ചെയ്‌താല്‍ (ശിരുവാണി പോകുന്ന വഴിയില്‍) ഇവിടെ എത്താം. വീട്ടുടമസ്ഥന്‍റെ തലയ്ക്കു മുകളിലാണ് വാസം ഉറപ്പിച്ചിരിക്കുന്നത്. ഇവിടെയും വീടിന്‍റെ മുന്‍പില്‍ വഴിയിലായി ഒരു വലിയ പുളിമരം നില്‍പ്പുണ്ട്. ഈ മരത്തിന്‍റെ ഒരു ഭാഗ്യം എന്താണെന്ന് വച്ചാല്‍ വൈകുന്നേരം ഒരു ആറു മണിയോട് കൂടി ഈ പ്രദേശത്തുള്ള കുറേ പക്ഷികള്‍ ചേക്കേറാന്‍ വരും. ഒരു ആറര ആറേ മുക്കാല്‍ വരെ കലപില ശബ്ദം ആ പ്രദേശം മുഴുവന്‍ കേള്‍ക്കാം. ചിലപ്പോഴൊക്കെ അത് നോക്കി നില്‍ക്കുന്നതും ശബ്ദം കേള്‍ക്കുന്നതും ഒരു ആശ്വാസമാണ്. 

കുറച്ചു കാക്കകളും മൈനകളും ചില കുരുവികളും മാത്രം ചേക്കേറിയിരുന്ന മരത്തിലേക്ക് കുറച്ചു ദിവസമായി കുറേ കൊക്കുകളും (അസ്സല് കണ്ണൂര്‍ ഭാഷയില്‍ പറഞ്ഞാല്‍ കൊച്ചകള്‍) വരുന്നുണ്ട്. ഇത് കണ്ടപ്പോള്‍ മുതല്‍ പക്ഷി നീരിക്ഷണം ഞാന്‍ പതിവാക്കി. മുപ്പതോളം കൊക്കുകള്‍ വന്നു പുളിമരത്തില്‍ ഇരിക്കും. അവര്‍ വന്നാല്‍ പിന്നെ ബഹളം ഇത്തിരി കൂടും. കാക്കകള്‍ക്കും കുരുവികള്‍ക്കും ഒന്നും അവരുടെ വരവ് അത്ര പിടിചിട്ടില്ലെന്നു തോന്നുന്നു. അവരുടെ വീട് കയ്യേറിയ ഒരു ഭാവം. കൊക്കുകളെ ഓടിക്കാനാണെന്നു തോന്നുന്നു ഉടമസ്ഥര്‍ ഇങ്ങനെ ബഹളം വയ്ക്കുന്നത്. ശല്യം സഹിക്കാന്‍ വയ്യാതാവുമ്പോള്‍ കൊക്കുകള്‍ എല്ലാം കൂടി പറന്നു വേറെ സ്ഥലത്തേക്ക് പോകും. ആ പറക്കലിന് തന്നെ ഒരു ചന്തം ഉണ്ട്. അത് കാണാനാണ് എന്‍റെ ഈ കാത്തിരിപ്പ്‌. അവസാനത്തെ കൊക്കും പറന്നു പോകുന്നതോടെ ശബ്ദം ഒരു വിധം നില്‍ക്കും. പിന്നെ ഓരോന്നായി ഉറക്കത്തിലേക്കു വീഴും. ഈ കൊക്കുകളൊക്കെ എവിടെയാണാവോ ഉറങ്ങുന്നത്? 

ഈ ശ്വേതസന്യാസികളുടെ തപസ്സും (ഇര പിടിക്കാന്‍) അവയുടെ പറക്കലും എന്നും ഒരു കൗതുകമായിരുന്നു. അച്ഛന്‍റെ ഇല്ലത്തിനടുത്തുള്ള വയലില്‍ ഇഷ്ടം പോലെ ഇതിനെ കണ്ടിട്ടുണ്ട്, ചെറുപ്പത്തില്‍. ഇതിനെ വെടി വച്ചു പിടിക്കാനും ചിലരൊക്കെ വന്നിട്ടുണ്ട്. കൊക്കാണെങ്കില്‍ വല്യ ഉപദ്രവകാരിയും അല്ല. എന്നിട്ടും അതിനെ കൊല്ലാനും ആള്‍ക്കാര്‍. കൊന്ന പാപം തിന്നാല്‍ തീരും എന്നാണല്ലോ ഇവരുടെയൊക്കെ ഭാഷ്യം. കുമാരനാശാന്‍ പറഞ്ഞാതാണ് ശരി - "ഇന്നലെ ചെയ്തോരബദ്ധം മര്‍ത്യര്‍ക്കിന്നത്തെ ആചാരമാകാം നാളത്തെ ശാസ്ത്രവുമാകാം". 

എന്തായാലും കാക്കകളുടെയും മൈനകളുടെയും കുരുവികളുടെയും ആ വീട്ടിലേക്കു - പുളിമാരത്തിലേക്ക്, ഇപ്പോള്‍ കുറച്ചു ദിവസമായി ആ പാവം ശ്വേത സന്യാസികള്‍ വന്നിട്ട്. അവയ്ക്ക് ആരേയും ശല്യപ്പെടുത്തുന്നത് ഇഷ്ടമായിരിക്കില്ലായിരിക്കും. എന്തായാലും നഷ്ടം എനിക്കാണ്, കൂട്ടം കൂട്ടമായുള്ള അവയുടെ പറക്കല്‍ എന്നാണു ഇനി ഒന്ന് കാണാന്‍ പറ്റുക? ഞാന്‍ കാത്തിരിക്കുകയാണ്.... എന്നെ നിരാശപ്പെടുത്തരുത് - ആ വെള്ള നിറക്കൂട്ടം നീലാകാശത്തിനു താഴെ പറന്നു നീങ്ങുന്നത്‌ എനിക്ക് വീണ്ടും കാണണം. 

--------- ശ്രീകാന്ത് മണ്ണൂര്‍  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ