2014, ഫെബ്രുവരി 11, ചൊവ്വാഴ്ച

മാന്യത

യാത്രകള്‍ അവസാനിക്കുന്നില്ലെന്നാരാ പറഞ്ഞത്? ആരായാലും, അതൊരു വലിയ ശരിയാണ്. മരണത്തിലേക്കുള്ള ദൂരം കുറയുന്ന ഒരു യാത്ര തന്നെയല്ലേ ജീവിതം? തീവണ്ടി നിലയത്തിലിരിക്കുമ്പോള്‍ ഇത് പോലുള്ള ചിന്തകള്‍ കടന്നു വരുന്നതിനെക്കുറിച്ച് പലപ്പോഴും ആലോചിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഒരുത്തരം കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. സമയം കൊല്ലാനുള്ള മനസ്സിന്‍റെ ഓരോരോ വഴികള്‍ എന്ന ചിന്തയില്‍ ഞാനതിനെ നിസ്സാരപ്പെടുത്താറാണ് പതിവ്‌. ശരിക്കും മനസ്സിനങ്ങനെ ഒരു കഴിവുണ്ടോ? പലതിനുവേണ്ടിയും കാത്തിരിക്കുമ്പോള്‍ മടുപ്പുളവാക്കുന്ന എന്തെങ്കിലും ചേഷ്ടകള്‍ മനസ്സിന് മനസ്സിലാവുന്ന വിധത്തില്‍ ശരീരത്തില്‍ ഉണ്ടാവുന്നുണ്ടോ? അബോധമനസ്സ്‌ അതിന് തോന്നുന്ന വിധത്തില്‍ ശരീരമറിയാതെ ചെയ്യുന്ന പ്രവര്‍ത്തിയാണോ ഇതുപോലുള്ള ചിന്തകള്‍? അതോ ശരീരം ഇതൊക്കെ അറിയുന്നുണ്ടോ?  ഈ സംശയങ്ങള്‍ക്ക്‌ കാരണം, കുറേ സമയം കഴിഞ്ഞ് ബോധമനസ്സിലേക്ക് തിരിച്ചു വരുന്ന നേരത്ത് ചിന്തകളുടെ ഉറവിടം കണ്ടുപിടിക്കാന്‍ കഴിയാതെ പോകുന്നു എന്നതാണ്. 


ഇന്ന് ചിന്തകള്‍ക്ക്‌ വിരാമമിട്ടത് തീവണ്ടിയുടെ ചൂളം വിളിയാണ്. പകല്‍ വണ്ടിയായതിനാല്‍ സാധാരണ റ്റിക്കറ്റാണ് വാങ്ങിയത്. പ്രവര്‍ത്തിദിവസം പിന്നെ ഉച്ചസമയവും, തിരക്ക് കുറവായിരുന്നു. ജനലിനടുത്തുള്ള ഇരിപ്പിടം ഒരു സ്ഥലത്ത് ഒഴിഞ്ഞു കിടന്നതിനാല്‍ ഒന്നുമാലോചിക്കാതെ അവിടത്തന്നെ ഇരുന്നു. സഹയാത്രികരുടെ ചലനവും ചേഷ്ടകളും വസ്ത്രധാരണവും ശ്രദ്ധിച്ച് അവരുടെ പേര് , ജോലി, എവിടേക്കായിരിക്കും യാത്ര തുടങ്ങിയ കാര്യങ്ങള്‍ ആലോചിച്ച് നോക്കുന്ന ഒരു വിനോദം എനിക്കുണ്ട്. സമയം പോകാനുള്ള മനസ്സിന്‍റെ, എന്തിന് വെറുതെ മനസ്സിനെ കുറ്റപ്പെടുത്തുന്നു, എന്‍റെ ഒരു ചെറിയ പരിപാടി. ഒരു സുഹൃത്തിന്‍റെ കൈയ്യില്‍ നിന്നും എന്നിലേക്ക്‌ പകര്‍ന്ന ഒരു തരം കുസൃതി. എനിക്കത് പലപ്പോഴും രസകരമായി തോന്നിയിട്ടുണ്ട്. ഒരാളറിയാതെ അയാളുടെ ജാതകം പരിശോധിക്കുന്ന രീതി. ഒരിക്കലും അയാളെ പരിചയപ്പെടാന്‍ സാധ്യത ഇല്ലാത്തതിനാല്‍ ഈ ആലോചനയുടെ ആധികാരികതയെപ്പറ്റി എനിക്കൊരിക്കലും സംശയമുണ്ടായിട്ടില്ല. സംശയമുണ്ടായാല്‍ തന്നെ ഞാനത് അവഗണിക്കുകയാണ് പതിവ്‌.


നേരെ എതിര്‍വശത്ത്‌ ജനലരികില്‍ മുണ്ടും കുപ്പായവും ധരിച്ച ഒരു മദ്ധ്യവയസ്ക്കന്‍, മാന്യന്‍. ഞാനദ്ദേഹത്തിന് രാജഗോപാല്‍ എന്ന് പേരിട്ടു. അദ്ദേഹം പോലും അറിഞ്ഞില്ല, അദ്ദേഹത്തിന്‍റെ നാമകരണം അവിടെ വച്ച് നടന്ന കാര്യം. അദ്ദേഹം മനോരമയുടെ താളുകളില്‍ വാര്‍ത്തകളില്‍ മുഴുകി ഇരിക്കുകയായിരുന്നു. അദ്ദേഹം എന്‍റെ ഭാവനയില്‍ ഒരു മാഷാണ്. മാഷമ്മാരോട് എനിക്ക് പൊതുവേ ഇത്തിരി ബഹുമാനം കൂടുതലാണ്. അദ്ദേഹത്തിന്‍റെ വായന തടസ്സപ്പെടുത്താതെ ഞാനടുത്ത ആളിലേക്ക് എന്‍റെ ഭാവന പറിച്ചു നട്ടു.


അടുത്ത ആള്‍ക്ക് വെള്ള മുണ്ടും കുപ്പായവും വേഷം. കണ്ടാലറിയാം ഉദ്യോഗത്തില്‍ നിന്നും വിരമിച്ച ആളാണ്‌. പ്രായം എന്തായാലും അറുപത്തിഅഞ്ചെങ്കിലും കാണും. മിക്കവാറും മകളെയോ മകനെയോ കണ്ടുള്ള മടങ്ങി വരവോ അല്ലെങ്കില്‍ അവരെ കാണാനുള്ള യാത്രയോ ആയിരിക്കാം. അദ്ദേഹത്തിന്‍റെ എതിര്‍ വശത്തിരിക്കുന്നത് ഭാര്യയായിരിക്കും. അവര്‍ തമ്മില്‍ ഇടക്കെന്തൊക്കെയോ സംസാരിക്കുന്നുണ്ട്. ആ സ്ത്രീ സഞ്ചിയില്‍ നിന്നും വെള്ളം നിറച്ച കുപ്പി എടുത്തു കൊടുക്കുകയും തിരിച്ച് വെക്കുകയും ചെയ്തു.  അവരുടെ പേരെന്തായിരിക്കും എന്ന ചിന്തയില്‍ ഞാന്‍ കുറച്ചധികം നേരം മുഴുകി എന്ന് തോന്നുന്നു. അടുത്ത തീവണ്ടിനിലയത്തില്‍ നിറുത്തിയപ്പോഴാണ് ഞാന്‍ വീണ്ടും ഉണര്‍ന്നത്. അപ്പോഴേക്കും അവര്‍ക്ക് രാഘവന്‍ എന്നും ഭാനുമതി എന്നും പേര് കണ്ടെത്തിക്കഴിഞ്ഞിരുന്നു. 


അപ്പോഴാണ്‌ അവര്‍ക്കടുത്തായി ഒരു യുവാവ് വന്നിരുന്ന കാര്യം ഞാന്‍ ശ്രദ്ധിച്ചത്. അദ്ദേഹം ഇവിടുന്ന് കയറിയതായിരിക്കും എന്ന് ഞാന്‍ ഊഹിച്ചു. ഷൂവും അരപ്പട്ടയും ഒക്കെ കെട്ടിയ അദ്ദേഹത്തെ കണ്ടപ്പോഴേ എന്‍റെ ആലോചന വിവരസാങ്കേതിക ലോകത്തേക്ക് പോയി. എന്താണ് അതിന് കാരണം എന്നെനിക്കറിയില്ല. ഒരു കൈയ്യില്‍ വിലകൂടിയ യാത്രദൂരസംസാരിയും മറുകൈയ്യില്‍ എങ്ങനെ ജീവിതത്തില്‍ വിജയിക്കാം എന്നോ മറ്റോ ഇംഗ്ലീഷ് തലവാചകമുള്ള ഒരു പുസ്തകവും കണ്ടത് കൊണ്ടാണോ എന്നെനിക്കറിയില്ല. ആ പുസ്തകം ആര്‍ക്ക് വേണമെങ്കിലും വായിക്കാം. അത് പോലുള്ള ദൂരസംസാരികള്‍ ഇന്നാരുടെ കൈയ്യിലും കാണും. എന്നിട്ടും ഞാന്‍ അദ്ദേഹത്തെ വിവരസാങ്കേതിക രംഗത്തെ ഒരുദ്യോഗസ്ഥനായി കണ്ടു. മറ്റാരേയും ശ്രദ്ധിക്കാതെയുള്ള ആ ഇരിപ്പും ഇടക്ക് പുസ്തകത്തിലും പിന്നെ ഫോണിലും  മാറിമാറിയുള്ള നോട്ടവും എന്‍റെ ഭാവന ശരിയാണെന്ന് ഞാന്‍ വെറുതേ വിശ്വസിച്ചു. അദ്ദേഹത്തിന് അജയ്‌ എന്ന പേരിടാന്‍ ഞാന്‍ തീരുമാനിച്ചു.


രാജേട്ടനും, രാഘവേട്ടനും, ഭാനുചേച്ചിയും പിന്നെ അജയും ചേര്‍ന്നുള്ള എന്‍റെ യാത്ര തുടര്‍ന്നു. ഞാന്‍ ചിന്തകള്‍ക്ക്‌ അവധി കൊടുത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ആറന്മുളവിമാനത്താവള പദ്ധതിയെ എതിര്‍ത്തു കൊണ്ടുള്ള ലേഖനത്തിലേക്ക്‌ മുഖം പൂഴ്ത്തി. ഒരു ശീതളപാനീയ വില്‍പ്പനക്കാരന്‍റെ ശബ്ദമാണ് എന്നെ തീവണ്ടി മുറിയിലേക്ക് തിരിച്ച് കൊണ്ടുവന്നത്. അജയ്‌ ഏതോ ഒരു പാനീയത്തിന്‍റെ അരലിറ്റര്‍ കുപ്പി വാങ്ങി. അത് മുഴുവന്‍ കുടിച്ച് അദ്ദേഹം അത് തന്‍റെ ഇരിപ്പിടത്തിനടിയിലേക്ക് എറിഞ്ഞു കൊണ്ട് വീണ്ടും ജീവിതവിജയം തേടി പുസ്തകത്താളുകളിലേക്ക് മറഞ്ഞു. രാജേട്ടന്‍ എന്നെ നോക്കി മുഖം കൊണ്ട് എന്തോ ഒരു പുച്ഛഭാവം അല്ലെങ്കില്‍ ആ ചെയ്ത പ്രവൃത്തിയോടുള്ള അമര്‍ഷം പ്രകടിപ്പിച്ചു. എന്തോ അജയ്‌ ആ ചെയ്തത് എനിക്കും ഇഷ്ടമാവാത്തത്കൊണ്ട് രാജേട്ടന്‍ പ്രകടിപ്പിച്ച അതൃപ്തി ഞാന്‍ ചിരിച്ചംഗീകരിച്ചു. എനിക്കെന്തോ ആ സമയം രാജേട്ടനോടുള്ള ബഹുമാനം ഇരട്ടിച്ചു.


എന്‍റെ വായന ചോക്കുപൊടിയും മറ്റും കടന്ന് ബാലപംക്തിയില്‍ എത്തിയിരുന്നു. അതില്‍ വരുന്ന ചില കഥകള്‍ക്കും കവിതകള്‍ക്കും മുതിര്‍ന്നവര്‍ എഴുതുന്നവയേക്കാള്‍ നിലവാരം ഉണ്ടെന്ന് ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്. ഒരു കടല വില്‍പ്പനക്കാരന്‍റെ വരവ് വീണ്ടും തീവണ്ടി മുറിയില്‍ ശബ്ദം നിറച്ചു. രാജേട്ടന്‍ പത്ത് രൂപ കൊടുത്ത് ഒരു പൊതി വാങ്ങുന്നത് കണ്ടു. കുറേനേരമായി ഇരുന്നത് കൊണ്ട് ഞാനൊന്നെഴുന്നേറ്റു. വാതിലിന്‍റെ അടുത്ത് പോയി കുറച്ചു നേരം നിന്നു. നല്ല കാറ്റ് വരുന്നുണ്ടായിരുന്നു. ആ നില്‍പ്പ് എനിക്ക് ഇഷ്ടമായി. വാതില്‍ എന്നെ പുറത്തേക്ക് തള്ളി വീഴ്ത്താതിരിക്കാന്‍ അതും പിടിച്ച് കൊണ്ട് ഞാനവിടെ നിന്നു.


തിരിച്ച് ഞാനിരിപ്പിടത്തില്‍ പോയിരുന്നു. രാഘവേട്ടനും ഭാനുചേച്ചിയും അറ്റത്തേക്ക് മാറിയിരുന്നിരുന്നു. അജയ്‌ ആ ഭാഗത്തെങ്ങുമില്ല. നിലത്തവിടവിടെ കടലയുടെ ചൂളികള്‍ ഉണ്ടായിരുന്നു. നോക്കുമ്പോള്‍ രാജേട്ടന്‍ ആസ്വദിച്ചു കടല കൊറിക്കുന്നു. എന്താണവിടെ നടന്നതെന്നതിനു ഒരു വിശദീകരണം  പോലും ആവശ്യമില്ലായിരുന്നു. ശേഷം യാത്രയില്‍ ഞാനാലോചിച്ചത് മാന്യതയുടെ നിര്‍വ്വചനത്തെപ്പറ്റിയായിരുന്നു....

------------------------------ ശ്രീകാന്ത്‌ മണ്ണൂര്‍
------------------------------ 11/02/2014

1 അഭിപ്രായം: