2012, ജനുവരി 17, ചൊവ്വാഴ്ച

"സരോജ്കുമാര്‍" നല്‍കുന്ന പാഠം

പദ്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍  എന്ന ശ്രീനിവാസന്‍ - സജിന്‍ രാഘവന്‍ ചിത്രം പലതു കൊണ്ടും ചിലര്‍ക്ക് രുചിക്കാന്‍ സാധ്യത ഇല്ല. അതിന്‍റെ ആദ്യ പ്രതികരണം എന്ന നിലയില്‍ ആണെന്ന് തോന്നുന്നു ശ്രീ ആന്‍റണി പെരുമ്പാവൂര്‍ ചിത്രത്തിന്‍റെ ചായാഗ്രാഹകന്‍ ശ്രീ കുമാറിനെ വിളിച്ചു ഭീഷണിപ്പെടുത്തിയത്. അങ്ങനെ നടന്നിട്ടുണ്ടെങ്കില്‍ അത് അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ മേലുള്ള കൈ കടത്തലാണ്.
ആ പടം കണ്ടാല്‍ അറിയാം പല നടന്മാരെയും ശ്രീനിവാസന്‍ വിമര്‍ശിച്ചിട്ടുണ്ട്. അതില്‍ ഏറ്റവും കൂടുതല്‍ ഏറു കൊണ്ടിട്ടുള്ളത് രാജനികാന്തിനും മോഹന്‍ലാലിനും തന്നെ ആണ്. വിമര്‍ശനം ആര്‍ക്കും ആര്‍ക്കെതിരേയും ചെയ്യാവുന്ന ഒന്നാണെന്ന് ഞാനും വിശ്വസിക്കുന്നില്ല. പക്ഷെ സരോജ്കുമാറില്‍ ആരോഗ്യകരമായ വിമര്‍ശനം ഉണ്ടെന്നേ ഞാന്‍ പറയൂ. മലയാളത്തിലെ എല്ലാ നടന്മാര്‍ക്കും ഒരു ആത്മ വിമര്‍ശനം നടത്താനുള്ള ഒരവസരം ശ്രീനിവാസന്‍ (അദ്ദേഹത്തിനുള്‍പ്പെടെ) ഒരുക്കി തന്നിരിക്കുന്നു. നന്നാവുക എന്ന ദൗത്യം അവരവര്‍ക്ക് തന്നെ ആണ്. വ്യക്തിപരമായ് അദ്ദേഹം ആര്‍ക്കു നേരെയും കല്ല്‌ എറിഞ്ഞിട്ടില്ല. ആരോഗ്യകരമായ ഒരു വിമര്‍ശനമായ് അത് ഉള്‍ക്കൊണ്ടു നല്ല മാറ്റങ്ങള്‍ക്കു വേണ്ടി ശ്രമിക്കുകയാണ് മലയാളത്തിന്‍റെ പ്രിയതാരങ്ങള്‍ ചെയ്യേണ്ടത്. അതാണ്‌ സാധാരണ പ്രേക്ഷകര്‍ ആഗ്രഹിക്കുന്നതും. അല്ലാതെ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരെ തെറി പറഞ്ഞത് കൊണ്ടായില്ല. ഇന്ന് മലയാളത്തില്‍ നല്ല ചിത്രങ്ങള്‍ ഇറങ്ങുന്നുണ്ട്. എണ്‍പതോ നൂറോ പടങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ട. നല്ല മുപ്പതോ നാല്‍പ്പതോ ചിത്രങ്ങള്‍ ഒരു വര്‍ഷം മതി.
പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കുന്ന നടന്മാരെ അദ്ദേഹം വിമര്‍ശിക്കുന്നുണ്ട്. ശ്രീനിവാസനും കുറെ പരസ്യത്തില്‍ അഭിനയിചിട്ടുണ്ടല്ലോ. അപ്പോള്‍ വിമര്‍ശനം അദ്ദേഹത്തിനും കൂടിയാണ്. മലയാളികളുടെ ആസ്വാദന നിലവാരത്തെയും അദ്ദേഹം വിമര്‍ശിക്കുന്നുണ്ട്. രജനികാന്തിന്‍റെ പടങ്ങള്‍ ആണ് മറ്റൊരു വിഷയം. അദ്ദേഹത്തിന്‍റെ മൂന്നാംകിട തമിഴ് പടങ്ങള്‍ വിജയിപ്പിക്കുന്ന മലയാളികള്‍ക്കും ഒരാത്മ പരിശോധന നടത്താന്‍ സരോജ്കുമാര്‍ ഉപകാരപ്പെടും. മുകേഷിന്‍റെ കഥാപാത്രം പറയുന്ന പോലെ നത്തോലി പോലുള്ള ഇവനെങ്ങനെയാണോ എന്തോ ഇരുപതു പേരെ ഇടിച്ചിടുന്നത്? അത് ആര്‍ക്കുള്ള കൊട്ടാണെന്നു ഞാന്‍ പ്രത്യേകിച്ചു പറയണം എന്ന് തോന്നുന്നില്ല.
മോഹന്‍ലാല്‍ പട്ടാളത്തിലെ പദവി വില കൊടുത്തു വാങ്ങിയതായിരിക്കും എന്ന് എനിക്ക് തോന്നുന്നില്ല. പക്ഷെ  ശ്രീനിവാസന്‍റെ വിമര്‍ശനം പദവിക്ക് പിറകെ പോകുന്നതിനെ കുറിച്ചാണ്. മാത്രമല്ല മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരുടെ വീട്ടില്‍ നടന്ന ആദായ നികുതി പരിശോധനയെ കുറിച്ചും ചിത്രത്തില്‍ പ്രദിപാദിക്കുന്നുണ്ട്. ഇന്നും ഞങ്ങളുടെയൊക്കെ മനസ്സില്‍ അതുണ്ട്. കുറേ നാളായി അതിനെ കുറിച്ച് കേട്ടിട്ട്. അവര്‍ ആദായ നികുതി വെട്ടിപ്പ് നടത്തിയോ എന്ന് എന്നെ പോലുള്ള സാധാരണക്കാര്‍ അറിയാന്‍ ആഗ്രഹിക്കുന്നു. ചെറുപ്പം മുതല്‍ ഇവരെയൊക്കെ ആരാധനയോടെ നോക്കിക്കണ്ട ഞങ്ങളെ പോലുള്ളവര്‍ അവര്‍ കള്ളന്മാരെപ്പോലെ സമൂഹമധ്യത്തില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. അത് ബോധ്യപെടുത്താന്‍ അവര്‍ക്ക് ബാധ്യത ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു. കലാകാരന്മാര്‍ക്ക് സമൂഹത്തോട് ഒരു ഉത്തരവാദിത്വം ഉണ്ട്. അത് അവര്‍ അംഗീകരിച്ചേ മതിയാവൂ.  
എന്തായാലും ശ്രീനിവാസന്‍റെ ഉദ്യമം അംഗീകരിക്കപ്പെടെണ്ടത്  തന്നെ ആണ്. ഇതൊക്കെ തുറന്നു പറയാന്‍ നമുക്ക് ശ്രീനിവാസന്‍ മാത്രമല്ലേ ഉള്ളൂ. ആ പടം ഒരു പക്ഷെ നല്ല ചിത്രങ്ങളുടെ ഗണത്തില്‍ വന്നേക്കില്ല. പക്ഷെ അത് ഒരു ചര്‍ച്ച ചെയ്യപ്പെടേണ്ട ചിത്രമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.


------- ശ്രീകാന്ത് മണ്ണൂര്‍     

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ