2013 ഏപ്രിൽ 26, വെള്ളിയാഴ്‌ച

മലയാളത്തിനു കുറച്ചു പുതിയ വാക്കുകള്‍ - 2

 കുറച്ചു വാക്കുകള്‍ കൂടി. എത്ര മാത്രം കൃത്യത ഉണ്ടെന്നറിയില്ല. അഭിപ്രായം പറയുക.

College - കലാലയം
Institute (Verb) - നിയോഗിക്കുക എന്നര്‍ത്ഥം ഉണ്ട്
Institute (Education) - നിയോഗാലയം
Establishment - സ്ഥാപനം
Established - എല്ലാവരും അംഗീകരിച്ച
Recognized -  അംഗീകൃതം
Training Center - പരിശീലന കേന്ദ്രം
Training Institute - പരിശീലന നിയോഗാലയം
Official - ഔദ്യോഗികം
Career - തൊഴില്‍ജീവിതം
Guide - വഴികാട്ടി, മാര്‍ഗ്ഗദര്‍ശി
Guidance - വഴികാട്ടല്‍
Career Guidance - തൊഴില്‍ജീവിത വഴികാട്ടല്‍
Society - സമാജം, സമൂഹം
NSS (National Service Society) - ദേശീയ സേവന സമാജം
NSS (Nair Service Society) - നായര്‍ സേവന സമാജം
NCC (National Cadet Corps) -  ദേശീയ വിദ്യാര്‍ത്ഥി സൈന്യം
Library - ഗ്രന്ഥാലയം, പുസ്തകാലയം
Book Stall - ഗ്രന്ഥശാല, പുസ്തകശാല (വില്‍പ്പനശാല എന്ന അര്‍ത്ഥത്തില്‍)
Department - വിഭാഗം, വകുപ്പ്
Ministry - മന്ത്രാലയം
School - വിദ്യാലയം, പള്ളിക്കൂടം
Class - തരം, യോഗ്യതാസ്ഥാനം
First Class - ഒന്നാംയോഗ്യതാസ്ഥാനം
Distinction - ഉയര്‍യോഗ്യതാസ്ഥാനം
Honors - ഉപരിയോഗ്യതാസ്ഥാനം
Secondary - മധ്യമം
Higher Secondary - ഉയര്‍മധ്യമം
Upper Primary Class - ഉയര്‍പ്രാഥമികതരം
Lower Primary Class - താഴ്പ്രാഥമികതരം
Upper Primary School - ഉയര്‍പ്രാഥമികവിദ്യാലയം
Lower Primary School - താഴ്പ്രാഥമികവിദ്യാലയം 
Certificate - യോഗ്യതാപത്രം
SSLC - മധ്യമ വിദ്യാലയ യോഗ്യതാപത്രം
HSC - ഉയര്‍മധ്യമ യോഗ്യതാപത്രം
Seminar - ചര്‍ച്ചായോഗം
International Seminar - അന്താരാഷ്ട്രചര്‍ച്ചായോഗം
National Seminar - ദേശീയചര്‍ച്ചായോഗം 
Workshop - ശില്‍പ്പശാല
International Workshop - അന്താരാഷ്ട്രശില്‍പ്പശാല
National Workshop - ദേശീയശില്‍പ്പശാല 
Camp - ശിബിരം, താവളം
Conference - ചര്‍ച്ചാസമ്മേളനം
International Conference - അന്താരാഷ്ട്രചര്‍ച്ചാസമ്മേളനം
National Conference - ദേശീയചര്‍ച്ചാസമ്മേളനം
News Paper - ദിനപ്പത്രം, പത്രം
Journal - പത്രിക
International Journal - അന്താരാഷ്ട്രപത്രിക
National Journal - ദേശീയപത്രിക
Magazine - കാലഘട്ടപത്രിക
Periodical - ആനുകാലികം
Magazine (Monthly) - മാസിക
Magazine (Weekly) - വാരിക
Magazine (Fortnightly) - ദ്വൈവാരിക
Magazine (In Two Months) - ദ്വൈമാസിക
Magazine (In Three Months) -  ത്രൈമാസിക
Engineering - നിര്‍മ്മാണവൈദഗ്ദ്ധ്യം
Technology - സാങ്കേതികവിദ്യ, പ്രയുക്തശാസ്ത്രം
Science - ശാസ്ത്രവിജ്ഞാനം, ശാസ്ത്രം
Production - ആവിഷ്ക്കരണം
Production Engineering - ആവിഷ്ക്കരണനിര്‍മ്മാണവൈദഗ്ദ്ധ്യം
Production Technology -
ആവിഷ്ക്കരണപ്രയുക്തശാസ്ത്രം
Manufacturing - ഉല്‍പ്പന്നനിര്‍മ്മാണം, ഉല്‍പ്പാദനം
Manufacturing Engineering - ഉല്‍പ്പന്നനിര്‍മ്മാണവൈദഗ്ദ്ധ്യം
Manufacturing Technology -
ഉല്‍പ്പാദനപ്രയുക്തശാസ്ത്രം
Information Technology - വിവരസാങ്കേതികവിദ്യ, വിവരപ്രയുക്തശാസ്ത്രം
Mechanical Engineering - യന്ത്ര നിര്‍മ്മാണവൈദഗ്ദ്ധ്യം
Civil Engineering - കെട്ടിട നിര്‍മ്മാണവൈദഗ്ദ്ധ്യം
Computer Science And Engineering - വിവരയന്ത്രശാസ്ത്ര- നിര്‍മ്മാണവൈദഗ്ദ്ധ്യം
Electrical & Electronics Engineering - വൈദ്യുത- അനുവൈദ്യുത നിര്‍മ്മാണവൈദഗ്ദ്ധ്യം
Electronics & Communication Engineering -  അനുവൈദ്യുത- വാര്‍ത്താവിനിമയ നിര്‍മ്മാണവൈദഗ്ദ്ധ്യം
(അനുബന്ധ വൈദ്യുത എന്ന അര്‍ത്ഥത്തിലാണ് അനുവൈദ്യുത എന്ന് ഉപയോഗിച്ചത്)
Instrumentation Engineering - ഉപകരണ നിര്‍മ്മാണവൈദഗ്ദ്ധ്യം
Applied Electronics and Instrumentation - പ്രായോഗിക അനുവൈദ്യുത-ഉപകരണ നിര്‍മ്മാണം 
 Electronics and Instrumentation Engineering - അനുവൈദ്യുത-ഉപകരണ നിര്‍മ്മാണവൈദഗ്ദ്ധ്യം
IIT - ഭാരതീയ സാങ്കേതികവിദ്യാ നിയോഗാലയം,
ഭാരതീയ പ്രയുക്തശാസ്ത്ര നിയോഗാലയം
IISc - ഭാരതീയ ശാസ്ത്ര നിയോഗാലയം
IIIT - ഭാരതീയ വിവരസാങ്കേതികവിദ്യാ  നിയോഗാലയം,
ഭാരതീയ വിവരപ്രയുക്തശാസ്ത്ര നിയോഗാലയം
IIST - ഭാരതീയ ശൂന്യാകാശശാസ്ത്ര-സാങ്കേതികവിദ്യാ നിയോഗാലയം,
ഭാരതീയ ശൂന്യാകാശശാസ്ത്ര-പ്രയുക്തശാസ്ത്ര നിയോഗാലയം
Design - രൂപരേഖ
Draft - ആലേഖ്യം
Prototype - ആദിമാതൃക
Model - മാതൃക
CAD (Computer Aided Design) - വിവരയന്ത്ര സഹായ രൂപരേഖ
CADD (Computer Aided Design & Drafting) - വിവരയന്ത്ര സഹായ രൂപരേഖയും ആലേഖ്യവും
CAM (Computer Aided Manufacturing) - വിവരയന്ത്ര സഹായ ഉല്‍പ്പന്നനിര്‍മ്മാണം
CAE (Computer Aided Engineering) - വിവരയന്ത്ര സഹായ നിര്‍മ്മാണവൈദഗ്ദ്ധ്യം 

-------------------- ശ്രീകാന്ത്‌ മണ്ണൂര്‍ 
--------------------   26/04/2013

 
           

2013 ഏപ്രിൽ 22, തിങ്കളാഴ്‌ച

മലയാളത്തിന് കുറച്ചു പുതിയ വാക്കുകള്‍ - 1


ഇവിടെ കൊടുക്കുന്ന വാക്കുകള്‍ എല്ലാം എന്‍റെ സ്വന്തം സൃഷ്ടി അല്ല. പക്ഷെ നമ്മള്‍ ഉപയോഗിക്കാതെ മറന്നു തുടങ്ങിയ വാക്കുകള്‍ ചിലതും ഞാന്‍ ഇവിടെ കുറിക്കുന്നു. അഭിപ്രായങ്ങള്‍ എഴുതണം - എന്തെങ്കിലും മാറ്റം വേണമെങ്കില്‍ അല്ലെങ്കില്‍ തെറ്റ് വല്ലതും ഉണ്ടെങ്കില്‍ അല്ലെങ്കില്‍ നന്നായിട്ടുണ്ടെങ്കില്‍......

Governor - സംസ്ഥാനപതി
Chief Secretary - മുഖ്യകാര്യദര്‍ശി
Police -  നിയമപാലകന്‍
DGP - നിയമപാലപൊതുസംവിധായകന്‍
ADGP - ഉപനിയമപാലപൊതുസംവിധായകന്‍
Inspector - പരിശോധനാധികാരി
Inspector of Police - നിയമപാലകപരിശോധനാധികാരി 
IGP - പൊതുനിയമപാലകപരിശോധനാധികാരി
DIG -  ഉപപൊതുനിയമപാലകപരിശോധനാധികാരി
DSP - ജില്ലാനിയമപാലകാധികാരി
SP - നിയമപാലകാധികാരി
DySP - ഉപനിയമപാലകാധികാരി
CI - സ്ഥലനിയമപാലകപരിശോധനാധികാരി
SI - ഉപനിയമപാലകപരിശോധനാധികാരി
Senior Civil Police Officer - ഉയര്‍ആഭ്യന്തരനിയമപാലകമേലധികാരി
Civil Police Officer - ആഭ്യന്തരനിയമപാലകമേലധികാരി 
Supreme Court (SC) - പരമോന്നതകോടതി, പരമോന്നതനീതിപീഠം
High Court (HC) - ഉന്നതകോടതി, ഉന്നതനീതിപീഠം
District Court - ജില്ലാക്കോടതി, ജില്ലാനീതിപീഠം
Sessions Court - പ്രത്യേകജില്ലാക്കോടതി, പ്രത്യേകജില്ലാനീതിപീഠം
Special Court -  പ്രത്യേകകോടതി പ്രത്യേകനീതിപീഠം
Judge - ന്യായാധിപന്‍
Justice - നീതി, ന്യായം 
Chief Justice (SC) - പരമോന്നതന്യായാധിപന്‍
SC Judge - പരമോന്നതനീതിപീന്യായാധിപന്‍
Chief Justice (HC) - ഉന്നതന്യായാധിപന്‍
HC Judge -  ഉന്നതനീതിപീഠന്യായാധിപന്‍
District Judge - ജില്ലാന്യായാധിപന്‍
Sessions Court Judge - പ്രത്യേകജില്ലാനീതിപീഠന്യായാധിപന്‍   
Chancellor - സര്‍വ്വകലാശാമുഖ്യാധികാരി
Pro Chancellor - സര്‍വ്വകലാശാലാധികാരി
Vice Chancellor - സര്‍വ്വകലാശാലഉപാധികാരി
Pro Vice Chancellor -  സര്‍വ്വകലാശാലസഹാധികാരി
Registrar - നിബന്ധകന്‍
Controller of Examination -  പരീക്ഷാനിയന്ത്രന്‍
Chairman - രക്ഷാധികാരി
Vice Chairman - ഉപരക്ഷാധികാരി
Working Chairman -  പ്രവൃത്തിരക്ഷാധികാരി
Secretary - കാര്യദര്‍ശി
Joint Secretary - ഉപകാര്യദര്‍ശി
General Secretary - പൊതുകാര്യദര്‍ശി
President - അദ്ധ്യക്ഷന്‍
Vice President - ഉപാദ്ധ്യക്ഷന്‍
Manager - നിര്‍വ്വാഹകന്‍
Management - നിര്‍വ്വാഹണം
Assistant Manager - ഉപനിര്‍വ്വാഹകന്‍
Area Manager - സ്ഥലനിര്‍വ്വാഹകന്‍
General Manager - പൊതുനിര്‍വ്വാഹകന്‍
Finance Manager - സാമ്പത്തിക അല്ലെങ്കില്‍ ധനകാര്യ നിര്‍വ്വാഹകന്‍
HR Manager - മാനവശേഷി നിര്‍വ്വാഹകന്‍
Marketing Manager - വാണിജ്യനിര്‍വ്വാഹകന്‍
Sales Manager -  വില്‍പ്പനനിര്‍വ്വാഹകന്‍
Purchase Manager - വാങ്ങല്‍നിര്‍വ്വാഹകന്‍
Director - സംവിധായകന്‍
Assistant Director - സഹസംവിധായകന്‍
Associate Director -  ഉപസംവിധായകന്‍
Managing Director -  നിര്‍വ്വാഹണസംവിധായകന്‍
Treasurer - ഖജാന്‍ജി
Superintendent - അധികാരി
Office Superintendent - കാര്യാലയാധികാരി, ആപ്പീസധികാരി
Officer - മേലധികാരി
PRO - ജനസമ്പര്‍ക്കമേലധികാരി
Clerk - എഴുത്തധികാരി
Accountant -കണക്കധികാരി
coordination - ഏകോപനം
Coordinator - എകോപനാധികാരി
Driver - ഓടിപ്പാളര്‍
Conductor - നടത്തിപ്പാളര്‍
Management Committee - നിര്‍വ്വാഹണ സമിതി
Administrative Committee - ഭരണസമിതി
Academic Committee - അദ്ധ്യായന സമിതി
Meeting - യോഗം, സഭ, സമ്മേളനം
IAS - ഭാരതീയ ഭരണ സേവനം
IPS - ഭാരതീയ നിയമപാലന സേവനം
IFS - ഭാരതീയ വിദേശ സേവനം, ഭാരതീയ വന സേവനം
IES - ഭാരതീയ നിര്‍മ്മാണവൈദഗ്ദ്ധ്യസേവനം
Revenue Minister - വരുമാനകാര്യമന്ത്രി
Principal - കലാലയാധികാരി
Vice Principal - ഉപകലാലയാധികാരി
HOD -  വകുപ്പ്തലവന്‍
Program Head - പദ്ധതിത്തലവന്‍
Program Coordinator - പദ്ധതിഎകോപനാധികാരി
Team Leader - സംഘത്തലവന്‍, ഗണത്തലവന്‍ 
Dean - മുഖ്യാചാര്യന്‍
Professor - ആചാര്യന്‍
Visiting Professor - സന്ദര്‍ശനാചാര്യന്‍
Assistant Professor - സഹാചാര്യന്‍
Associate Professor - ഉപാചാര്യന്‍ 
Reader (Universities & Colleges) -  മുഖ്യതുണാചാര്യന്‍
Lecturer -  തുണാചാര്യന്‍
Guest Lecturer, Ad-Hoc Lecturer - അതിഥിതുണാചാര്യന്‍
Senior -  ഉയര്‍
preview - തിരനോട്ടം
update -  പരിഷ്ക്കരണം, പരിഷ്ക്കരിക്കുക
Review - അവലോകനം
Post - പ്രസിദ്ധീകരിക്കുക
Edit - സംശോധനം, സംശോധിക്കുക
Combination - കൂട്ടുകെട്ട്
Draft - കുറിപ്പ്
File - പ്രമാണം
Upload - വരിഏറ്റം
Download - വരിഇറക്കം
Post Master - തപാലധികാരി
Postman - തപാല്‍ക്കാരന്‍
Post Woman - തപാല്‍ക്കാരി
Post - തപാല്‍, പ്രസിദ്ധീകരിക്കുക
Publish - പ്രസിദ്ധീകരിക്കുക
System - വസ്തുസഞ്ചയം
Computer - വിവരയന്ത്രം
Laptop -  മടിവിവരയന്ത്രം
Compact Disc - സാന്ദ്രചക്രം (കോമ്പാക്റ്റ് എന്നതിന് സാന്ദ്രം എന്നൊരര്‍ത്ഥം ഉണ്ട്)
Calculator - ഗണിനി 
Land Phone or Phone - ദൂരസംസാരി
Mobile Phone - ചലനദൂരസംസാരി
Smart Phone - ബുദ്ധിദൂരസംസാരി 
TV - വിദൂരദര്‍ശി
Radio - വിദൂരശ്രാവി
Telescope - ദൂരദര്‍ശിനി
binoculars - ഇരട്ടദൂരദര്‍ശിനി
Video Camera - ചലനഗ്രാഹി
Still Camera -  ഛായാഗ്രാഹി 
Data - പദസമുച്ഛയം, സ്ഥിതിവിവരം
Data Transfer - പദസമുച്ഛയകൈമാറ്റം 
Transfer - സ്ഥലംമാറ്റം, കൈമാറ്റം (സാഹചര്യത്തിനനുസരിച്ച്) 
Internet - വിവരബന്ധനവല
Intranet - അകവിവരബന്ധനവല
Website - വിവരബന്ധനദളം
Blog - വിവരബന്ധനപ്രസിദ്ധീകരണദളം
Browsing, Surfing etc - വിവരബന്ധനദളയാത്ര
Chat - സല്ലാപം, Chatting - സല്ലപിക്കുക
Roaming - പുറസഞ്ചാരം
      
ഛായാഗ്രാഹണം (Cinematography) എല്ലാവരും ഛായാഗ്രഹണം എന്ന് മാത്രമേ ഉപയോഗിച്ച് കണ്ടിട്ടുള്ളൂ. എനിക്ക് തോന്നുന്നത് ഗ്രാഹണം ആണ് ശരി എന്നാണ്.

 
ബാക്കി  അടുത്തതില്‍. ഇപ്പോ ഇത്രയേ ഓര്‍മ്മ വരുന്നുള്ളൂ.

-------------- ശ്രീകാന്ത്‌ മണ്ണൂര്‍
------------- 22/04/2013

2013 ഏപ്രിൽ 19, വെള്ളിയാഴ്‌ച

രണ്ടു തീവണ്ടിക്കഥകള്‍


ത്രയോദശി

പോത്തന്നൂര്‍, കോയമ്പത്തൂരിന് അടുത്തുള്ള ഒരു സ്ഥലമാണ്. ചെന്നൈയില്‍ നിന്നും മംഗലാപുരത്തേക്ക് പോകുന്ന രണ്ടു തീവണ്ടികള്‍ കോയമ്പത്തൂര്‍ നിലയം കാണാറില്ല. അത് പോത്തന്നൂര്‍ വഴിയാണ് പോകാറുള്ളത്. അതാണ്‌ ഞാന്‍ ഇന്നിവിടെ എത്താന്‍ കാരണം. പത്തുമണിയായപ്പോള്‍ തന്നെ ഞാന്‍ തീവണ്ടിനിലയത്തില്‍ എത്തി. പന്ത്രണ്ടരയ്ക്കാണ് എന്‍റെ വണ്ടിയുടെ സമയം. രണ്ടരമണിക്കൂര്‍ സമയം കളയാനുണ്ട്. കാത്തിരിപ്പ്‌ കേന്ദ്രത്തിലെ ഇരിപ്പ് മടുപ്പുളവാക്കുന്നതായിരുന്നു. കൊതുകുകടി അസഹ്യം. പങ്കയുടെ ചോട്ടിലാണ് ഇരിക്കുന്നതെങ്കിലും കൊതുകിനതൊന്നും പ്രശ്നമല്ല എന്ന ഭാവത്തില്‍ വേണ്ട രീതിയില്‍ കടിക്കുന്നുണ്ട്. കണ്ണൂരില്‍ ഇതിന്‍റെ എണ്ണം കുറവാണോ എന്ന് ഞാന്‍ ആലോചിച്ചു. അവിടെ ഇരിക്കുമ്പോള്‍ ഇത്ര അധികം കൊതുകുകളെ കണ്ടിട്ടില്ല. ചിലപ്പോ തോന്നലാവാം.

അങ്ങനെ എന്ത് ചെയ്യും എന്നറിയാതെ ഇരിക്കുമ്പോഴാണ് എതിര്‍വശത്ത് ഇരിക്കുന്ന കുടുംബത്തെ ശ്രദ്ധിച്ചത്. ഭാര്യയും ഭര്‍ത്താവും ഒരു മകളും. "അവരെവിടെ അമ്മേ" എന്നും "അവരെന്താ വരാത്തെ" എന്നും മറ്റുമുള്ള ആ കുട്ടിയുടെ ചോദ്യങ്ങളാണ് എന്‍റെ ശ്രദ്ധ ആകര്‍ഷിച്ചത്. ഒരു ആറേഴു വയസ്സ് കാണും ആ പെണ്‍കുട്ടിക്ക്. ആരെങ്കിലും അവരുടെ കൂടെ യാത്ര ചെയ്യാനുണ്ടാവും. അവര്‍ വൈകുന്നതിന്‍റെ അസ്വസ്ഥതയാവും ആ കുട്ടി കാണിച്ചത്. 

ആരാവും ആ വരാനുള്ളവര്‍? എന്തിനാ ഈ കുട്ടി ഇത്ര ആകാംഷ കാട്ടുന്നത്? ചിലപ്പോ ഇതേ പ്രായത്തിലുള്ള ഒരു കുട്ടി അവരുടെ കൂടെ വരാനുണ്ടാവും. അതായിരിക്കാം ഇങ്ങനെ ഇടയ്ക്കിടെ ചോദ്യങ്ങള്‍ ചോദിച്ചു അമ്മയെ ശല്യപ്പെടുത്തുന്നത്. എന്തായാലും ആലോചിക്കാന്‍ ഒരു വിഷയം കിട്ടിയതില്‍ ഞാന്‍ സന്തോഷിച്ചു. കുട്ടിയുടെ അച്ഛന്‍റെ സുഹൃത്തും കുടുംബവും ആവാം അത്. അല്ലെങ്കില്‍ അമ്മയുടെ. ഒരുമിച്ചൊരു അവധി ആഘോഷത്തിനു പോകുന്നതായിരിക്കാം. ഇവരെന്താ വൈകുന്നത്? ഞാനും അസ്വസ്ഥനായി. 

അങ്ങനെ കുറച്ചു നേരം ഉറങ്ങിപ്പോയെന്നു തോന്നുന്നു. കഷ്ടപ്പെട്ട് കണ്ണ് തുറന്നപ്പോള്‍ അവരെത്തിയോ എന്നാണ് ഞാന്‍ ആദ്യം നോക്കിയത്. നോക്കിയപ്പോള്‍ മുന്നില്‍ നേരത്തെ കണ്ട കുട്ടിയെപ്പോലെ ഉള്ള രണ്ടു പേരും കൂടി ഉള്ളതായി തോന്നി. ഉറക്കപ്പിച്ചായിരിക്കും എന്ന് വിചാരിച്ച് കണ്ണൊന്നു തിരുമ്മി രണ്ടു മൂന്നു പ്രാവശ്യം അടച്ചുതുറന്നു. പക്ഷെ സംഭവം അത് തന്നെ. മൂന്നുപേര്‍ തന്നെ. ഞാന്‍ വല്ലാതെ അന്ധാളിച്ചു. എന്‍റെ ഊഹങ്ങളെല്ലാം തെറ്റിയല്ലോ എന്നൊരു നിരാശ മനസ്സിലുണ്ടായിരുന്നു. പിന്നെ അത് കൗതുകത്തിനു വഴി മാറി. ഒരേപോലെ മൂന്ന് പേര്‍. ഒരേ പ്രായം. ഒരേ നിറം. ഒരേ ഉയരം. അപ്പോഴാണ്‌ കൂടെയുള്ള രണ്ടു വയസ്സായ ആള്‍ക്കാരെ ശ്രദ്ധിച്ചത്. നേരത്തെ ഉണ്ടായിരുന്ന ആളിന്‍റെ അച്ഛനും അമ്മയും ആണവര്‍. അപ്പോ മുത്തച്ഛനും മുത്തശ്ശിയും മറ്റ് രണ്ടു പേരെ എങ്ങോട്ടെങ്കിലും കൊണ്ടുപോയതായിരുന്നിരിക്കണം. എന്തായാലും ആരോ പറഞ്ഞ പോലെ ഒരേ ഞെട്ടില്‍ വിടര്‍ന്ന മൂന്നുപൂക്കളെ കണ്ട സന്തോഷം ഞാന്‍ ആസ്വദിച്ചു.

ശല്യം   

 അങ്ങനെ തീവണ്ടി വന്നു. തീവണ്ടി മുറിയില്‍ ഞാന്‍ എനിക്ക് നീക്കി വച്ച എന്‍റെ സ്ഥലത്തേക്ക് നീങ്ങി. ഒരു ഹിന്ദിക്കാരന്‍ എന്‍റെ സ്ഥലത്ത് കിടക്കുന്നുണ്ടായിരുന്നു. ഞാന്‍ പലപ്രാവശ്യം വിളിച്ചിട്ടും എഴുന്നേല്‍ക്കുന്നില്ല. എനിക്ക് നല്ല ദേഷ്യം വന്നു. സമയം പന്ത്രണ്ടര കഴിഞ്ഞത് കൊണ്ടും ഉറക്കം വല്ലാതെ അലട്ടുന്നത് കൊണ്ടും ഞാന്‍ അയാളെ വീണ്ടും വീണ്ടും വിളിച്ചു. ഹിന്ദിയില്‍ അദ്ദേഹത്തോട് അവിടുന്ന് മാറാനും അത് എന്‍റെ സ്ഥലമാണെന്നും ഞാന്‍ പറഞ്ഞു. എന്‍റെ ഹിന്ദി മനസ്സിലായോ എന്തോ? എന്തായാലും ഒരു വിധം അദ്ദേഹത്തെ താഴെ ഇറക്കി ഞാന്‍ മേലെ എത്തി. അവിടെ ഉള്ള മറ്റുള്ളവര്‍ എല്ലാം തമിഴന്മാര്‍ ആണെന്ന് തോന്നുന്നു. 

ഞാന്‍  കിടന്നു കുറച്ചു കഴിഞ്ഞപ്പോള്‍ മലയാളത്തിലും തമിഴിലും ആരൊക്കെയോ എന്തൊക്കെയോ സംസാരിക്കുന്നത് കേട്ടു. ഞാന്‍ വിചാരിച്ചു വല്ല മോഷണവും ആണോ? നോക്കിയപ്പോള്‍ എന്‍റെ എതിര്‍ വശത്തുള്ള സ്ഥലത്തേക്ക് ഒരാള്‍ കഷ്ടപ്പെട്ട് കേറാന്‍ ശ്രമിക്കുന്നതാണ്. മറ്റുള്ളവര്‍ അയാളെ താഴെ ഇറക്കാന്‍ ശ്രമിക്കുകയും. എല്ലാരും പരസ്പരം ആക്രോശിക്കുന്നുമുണ്ട്. കേറാന്‍ ശ്രമിക്കുന്ന ആള്‍ നന്നായി മദ്യപിച്ചിട്ടുണ്ടെന്നു മനസ്സിലായി. അയാള്‍ ഞാന്‍ കണ്ണൂരുകാരനാണെന്ന് ഇടയ്ക്കിടയ്ക്ക് പറയുന്നമുണ്ട്. ആ സ്ഥലം അയാളുടേതല്ലെന്നും മനസ്സിലായി.

എന്താ  കണ്ണൂരുകാര്‍ക്കെന്താ കൊമ്പുണ്ടോ? ശല്യം, കണ്ണൂരുകാരുടെ വില കളയാന്‍ എന്നാണ് ഞാന്‍ ആലോചിച്ചത്. ഞാനും കണ്ണൂരുകാരനാണെന്ന് എനിക്കവരോടൊക്കെ വിളിച്ചു പറയണം എന്ന് തോന്നി. ഈ പാതിരാത്രിക്ക് ഇയാളെന്തിനാണ് മൂക്കറ്റം കുടിച്ച് ഇതിന്‍റെ ഉള്ളിലേക്ക് കയറിയത്. ലൈഫ് എന്‍ജോയ് ചെയ്യണം എന്നൊക്കെ അയാള്‍ അവരോടു മുറി മലയാളത്തിലും മുറി ഇംഗ്ലീഷിലും മുറി തമിഴിലും ഒക്കെ പറയുന്നുണ്ട്. അല്ലെങ്കിലും ചിലര്‍ക്ക് വെള്ളടിച്ചാലും കഞ്ചാവ് വലിച്ചാലും ഇംഗ്ലീഷ് കൂടുതല്‍ വരും. തിളക്കം എന്ന പടത്തില്‍ സലിംകുമാര്‍ ഇംഗ്ലീഷ് പറയുന്നത് പോലെ. എന്‍റെ നാട്ടില്‍ ഒരാളുണ്ടായിരുന്നു. അദ്ദേഹത്തിന് കള്ള് കുടിച്ചാല്‍ പിന്നെ നല്ല ഭക്തിഗാനങ്ങളെ നാവില്‍ വരൂ.

അങ്ങനെ  അവരൊക്കെ കൂടി അയാളെ അവിടുന്ന് ഒരുവിധം ഓടിച്ചെന്ന് തോന്നുന്നു. എന്തോ അതിനു ശേഷം അയാളായിരുന്നു എന്‍റെ മനസ്സില്‍ നിറയെ . എന്തിനാവും അയാള്‍ ഈ വിഷുക്കാലത്ത് ഈ വിധം തീവണ്ടിയില്‍ കയറിയത്? അയാള്‍ കല്യാണം കഴിച്ചതായിരിക്കുമോ? അല്ലെങ്കില്‍ മറ്റു വല്ല പ്രശ്നവും കാണുമോ? അല്ലെങ്കില്‍ മറ്റുള്ളവര്‍ക്കൊരു പ്രശ്നമാവുന്നതാണോ അയാള്‍ക്കിഷ്ടം? ആര്‍ക്കറിയാം. ഇതിനൊന്നും ഉത്തരം കിട്ടാതെ തന്നെ ഞാന്‍ കണ്ണൂരില്‍ തീവണ്ടി ഇറങ്ങി. എന്‍റെ കണ്ണുകള്‍ അയാളെ തേടി. പക്ഷെ എങ്ങും കണ്ടില്ല. കണ്ണൂര്‍ എത്തിയതറിയാതെ തീവണ്ടിക്കുള്ളില്‍ എവിടെയെങ്കിലും വീണുകിടക്കുന്നുണ്ടാവുമോ? തീവണ്ടി ആരെയും കാത്തുനില്‍ക്കാതെ മംഗലാപുരം നോക്കി വീണ്ടും ചലിച്ചുതുടങ്ങി. ഞാന്‍ ഒന്നും ചെയ്യാനില്ലാതെ അതും നോക്കി നിന്നു.


---------------------------------------------ശ്രീകാന്ത്‌ മണ്ണൂര്‍
---------------------------------------------19/04/2013

2013 മാർച്ച് 26, ചൊവ്വാഴ്ച

നാല് ഗന്ധര്‍വ്വന്മാര്‍

ആയിരത്തി തൊള്ളായിരത്തി ഇരുപതുകളുടെ തുടക്കം. ഈ സംഭവത്തിന്‍റെ ആദ്യ ഭാഗം നടക്കുന്നത് കേരളത്തിലോ ഭാരതത്തിലോ ഒന്നും അല്ല. പിന്നെ? അങ്ങ് ദൂരെ മേഘമാലകല്‍ക്കപ്പുറം ഗന്ധര്‍വ്വലോകത്തിലാണ്. ഇതിലെ നായകന്മാരോ നാല് ഗന്ധര്‍വ്വന്മാരും. പൊതുവേ ഗന്ധര്‍വ്വന്മാര്‍ ഗായകന്മാരാണ്. പക്ഷേ  ഇവര്‍ക്ക് ഓരോരുത്തര്‍ക്കും ഓരോ കാര്യത്തിലാണ് താല്‍പര്യം. ഒരാള്‍ക്ക്‌ പാടാന്‍ തന്നെയാണ് ഇഷ്ടം. മറ്റൊരാള്‍ക്ക് സംഗീതം സൃഷ്ടിക്കലാണ് പഥ്യം. മൂന്നാമന് കഥ പറയാനും, നാലാമനാകട്ടെ ആ കഥാപാത്രങ്ങളായി അഭിനയിക്കാനും. ഇവര്‍ നാല് പേരും ഇണപിരിയാത്ത സുഹൃത്തുക്കളും.

അങ്ങനെയിരിക്കെ ഒരു നാള്‍ ഭാര്‍ഗ്ഗവരാമന്‍ പരശുവുമേന്തി ഗന്ധര്‍വ്വലോകം വഴി വരാന്‍ ഇടയായി. അദ്ദേഹം ഉദ്യാനത്തിലേക്ക് പ്രവേശിച്ചപ്പോള്‍ നമ്മുടെ കഥാനായകന്മാര്‍ അവര്‍ക്കിഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. എല്ലാ പുരാണങ്ങളിലും നടക്കാറുള്ള പോലെ അവര്‍ പരശുരാമനെ തീരെ ശ്രദ്ധിച്ചില്ല. സ്വാഭാവികമായും മുനിക്ക് കോപം വന്നു. അദ്ദേഹം നാല്‍വര്‍ സംഘത്തെ ശപിച്ചു.

ശാപം എന്താണെന്ന് അറിയേണ്ടേ? മനുഷ്യരായി ഭൂമിയില്‍ പിറക്കട്ടെ എന്ന്. ആ സമയം ഗന്ധര്‍വ്വന്മാര്‍ക്ക് തിരിച്ചറിവുണ്ടായി. അവര്‍ ശാപമോക്ഷത്തിനു യാചിച്ചു. മാമുനിയുടെ മനസ്സലിഞ്ഞു. അദ്ദേഹം ഒരു പരിഹാരം നിര്‍ദ്ദേശിച്ചു. എനിക്കെന്‍റെ ശാപം തിരിച്ചെടുക്കാന്‍ പറ്റില്ല. അതുകൊണ്ട് നിങ്ങള്‍ക്ക് ഞാന്‍ ശാപമോക്ഷം തരാം. നിങ്ങള്‍, എന്‍റെ ശാപം തീരാന്‍ വേണ്ടി ഞാന്‍ സൃഷ്ടിച്ച കേരളത്തില്‍ പിറക്കും. അവിടെ നിങ്ങള്‍ക്ക് ഇപ്പോള്‍ ഇവിടെ ചെയ്ത കാര്യങ്ങള്‍ തന്നെ ചെയ്യാം. നിങ്ങളുടെ കാലത്ത് കേരളം ദൈവത്തിന്‍റെ സ്വന്തം നാടെന്ന് അറിയപ്പെടും. പക്ഷേ അക്കാലത്ത് അവിടുത്തെ ആള്‍ക്കാര്‍ ചെകുത്താന്‍റെ സ്വന്തം ജനങ്ങളായി മാറുന്ന ഒരു വിരോധാഭാസം സൃഷ്ടിക്കപ്പെടും. നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം, നിങ്ങളുടെ കലാപരമായ കഴിവ് കൊണ്ട് അവരെ രസിപ്പിക്കുക, അവരുടെ മനസ്സ് ആര്‍ദ്രമാക്കുക, കുറച്ചു സമയമോ കുറച്ചു പേരേയോ അവരുടെ തിന്മയില്‍ നിന്നകറ്റി നിര്‍ത്തുക. സമയമാകുമ്പോള്‍ നിങ്ങള്‍ക്ക് ഓരോരുത്തരായി ഇവിടെ ഗന്ധര്‍വ്വലോകത്ത് തിരിച്ചെത്തും. നിങ്ങള്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. അങ്ങനെ പറഞ്ഞ് മുനി അവിടുന്ന് അപ്രത്യക്ഷനായി.

ഇവിടെ കഥയുടെ രണ്ടാം ഭാഗം തുടങ്ങുന്നു. അത് തുടരുകയും ചെയ്യുന്നു. അങ്ങനെ മുനിയുടെ വാക്കുകളാല്‍ സന്തോഷിച്ചു കേരളം എന്ന കൊച്ചു സ്ഥലത്ത് മനുഷ്യരായി അവര്‍ പിറന്നു. അതാരൊക്കെയാണെന്ന് അറിയേണ്ടേ? വേറെ ആരും അല്ല - ഗാനഗന്ധര്‍വ്വന്‍ യേശുദാസ്‌, ഗന്ധര്‍വ ഗാനങ്ങളുടെ സ്രഷ്ടാവ് രവീന്ദ്രന്‍മാഷ്‌, കഥപറച്ചിലുകാരുടെ ഇടയിലെ ഗന്ധര്‍വ്വന്‍ പദ്മരാജന്‍, അഭിനയകലയുടെ ഗന്ധര്‍വ്വന്‍ മോഹന്‍ലാല്‍. അങ്ങനെ അവര്‍ പരശുരാമന്‍ പറഞ്ഞപോലെ ആളുകളെ രസിപ്പിക്കുന്ന ദൗത്യം ഏറ്റെടുത്തു. അതില്‍ രണ്ടു പേര്‍ ആ ജോലി ഇപ്പോഴും തുടരുന്നു. കാരണം അവര്‍ക്ക് ഇനിയും ശാപമോക്ഷം കിട്ടിയിട്ടില്ല. മറ്റു രണ്ടു പേര്‍ കേരളീയരെ ഒറ്റയ്ക്കാക്കി ഗന്ധര്‍വലോകത്തേക്ക് മടങ്ങിയിരിക്കുന്നു.




------------------------------------------------------------------ ശ്രീകാന്ത്‌ മണ്ണൂര്‍
------------------------------------------------------------------ 26/03/2013