2013, ജൂലൈ 1, തിങ്കളാഴ്‌ച

കോട്ടികളി



"അച്ഛാ ഞാനിറങ്ങുന്നു"

"ഇതെന്തിനാ ഇത്ര നേരത്തെ?"

"അരുണുണ്ടാവും അതാ"

ഞാന്‍  ആലോചിക്കുകയായിരുന്നു ഞാനും അവനും ഒരേ പള്ളിക്കൂടത്തിലേക്കാണ് പോകുന്നത്. പിന്നെ ഇവനെന്തിനാണ് ഇത്ര നേരത്തെ അങ്ങോട്ട്‌ വെച്ച് പിടിക്കുന്നത്‌? പഠിക്കാനുള്ള താല്പര്യം എങ്ങാനും പെട്ടെന്ന് കൂടിയോ? ഏയ്‌ അങ്ങനെ വരാന്‍ വഴി ഉണ്ടോ? തീരെ ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്. അവനെ കാണാന്‍ തുടങ്ങിയിട്ട് പത്ത് പതിനൊന്നു വര്‍ഷമായില്ലേ എന്ന് ഞാന്‍ ചോദിച്ചാല്‍ ബോബനും മോളിയും ചോദിച്ച പോലെ അച്ഛനെ ഞാന്‍ ജനിച്ച മുതല്‍ കാണുന്നതല്ലേ എന്ന് തിരിച്ചു ചോദിക്കുന്നവനാണ്. 

രണ്ടു മൂന്നു ദിവസേ ആയിട്ടുള്ളൂ ഈ നേരത്തെ പോക്ക് പിടി കൂടിയിട്ട്. ചിലപ്പോ എന്‍റെ കൂടെ വരാന്‍ മടി കാണും. കൂട്ടുകാരുടെ കൂടെ ആവുമ്പോള്‍ കാട് കാട്ടി നടന്നു പോകാമല്ലോ. അവന്‍ മറ്റെവിടേയും പോകില്ല. ഞാന്‍ അവിടെ അവനെ അന്വേഷിച്ചില്ലെങ്കിലും അവന്‍ വന്നില്ലെങ്കില്‍ ഞാന്‍ അറിയും എന്നവന് അറിയാം. അതുകൊണ്ട് അവനവിടെ എത്തും.  എന്തെങ്കിലുമാവട്ടെ എന്ന് ഞാനും വിചാരിച്ചു. എന്തായാലും അങ്ങോട്ട്‌ പോകുന്നില്ല എന്ന് പറഞ്ഞില്ലല്ലോ. അതന്നെ ഭാഗ്യം.

ഒപ്പിട്ട് ഏണുമാഷുടെ മുറിയില്‍ നിന്ന് പുറത്തു കടന്നപ്പോള്‍ വെറുതെ അവന്‍റെ ക്ലാസ്സിലേക്ക് ഒന്ന് പാളി നോക്കി. ഉണ്ട് അവനവിടെ തന്നെ ഇരിപ്പുണ്ട്. മുമ്പില്‍ തന്നെ. ഒന്ന് വിയര്‍ത്തിട്ടുണ്ടോ. ഓ നടന്ന് വന്നതല്ലേ. ഞാന്‍ വെറുതെ ഓര്‍ത്തു. പഠിക്കാനിത്തിരി മടി ഉണ്ടെന്നതൊഴിച്ചാല്‍ മറ്റ് കുരുത്തക്കേടൊന്നും ഒപ്പിക്കില്ലെന്നു തോന്നുന്നു. പണ്ട് ഐസ് തിന്നാന്‍ രണ്ടു മൂന്നു പ്രാവശ്യം പൈസ എടുത്തത്‌ കണ്ടുപിടിച്ചപ്പോള്‍ കുറേ ശാസിച്ചിരുന്നു. അതിനു ശേഷം അങ്ങനെ ഒന്ന് ആവര്‍ത്തിച്ചിട്ടില്ല. എനിക്ക് അതുപോലുള്ള സാധനം കാണുന്നത് തന്നെ ചതുര്‍ഥിയാണ്. അതുകൊണ്ട് തന്നെ അതൊന്നും അവന് വാങ്ങിച്ചുകൊടുത്തിട്ടും ഇല്ല. ചിലപ്പോ അത് കൊണ്ടായിരിക്കും അങ്ങനെ ചെയ്തത് എന്ന് ഞാന്‍ സമാധാനിച്ചു.

അങ്ങനെ ഒരു ദിവസം കുറച്ച് നേരത്തെ എനിക്ക് പള്ളിക്കൂടത്തിലേക്ക് പോകേണ്ട ആവശ്യം ഉണ്ടായി. അവനെവിടെ എന്നന്വേഷിച്ചപ്പോള്‍ പോയി എന്ന ഉത്തരമാണ് മകളുടെ അടുത്തുനിന്നും കിട്ടിയത്. ഇത്ര നേരത്തെയോ എന്നാലോചിക്കാതിരുന്നില്ല. ഏണു മാഷുടെ മുറിയുടെ താക്കോല്‍ ഇന്നലെ എന്നെ ഏല്‍പ്പിച്ചിരുന്നു. അത് തുറന്ന് ഒപ്പിട്ടപ്പോഴാണ് പുറകില്‍ നിന്നും ഒരു ബഹളം കേട്ടത്. പിള്ളേരോ മറ്റോ ആയിരിക്കും എന്ന് വിചാരിച്ച് മുറി പൂട്ടി ഇറങ്ങിയപ്പോള്‍ വീണ്ടും ബഹളം കേട്ടു. എന്തായാലും ഒന്ന് നോക്കിക്കളയാം എന്ന് വിചാരിച്ച് പുറകിലേക്ക് നടന്നു. ആ ഇത്തിരി സ്ഥലത്ത് നാല്പേര്‍ കോട്ടികളിയില്‍ മുഴുകിയിരിക്കുകയായിരുന്നു. ആദ്യം അവരെന്നെ കണ്ടില്ല.

"എന്താടാ ഇവിടൊരു ബഹളം" എന്ന് ഞാന്‍ ചോദിക്കുകയും പുറകോട്ട് തിരിഞ്ഞ് കളിക്കുകയായിരുന്ന ഒരുത്തന്‍ ചാടി എഴുന്നേറ്റ് തിരിഞ്ഞതും ഒരുമിച്ചായിരുന്നു. ആ സമയത്തെ എന്‍റെ കോപം നിയന്ത്രിക്കാന്‍ എന്‍റെ കൈയ്യില്‍ ഒരു മാര്‍ഗ്ഗവും ഇല്ലായിരുന്നു. അന്നത്തെ ദിവസം മുഴുവന്‍ അവനെ എന്ത് ചെയ്യണമെന്നു  ഞാന്‍ ആലോചിക്കുകയായിരുന്നു എന്ന് തോന്നുന്നു.

---------------------------------------------- ശ്രീകാന്ത്‌ മണ്ണൂര്‍ 
---------------------------------------------- 01/07/2013.

1 അഭിപ്രായം: