2013, ഡിസംബർ 14, ശനിയാഴ്‌ച

നിങ്ങള്‍ക്ക്‌ നഷ്ടപ്പെടാന്‍........

രാത്രി പത്ത് മണി കഴിഞ്ഞ സമയം.

ആ നഗരത്തിലെ ഒരു ചെറിയ നിരത്തിന്‍റെ ഓരം ചേര്‍ന്ന് നടന്നു വരുന്ന ഒരാള്‍. അത് മറ്റാരുമല്ല ഈ ഞാനാണ്. ഈയുള്ളവന്‍ ഒരു വിവാഹസല്‍ക്കാരം കഴിഞ്ഞ് വരുന്ന വഴിയാണ്. കൂടെ ഉണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ വണ്ടിയില്‍ എന്നെ പ്രധാനനിരത്തില്‍ ഇറക്കിവിട്ട് പോയതേ ഉള്ളൂ. ആ നിരത്തിലെങ്ങും അപ്പോള്‍ ആരും ഉണ്ടായിരുന്നില്ല. വീടുകളില്‍ നിന്നുള്ള വെളിച്ചങ്ങള്‍ നിരത്തില്‍ ചില മരങ്ങളുടെ നിഴലുകള്‍ സൃഷ്ടിക്കുന്നുണ്ട്. പിന്നെ രണ്ട് മൂന്ന് നായകള്‍ അവിടേയും ഇവിടേയും നിന്ന് എന്നെ നോക്കുന്നുണ്ടായിരുന്നു, അത്ര മാത്രം. എന്‍റെ ഉള്ളില്‍ ഒരു ഭയം വന്നു വീണത്‌ പോലെ. ഞാന്‍ മുന്നോട്ട് തന്നെ നടന്നു. എന്‍റെ താമസസ്ഥലം അടുത്തു തന്നെയാണ്. വിവാഹസല്‍ക്കാരം ഈ നഗരത്തില്‍ നിന്ന് ഒരമ്പത് കി.മീ ദൂരത്തിലായിരുന്നു. ദേശിയപാതയില്‍ അറ്റകുറ്റ പണികള്‍ നടക്കുന്ന സമയമാണെന്ന് തോന്നുന്നു. അവിടവിടെ മാന്തിയും പൊളിച്ചും ഇട്ടിട്ടുണ്ട്. വണ്ടി ഓടിക്കാന്‍ അത്ര സുഖം പോരായിരുന്നു, സുഹൃത്തിന്. അതിനാല്‍ തിരിച്ചു വരുമ്പോള്‍ മറ്റൊരു വഴിക്കാണ് വന്നത്. അതാണ്‌ ഇത്രയും വൈകിയത്. 

പൊതുവേ ഒമ്പതര കഴിഞ്ഞാല്‍ എനിക്ക് പുറത്തിറങ്ങാന്‍ മടിയാണ്. എന്‍റെ സുഖസുന്ദരമായ ഉറക്കത്തിന് ഭംഗം വരുന്നതിനാല്‍ അങ്ങനെയുള്ള യാത്രകള്‍ ഞാന്‍ പൊതുവെ ഒഴിവാക്കാറുണ്ട്. എപ്പോഴും അത് നടക്കണമെന്നില്ലല്ലോ. അതിന്‍റെ ഒരു അസ്കിത എന്‍റെ ചലനത്തില്‍ ഉണ്ടെന്ന് തോന്നുന്നു. അതായിരിക്കും ആ പട്ടികള്‍ എന്നെ സംശയത്തോടെ നോക്കിയത്. പട്ടികള്‍ക്ക് എന്നെ കടിക്കാന്‍ തോന്നരുതേ എന്ന പ്രാര്‍ഥനയോടെ ഞാന്‍ മുന്നോട്ട് തന്നെ നടന്നു. എന്‍റെ ചലനത്തിന്‍റെ ചെറിയ ഒരു താളഭംഗം മതി, അവറ്റയ്ക്ക് എന്നെ കടിച്ച്കീറാന്‍. അത് ഉണ്ടാക്കാന്‍ ഭയം കാരണം താളം തെറ്റി മിടിക്കുന്ന എന്‍റെ ഹൃദയം തന്നെ ധാരാളം. എന്‍റെ ഹൃദയതാളം കേട്ട് പട്ടികളെ ഇടങ്കണ്ണിട്ട് നോക്കി ഞാന്‍ മുന്നോട്ട് തന്നെ നടന്നു.

ആ സമയം എതിര്‍വശത്ത്‌ നിന്ന് മറ്റൊരു വഴിയിലൂടെ ഒരു നാല്‍വര്‍ സംഘം കയറി വന്നു. ഒരു പെണ്ണും മൂന്നാണും. ഈ പത്ത് മണി കഴിഞ്ഞ സമയം ഈ പെണ്‍കുട്ടി എവിടെ പോകുന്നു എന്ന് ഞാന്‍ ചിന്തിച്ചാല്‍ നിങ്ങള്‍ പറയും ഇതെവനെടാ ഈ സദാചാരവാദി എന്ന്. ഓ.. അല്ല കപടസദാചാരവാദി. അതെന്താ ഒരു പെണ്‍കുട്ടിക്ക്‌ പത്ത് മണിക്ക് ശേഷം അവളുടെ സുഹൃത്തുക്കളുടെ കൂടെ പുറത്ത് പൊയ്ക്കൂടെ എന്ന ചോദ്യവും നിങ്ങളുടെ പലരുടേയും മനസ്സില്‍ അലയടിക്കുന്ന ശബ്ദവും എനിക്ക് കേള്‍ക്കാം. പക്ഷേ എനിക്കെന്തുകൊണ്ടോ അങ്ങനെ ഒരു ചിന്തയാണ് മനസ്സില്‍ വന്നത്. എല്ലാവരും എന്നോട് പൊറുക്കുക. ഞാനൊരു സാധാരണക്കാരനാണ്. ഒരു പെണ്‍കുട്ടിയും കൂടെ മൂന്ന് പയ്യന്മാരും എന്നത് എന്തോ എനിക്കത്ര ദഹിച്ചില്ല. ചിലപ്പോള്‍ അതെന്‍റെ ചിന്താശേഷിയുടെ കുറവായിരിക്കാം. എന്നാലും ഇനി ഞാന്‍ കണ്ട കാര്യങ്ങള്‍ പറഞ്ഞാല്‍ നിങ്ങള്‍ക്കും ഒരു പക്ഷേ എന്‍റെ ചിന്തകളുമായി യോജിക്കാന്‍ കഴിഞ്ഞേക്കും.

നാല് പേരുടേയും ചലനങ്ങള്‍ അത്ര പന്തിയായിരുന്നില്ല. അമിതമാകാതെ കുറച്ച് അകത്ത് ചെന്നിട്ടുണ്ടെന്ന കാര്യം ഏകദേശം ഉറപ്പാണ്. എല്ലാവരും എന്തൊക്കെയോ ഉച്ചത്തില്‍ സംസാരിക്കുന്നുണ്ട്. ഒന്നും വ്യക്തമല്ല. അവര്‍ ആ പെണ്‍കുട്ടിയുടെ പടം പല തരത്തില്‍ നിര്‍ത്തി എടുക്കുന്നുണ്ട്. സംസാരത്തിനിടക്കും അത് തുടരുന്നുണ്ട്. മൂന്നു പേരും മാറി മാറി ആ കുട്ടിയുടെ പടം എടുത്തുകൊണ്ടേ ഇരിക്കുന്നു. പെണ്‍കുട്ടി മറുത്തൊന്നും പറയാതെ നിന്ന് കൊടുക്കുന്നുമുണ്ട്‌. അത് കണ്ടപ്പോള്‍ എനിക്ക് ശ്രദ്ധിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. വേണ്ടെന്ന് വിചാരിച്ചെങ്കിലും ഞാന്‍ അങ്ങോട്ട്‌ തന്നെ നോക്കി. അത് കണ്ട് കൂട്ടത്തിലൊരു പയ്യന്‍ എന്നോട്..

"താനെന്താടോ ഇങ്ങോട്ട് നോക്കണേ?"

"ഒന്നൂല്ല". ഒന്നൂല്ല എന്നല്ലാതെ ഞാനെന്ത് പറയാനാ അപ്പോ..

ഞാനാലോചിച്ചത്  മൊത്തം ഇന്ന് രാത്രി തന്നെയോ അല്ലെങ്കില്‍ നാളെയോ ആ പെണ്‍കുട്ടിയുടെ ചിത്രം ഇന്‍റര്‍നെറ്റില്‍ പല തരത്തില്‍ മാറ്റി വരുകയാണെങ്കില്‍, അത് ആ കുട്ടിയുടെ ആരെങ്കിലും കാണുകയാണെങ്കില്‍, എന്നൊക്കെയായിരുന്നു. പക്ഷേ ആ പെണ്‍കുട്ടിക്ക് അങ്ങനെ ഉള്ള ചിന്തകള്‍ ഉണ്ടെന്ന് തോന്നിയില്ല. അല്ലെങ്കില്‍ അങ്ങനെ ചിന്തിക്കാന്‍ ഉള്ള ശേഷി ആ സമയത്ത് ഉണ്ടായിരുന്നിരിക്കില്ല. പെര്‍ക്കിന്‍റെ പരസ്യത്തില്‍ കാണുന്നത് പോലെ "പപ്പയെ" പറ്റിച്ച് കാമുകനെ കാണണം എന്നതാണല്ലോ ഇപ്പോഴത്തെ ഒരു രീതി. പാവം അച്ഛന്മാര്‍ - അവരെന്തറിവൂ ഈ ലോകക്രമത്തിന്‍ താളഭംഗങ്ങള്‍?

"ഒന്നൂല്ലെങ്കില്‍ പിന്നെ ഞങ്ങളെ നോക്കുക്കയാണോ ചെയ്യുക?" മറ്റൊരുത്തന്‍

"ഇവിടെ ഈ സമയത്ത് വേറെ ആരും ഇല്ലല്ലോ നോക്കാന്‍" എന്ന് ഞാന്‍.

"വേറെ ആരെങ്കിലും ഉണ്ടെങ്കില്‍ അങ്ങോട്ട്‌ നോക്കുമായിരുന്നോ?" ആ പെണ്‍കുട്ടിയാ...

"അതറിയില്ല. ചിലപ്പോ. അങ്ങനെ ഒരു സാധ്യത തള്ളിക്കളയാന്‍ പറ്റില്ലല്ലോ".

"വേറെ ആരും ഇല്ലാത്തത് കൊണ്ട് ഞങ്ങളെ നോക്കണോ. ആരേയും നോക്കാതെ ജീവിക്കാന്‍ പറ്റില്ലേ?" നാലാമനാ...

 "അതെങ്ങനെ?കണ്ണുകള്‍ നോക്കനല്ലേ? ഈ ലോകത്തെ, ദാ ആ നക്ഷത്രങ്ങളെ, അമ്പിളിഅമ്മമനെ, പിന്നെ ഇപ്പോ നിങ്ങളെയും. അതിലെന്താ തെറ്റ്? പ്രത്യേകിച്ചും ഇവിടെ മറ്റാരും ഇല്ലാത്ത സ്ഥിതിക്ക്. നമ്മള്‍ അഞ്ച് പേര്‍ മാത്രം. അത് പോട്ടെ എവിടെ പോയി വരുന്നു നിങ്ങള്‍ ഈ പാതിരാത്രിക്ക്?"

"താനെവിടെ പോയി വരുന്നു?" എന്നായി അവര്‍.

"ഞാനൊരു സുഹൃത്തിന്‍റെ വിവാഹസല്‍ക്കാരത്തില്‍ പങ്കു കൊണ്ട് വരുന്നു".

"ഞങ്ങളും അങ്ങനെ തന്നെ, എന്തേ?'

"അല്ല. ഈ ഇരുട്ടത്ത്, ഇവിടെ വെച്ച് തന്നെ വേണോ ആ കുട്ടിയുടെ പടമെടുക്കാന്‍ എന്നൊരാലോചന".

"അത് ഞങ്ങളുടെ സൗകര്യം" 

"ആണ് നിങ്ങളുടെ സൗകര്യം തന്നെയാണ്. ഞാന്‍ ചിന്തിച്ചത് പറഞ്ഞെന്നേ ഉള്ളൂ. അല്ലാതെ നിങ്ങളെ തടയാനൊന്നും പറ്റില്ലല്ലോ. എനിക്ക് ചിന്തിക്കാമല്ലോ?"

"താനെന്തെങ്കിലും ചെയ്യ്‌"

 അവര്‍ അവരുടെ പ്രവൃത്തി തുടര്‍ന്ന് മുന്നോട്ട് നടന്നു. കുറച്ചു ദൂരം മുന്നോട്ട് പോയി ആ പെണ്‍കുട്ടി ഒരു വീട്ടിലേക്ക്‌ കയറി പോയി. ആണ്‍കുട്ടികള്‍ പിന്നെയും മുന്നോട്ട്. ഞാന്‍ എന്‍റെ വഴിക്കും. പക്ഷേ എന്‍റെ ചിന്തയില്‍ അത് അപ്പോഴും ഉണ്ടായിരുന്നു. മറ്റ് പല സ്ഥലത്തും നടന്ന സംഭവങ്ങള്‍ ഇവിടെ ആവര്‍ത്തിക്കപ്പെട്ടില്ലല്ലോ എന്ന സമാധാനത്തോടെ. ഇവിടെ ഈ സാഹചര്യത്തില്‍ എന്തെങ്കിലും നടക്കുകയാണെങ്കില്‍ അതിന് ധാര്‍ഷ്ട്യവും കാരണമായേനെ. മറ്റാരുടേതുമല്ല ആ പെണ്‍കുട്ടിയുടെ. ആ പെണ്‍കുട്ടിയോട് എനിക്കിത്രയേ പറയാനുള്ളൂ...നിങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ എന്തിരിക്കുന്നു? നഷ്ടം നിങ്ങളുടേതല്ല കുട്ടീ... വീട്ടില്‍ നിങ്ങളെ കാത്തിരിക്കുന്ന, നിങ്ങള്‍ "പെര്‍ക്ക്" കൊടുത്ത് 'മയക്കി'യിരിക്കുന്നവര്‍ക്കാണ് നഷ്ടം.. അവര്‍ക്ക്‌ നഷ്ടപ്പെട്ടത് നിങ്ങളെ കുറിച്ചുള്ള വിശ്വാസമാണ്..പക്ഷേ അതവരറിയുന്നില്ലല്ലോ..അറിയുമ്പോഴേക്കും ഒരുപാട് വൈകിപ്പോയിരിക്കും..

--------------------------------- ശ്രീകാന്ത്‌ മണ്ണൂര്‍
--------------------------------- 14/12/2013

2 അഭിപ്രായങ്ങൾ: