2011, ഒക്‌ടോബർ 3, തിങ്കളാഴ്‌ച

വിവേകാനന്ദന്‍റെ ചിത്രം

വിവേകാനന്ദ സ്വാമികളും  ഞാനും തമ്മില്‍ എന്താണ് ബന്ധം? ആനയും ഉറുമ്പും തമ്മില്‍ എന്ത് ബന്ധം എന്ന് ചോദിക്കുന്നത്  പോലെയാണ് ഇതും. എനിക്ക് പറയാനുള്ളത് വിവേകാനന്ദനെ പറ്റിയേ അല്ല.

ഹൈദരാബാദിലെ രണ്ടു മാസത്തെ താമസം അദ്ദേഹത്തെ പരിചയപ്പെടാന്‍ ഇടയാക്കി. ജോലി തേടിയുള്ള അവിടുത്തെ ജീവിതം ഒരു പാട് പേരെ പരിചയപ്പെടുത്തി തന്നു. പക്ഷെ അദേഹത്തെ മാത്രം മറക്കാന്‍ കഴിയുന്നില്ല. ഞാന്‍ താമസിച്ച മുറിയില്‍ എന്‍റെ സുഹൃത്തായ ചന്ദ്ര അടക്കം ഞങ്ങള്‍ നാല് പേര്‍ ഉണ്ടായിരുന്നു.

പകല്‍ വിവിധ കമ്പനികളിലെ അഭിമുഖങ്ങളില്‍ പങ്കെടുക്കലായിരുന്നു പ്രധാന പണി. അല്ലെങ്കില്‍ അപേക്ഷ അയക്കാനുള്ള തത്രപ്പാട്. എന്തായാലും ഉച്ച വരെ എങ്ങനെയെങ്കിലും പോയിക്കിട്ടും. ഉച്ചക്ക് ശേഷം ആണ് ബുദ്ധിമുട്ട്.  നാല് മണി ആവാന്‍ വേണ്ടി കാത്തിരിക്കും.ഒരു ചായയും കുടിച്ചു നേരെ ബിഗ്‌ ബസാര്‍ അല്ലെങ്കില്‍ ഹൈദരാബാദ് സെന്‍ട്രല്‍. ഇത് രണ്ടും ഞങ്ങള്‍ താമസിച്ച അമീര്‍ പേട്ടിലെ വലിയ രണ്ടു ഷോപ്പിംഗ്‌ മാളുകള്‍ ആണ്. ശീതികരിച്ച മുറികളുള്ള ആ കച്ചവട സ്ഥലത്ത് മൂന്ന് മണിക്കൂര്‍ എങ്കിലും ചെലവഴിക്കും.അത് മാത്രമാണ് ഹൈദരാബാദ് ജീവിതത്തില്‍ ഓര്‍ക്കാനുള്ള നല്ല നിമിഷങ്ങള്‍.ഒരു കടുകുമണി പോലും വാങ്ങാതെ അവിടുന്ന് തിരിച്ചു നടക്കുമ്പോള്‍ ഓര്‍ക്കാറുണ്ട് ഇത് എനിക്ക് എങ്ങനെ സാധിക്കുന്നു എന്ന്. കയ്യില്‍ കാശ് ഉണ്ടെങ്കില്‍ അല്ലെ വല്ലതും വാങ്ങുന്നത്?

അങ്ങനെ അല്ലലും അലട്ടലും പിന്നെ കുറച്ചു സന്തോഷവുമായ് അങ്ങനെ ജീവിച്ചു പോകുമ്പോഴാണ് എം ഇ എസ്  എന്ന കേരളത്തിലെ ആദ്യത്തെ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജില്‍ (തെലുഗില്‍ പറഞ്ഞാല്‍ പെദ എഞ്ചിനീയറിംഗ് കോളേജ്) നിന്ന് അഭിമുഖത്തിനുള്ള വിളി വരുന്നത്.അത് തന്നെ അവസരം എന്ന് തീര്‍ച്ചയാക്കി ഞാന്‍ നാട്ടിലേക്കുള്ള വണ്ടി പിടിക്കാന്‍ തീരുമാനിച്ചു.
ഞാന്‍ പുറപ്പെടുന്നതിന്‍റെ തലേന്ന് ഞങ്ങള്‍ നാല് പേരും പിന്നെ അഞ്ചാമനും മുറിയില്‍ ഒത്തു കൂടി.ഈ അഞ്ചാമന്‍ മാത്രമാണ് ആ താമസ സ്ഥലത്ത് ഞങ്ങളോട് കുറച്ചെങ്കിലും സംസാരിച്ചിട്ടുള്ളത്. അവിടെ ഒത്തുകൂടിയ എല്ലാവരും തെലുങ്കര്‍, ഞാനൊഴികെ. ആഗോള പ്രശ്നങ്ങളെല്ലാം ഞങ്ങളുടെ ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നു.എല്ലാത്തിനും ഞങ്ങള്‍ക്ക് പരിഹാരവും ഉണ്ടായിരുന്നു.അങ്ങനെ ആഗോള  പ്രശ്നങ്ങളെല്ലാം ഒരു വിധം പരിഹരിച്ചു തീര്‍ന്നപ്പോള്‍ ഞങ്ങള്‍ ഉറങ്ങാന്‍ തീരുമാനിച്ചു.

പിറ്റേ ദിവസം ഉച്ചയ്ക്കാണ് എന്‍റെ ട്രെയിന്‍. ശബരി എക്സ്പ്രസ്സ്‌.പുറപ്പെടാന്‍ നേരം അദ്ദേഹം (അഞ്ചാമന്‍) ഒരു കടലാസ് കൊണ്ട് വന്നു തന്നു.മറക്കരുതെന്നും ഇടക്കെങ്കിലും മെയില്‍ അയക്കണമെന്നും അദ്ദേഹം പറഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും വിഷമിച്ചു.രണ്ടു മാസത്തെ പരിചയത്തിനു ഇത്രയൊക്കെ പറയാന്‍ കഴിയുമോ?

അതൊരു ചിത്രമായിരുന്നു. വിവേകാനന്ദ സ്വാമികളുടെ. ഞാന്‍ ഇന്നും അതു സൂക്ഷിച്ചു വയ്ക്കുന്നു. ഒരു കുറ്റ ബോധത്തോടെ. അതിനു ശേഷം ഞാനിതുവരെ അദ്ദേഹത്തിന് മെയില്‍ അയച്ചിട്ടില്ല.പക്ഷെ സുഹൃത്തേ വിവേകാനന്ദ സ്വാമികളെ കാണുമ്പോഴെല്ലാം എനിക്ക് ഓര്‍മ വരുന്നത് നിങ്ങളെ ആണ്.

നിങ്ങള്‍ എന്നോട് ക്ഷമിക്കും എന്ന ഉറപ്പു എനിക്കുണ്ട്. പക്ഷെ ഞാന്‍ നിങ്ങളെ ഓര്‍മിക്കുന്നത്‌ നിങ്ങള്‍ക്ക് അറിയില്ലല്ലോ. ഈ കുറിപ്പ് വായിക്കാന്‍ നിങ്ങള്‍ക്ക് മലയാളം അറിയില്ലല്ലോ.

മറ്റൊരു ദുഃഖം കൂടി എനിക്ക് ഉണ്ട്. ആ വിലാസം എന്നോ എനിക്ക് നഷ്ടപ്പെട്ട് കഴിഞ്ഞിരുന്നു.......

 -----   ശ്രീകാന്ത് മണ്ണൂര്‍
   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ