2013, നവംബർ 20, ബുധനാഴ്‌ച

ആ വെളുത്തരൂപം

പരീക്ഷക്ക്‌ തയ്യാറെടുക്കുന്ന ഒരു കാലം. ഒരു മാസം കൂടിയേ ആ ദിവസങ്ങളിലേക്ക് ദൂരമുള്ളൂ എന്ന ചിന്ത എല്ലാവരേയും വല്ലാതെ അസ്വസ്ഥരാക്കിയിരുന്നു. അതിന്‍റെ പരിണിത ഫലമായിരുന്നു രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാത്ത പഠനം. എല്ലാവരും എപ്പോഴും പഠിക്കില്ല. പക്ഷേ ഏതു സമയത്തും ഒരാളെങ്കിലും പഠിക്കുന്നുണ്ടാവും എന്നതാണ് ഞങ്ങള്‍ താമസിക്കുന്ന വീട്ടിലെ പ്രത്യേകത. അങ്ങനെ അല്ലാത്തത് ഭക്ഷണം കഴിക്കുമ്പോഴോ അത് കഴിഞ്ഞ് കുറച്ച് സമയം "കത്തി" വെക്കുമ്പോഴോ മാത്രമാണ്. ഞങ്ങള്‍ ഏഴു പേര്‍. ഒരു സ്ഥലത്ത് ഒരുമിച്ച് താമസിച്ച് പരീക്ഷക്ക്‌ പഠിക്കാം എന്ന ഉദ്ദേശത്തോടെ ഒരു വീട്ടില്‍ താമസിക്കുന്നവര്‍. ഞങ്ങള്‍ ബിരുദത്തിന് പഠിക്കുന്നു. എ എം ഐ ഇ എന്ന് പറയും. വിദൂരവിദ്യാഭ്യാസം വഴിയായത് കൊണ്ടും എല്ലാ വിഷയങ്ങളും ഒരുമിച്ച് എഴുതാന്‍ നിയമം അനുവദിക്കാത്തത് കൊണ്ടും ചില സ്വാതന്ത്ര്യങ്ങള്‍ ഉണ്ട്. അതുകൊണ്ട് പഠന വിഷയങ്ങളിലോ അളവിലോ എന്തെങ്കിലും കുറവുള്ളതായി തോന്നിയിട്ടുമില്ല. 

തൊടുപുഴ കോലാനി ശ്രീകൃഷ്ണ ക്ഷേത്രത്തിന്‍റെ തൊട്ടടുത്തുള്ള വീട്ടിലാണ് വാസം. വീട്ടുമുറ്റത്ത് നിന്നാല്‍ അമ്പലം കാണാം. അതുകൊണ്ട് തന്നെ എല്ലാവര്‍ക്കും ഭക്തി അല്പം കൂടിയോ എന്ന് സംശയം. പരീക്ഷയും അതിന് കാരണമായിട്ടുണ്ടെന്ന് തോന്നുന്നു. വീട്ടില്‍ നിന്ന് ഇറങ്ങിയാല്‍ തൊട്ടു മുമ്പില്‍ തന്നെ കുളമാണ്. അമ്പലക്കുളം. ഞങ്ങള്‍ താമസം തുടങ്ങിയ കാലത്ത് പായല്‍ പിടിച്ച് കിടക്കുകയായിരുന്നു. ശാന്തിക്കാരും ചില നാട്ടുകാരും മാത്രമേ അവിടെ കുളിക്കാറുണ്ടായിരുന്നുള്ളൂ. മൂന്നു നാലു മാസം കഴിഞ്ഞപ്പോള്‍ അത് വൃത്തിയാക്കി. നാട്ടുകാര്‍ക്ക് അതൊരു ആഘോഷമായിരുന്നു. ഞങ്ങളും നോക്കി നിന്ന് അതില്‍ പങ്കു കൊണ്ടു.

തൊട്ടടുത്ത്‌ തന്നെയാണ് അമരങ്കാവ്. മൂന്ന്‍ ഏക്കറിലധികമുള്ള കാടിന്‍റെ നടുക്ക് മഴയും വെയിലും കൊള്ളുന്ന വനദുര്‍ഗ്ഗയാണ് പ്രതിഷ്ഠ. അവിടുന്ന് ആരും ഒരു ചുള്ളിക്കൊമ്പ് പോലും ഓടിക്കാന്‍ ധൈര്യപ്പെടില്ല. ആ വനം തന്നെ ദേവിയാണെന്നാണ് വിശ്വാസം. വനം സംരക്ഷിക്കാന്‍ പൂര്‍വ്വികര്‍ കാണിച്ച ബുദ്ധി. ഭക്തിക്ക് ഭക്തിയും കൂടെ പരിസ്ഥിതി സംരക്ഷണവും. അവിടുത്തെ നിശബ്ദത വാല്ലാതെ ആകര്‍ഷിക്കുന്ന ഒന്നായിരുന്നു. തൊട്ടടുത്ത്‌ ഒരു വായനശാല. വല്ലപ്പോഴുമുള്ള ടിവി കാണലും ചിലപ്പോള്‍ പത്രം വായനയും അവിടുന്നായിരുന്നു. അത് നടത്തിക്കൊണ്ട് പോകുന്നയാളുടെ പേര് എനിക്കോര്‍മ്മയില്ല. പക്ഷേ വിവാഹം പോലും വേണ്ടെന്ന് വെച്ച് പുസ്തകങ്ങളുടെ ലോകത്ത് ജീവിക്കുന്ന ഒരാള്‍. ഞങ്ങള്‍ക്ക്‌ അദ്ദേഹം ഒരദ്ഭുതമായിരുന്നു. വളരെ സൗമ്യന്‍. അങ്ങനെ ആരോടെങ്കിലും അദ്ദേഹം ദേഷ്യപ്പെടുന്നത് കണ്ടിട്ടേയില്ല.

അങ്ങനെ ജീവിതം പഠനവും അല്പം ഭക്തിയും ഒക്കെയായി അങ്ങനെ നീങ്ങുകയായിരുന്നു. പെട്ടന്നൊരു ദിവസം ഭയങ്കരമായ ഒരു സംഭവം നടന്നു എന്നൊന്നുമല്ല ഞാന്‍ പറയാന്‍ പോകുന്നത്.  അന്ന് ഞങ്ങള്‍ അത്താഴമൊക്കെ കഴിച്ച് കുളത്തിന്‍റെ പടവില്‍ പതിവ്‌ 'കത്തിയില്‍' മുഴുകി ഇരിക്കുകയായിരുന്നു. ആകാശത്തിന് കീഴിലും മുകളിലുമുള്ള എന്ത് കാര്യത്തെപ്പറ്റിയും ആധികാരികമായി ഞങ്ങള്‍ സംസാരിക്കുന്ന ഒരു സമയമാണത്. എല്ലാവര്‍ക്കും എന്തൊരു വിവരമാണെന്നോ ഓരോരോ കാര്യങ്ങളെ പറ്റി. ആ വിഷയത്തിലെ വിദഗ്ദ്ധര്‍ പോലും ഇങ്ങനെ സംസാരിക്കില്ല. അങ്ങനെ എന്തൊക്കെയോ സംസാരിച്ച കൂട്ടത്തില്‍ വിഷയം പ്രേതങ്ങളെ പറ്റിയായി. പ്രേതങ്ങള്‍ എന്ന് കേള്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും ഒരു പേടി ഒക്കെ തോന്നും. ഇതുവരെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും, എത്ര ധൈര്യം സംഭരിച്ചാലും മനസ്സിന്‍റെ ഏതൊക്കെയോ കോണില്‍ ആ പേടി അങ്ങനെ കിടക്കും. അത് മനുഷ്യസ്വഭാവമാണ്. ഇല്ല എന്ന് ബോധ്യമുണ്ടെങ്കിലും ഉണ്ടെന്ന ഒരുതരം സങ്കല്‍പ്പം.

പലരും അവരുടെ അനുഭവം അല്ലെങ്കില്‍ കേട്ട കഥകള്‍ ഒക്കെ അവിടെ നിരത്തി. ആധികാരികമായി തന്നെ എല്ലാവരും പ്രേതവും യക്ഷിയും ഉണ്ടെന്ന് പറയാതെ പറഞ്ഞു. പ്രേതകഥകള്‍ കേട്ട് കഴിഞ്ഞാല്‍ മനസ്സിനൊരു കുഴപ്പമുണ്ട്, അത് ഇല്ലാത്തത് ഉണ്ടെന്ന് കാണിക്കും. പ്രത്യേകിച്ചും രാത്രിയിലാണ് കഥ കേള്‍ക്കുന്നതെങ്കില്‍. നടക്കുമ്പോള്‍ പിന്നില്‍ ആരോ ഉണ്ടെന്നൊരു തോന്നല്‍. പെട്ടെന്ന് തിരിഞ്ഞു നോക്കും. ഒരു പൂച്ചക്കുട്ടി പോലും ഉണ്ടാവുകയുമില്ല. അന്നും അങ്ങനെ ഒക്കെ എനിക്കും തോന്നി. കുളത്തിന്‍റെ അങ്ങേ കരയില്‍ ആരോ ഞങ്ങളെ നോക്കുന്നു എന്നൊരു തോന്നല്‍. ദൂരെ, വഴിയുടെ അങ്ങേ അറ്റത്ത് നിന്ന് ആരോ വരുന്നുണ്ടെന്ന തോന്നല്‍. പക്ഷേ ആരും ഉണ്ടായിരുന്നില്ല.

കുറച്ചു നേരം കൂടി എന്തൊക്കെയോ പറഞ്ഞ് ഞങ്ങള്‍ പഠനം തുടര്‍ന്നു. ഞാന്‍ പഠിക്കാന്‍ ഇരിക്കുന്നത് ജനാലക്കടുത്താണ്. ജനലിലൂടെ പുറത്തേക്ക് കാണുന്ന വിധത്തിലാണ് ഞാനും ഒരു കൂട്ടുകാരനും പഠിക്കാനിരിക്കുക. അവിടെ ഇരുന്നാല്‍ പുറത്തെ കവുങ്ങുകളും തെങ്ങുകളും കാണാം. അതിന്‍റെ പിന്നിലായി കൈതച്ചക്ക തോട്ടമാണ്. അത് അങ്ങനെ കാണാന്‍ പറ്റില്ല. അമ്പലത്തിന്‍റെ ഒരു ഭാഗവും അവിടിരുന്നാല്‍ കാണാം. ഇതൊക്കെ പകലത്തെ കാര്യമാണ് കേട്ടോ? രാത്രിയില്‍ ഇരുട്ടല്ലാതെ മറ്റെന്ത് കാണാന്‍? നിലാവുണ്ടെങ്കില്‍ അങ്ങിങ്ങ് ചില വെളിച്ചങ്ങളും കാണാന്‍ പറ്റും.

ഞാന്‍ പഠനം തുടരുകയായിരുന്നു. മുമ്പ് സംസാരിച്ച കാര്യങ്ങള്‍ ഞാന്‍ വീണ്ടും എപ്പോള്‍ ആലോചിച്ചു തുടങ്ങി എന്നറിയില്ല. എന്‍റെ ചിന്തകള്‍ കാട് കയറി തുടങ്ങിയിരുന്നു. അപ്പോഴാണ്‌ ഒരു വെളുത്തരൂപം മരങ്ങള്‍ക്കിടയില്‍ നില്‍ക്കുന്നതായി തോന്നിയത്. അത് ഒരു യക്ഷി ആണെന്നും അത് ജനലിന്‍റെ അടുത്തേക്ക് വരുന്നതായും മറ്റും ഞാന്‍ ഭാവനയില്‍ കണ്ട് തുടങ്ങിയിരുന്നു. ആ രൂപം മെല്ലെ വലുതാകുന്നതായും എനിക്ക് തോന്നി. ആ യക്ഷി എന്നെ എന്ത് ചെയ്യും എന്നൊക്കെ ചിന്തിച്ചു കൊണ്ടിരിക്കുമ്പോള്‍ പിന്നില്‍ നിന്നാരോ എന്‍റെ ചുമലില്‍ തൊട്ടു...ആരോ എന്നെ വിളിച്ചു...

"എടാ"

"എന്‍റെമ്മോ" എന്നും പറഞ്ഞ് ഞാന്‍ ഞെട്ടി കസേരയില്‍ നിന്നെഴുന്നേറ്റു.

അതിലും വലിയൊരു "എന്‍റെമ്മോ" ഞാനപ്പോള്‍ പിന്നില്‍ നിന്നും കേട്ടു. പുസ്തകവും പേനയും ഒക്കെ താഴെ വീണു. അപ്പോഴാണ്‌ സംഭവം മനസ്സിലായത്‌. ഞാനിങ്ങനെ ആലോചിച്ചിരിക്കുന്ന കണ്ടപ്പോള്‍ കൂട്ടുകാരന്‍ വെറുതെ ഒന്ന് പേടിപ്പിക്കാന്‍ വന്നതായിരുന്നു. പക്ഷേ അവനും കൂടെ പേടിക്കേണ്ടി വന്നു. അവനറിഞ്ഞിരുന്നില്ലല്ലോ ഞാന്‍ യക്ഷികളെ പറ്റിയാണ് ആലോചിച്ചോണ്ടിരുന്നതെന്ന്. ഞാന്‍ അവനാ വെളുത്തരൂപം കാണിച്ചു കൊടുത്തു. അതൊരു രൂപമൊന്നുമായിരുന്നില്ല. രണ്ടു കവുങ്ങുകളുടെ ഇടയിലൂടെ വെളിച്ചം വരുന്നതായിരുന്നു. എന്തായാലും അതൊരു രാത്രി ചര്‍ച്ചയ്ക്ക് വഴി തെളിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ. അന്നത്തെ പഠനവും അതോടെ നിന്നു.

---------------------------- ശ്രീകാന്ത്‌ മണ്ണൂര്‍
---------------------------- 19/11/2013

1 അഭിപ്രായം:

  1. ഹഹഹ...നല്ലൊരു യക്ഷിക്കഥ കേള്‍ക്കാന്‍ വന്നതായിരുന്നു ഞാന്‍!!

    മറുപടിഇല്ലാതാക്കൂ